ചിലപ്പോൾ തോന്നും അദ്ദേഹം വിളിക്കുന്നുണ്ടെന്ന്, ഞാൻ വിളി കേൾക്കും: ആലീസ് പറയുന്നു

Mail This Article
‘‘ഇരിങ്ങാലക്കുടയിലുള്ള എല്ലാ ദിവസവും വൈകുന്നേരം ഞങ്ങൾ സെന്റ് തോമസ് പള്ളിയിലെ ഇന്നസന്റിന്റെ കല്ലറയിൽ പോകും. കല്ലറ കഴുകി വൃത്തിയാക്കും. പുതിയ പൂക്കൾ വയ്ക്കും. പ്രാർഥിക്കും. ഓരോ ദിവസത്തെയും ഞങ്ങളുടെ വിശേഷങ്ങളും ആവശ്യങ്ങളും പറയും. അദ്ദേഹം അതു കേൾക്കുന്നുണ്ടെന്നാണ് വിശ്വാസം. എവിടെയിരുന്നായാലും അദ്ദേഹമതു നടത്തി തരും എന്ന വിശ്വാസവുമുണ്ട്.’’ ആലീസ് ഇന്നസന്റ് നിറകണ്ണുകളോടെ മനസ്സ് തുറക്കുകയാണ്.
വനിത മാസികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആലീസ് ജീവിതം പറയുന്നത്. ‘ഇന്നസന്റ് പോയതിനു ശേഷമുള്ള ഒന്നര വർഷം ഒന്നര യുഗമായിട്ടാണു ഞങ്ങൾക്കു തോന്നുന്നത്. ചിലപ്പോൾ തോന്നും അദ്ദേഹം വിളിക്കുന്നുണ്ടെന്ന്. ഞാൻ വിളി കേൾക്കും.
ചിലപ്പോൾ തോന്നും അദ്ദേഹം കസേരയിൽ ഇരിക്കുന്നുണ്ടെന്ന്. പഴയ നല്ല നിമിഷങ്ങൾ ഓർക്കുമ്പോൾ കരയാനേ നേരമുണ്ടായിട്ടുള്ളു. ഞാൻ ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു സിനിമ പോലും കാണില്ല. സിനിമയെന്നല്ല ഒരു സീൻ പോലും കാണാൻ എനിക്കു കഴിയില്ല. വിവാഹം മുതൽ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും കണ്ണു നനയിക്കുന്നതുമായ ഒട്ടേറെ ജീവിതാനുഭവങ്ങൾ എനിക്കുണ്ട്. അവയെല്ലാം ഞാൻ വനിത മാസികയിലൂടെ പറയുകയാണ്. ഇന്നസന്റിനെ സ്നേഹിക്കുന്ന എല്ലാവരും അതു വായിച്ച്, അഭിപ്രായങ്ങൾ അറിയിക്കണം.’
ആലീസ് ഇന്നസന്റ് എഴുതുന്ന ഓർമക്കുറിപ്പുകളുടെ പരമ്പര പുതിയ ലക്കം വനിതയിൽ തുടങ്ങുകയാണ്. ഈ ലക്കത്തിൽ ‘ദാവനഗരെയിലെ മധുവിധു’.