ചെറുപ്രായത്തിലെ ചാപല്യം, വീട്ടുകാർ പിരിച്ചു: ആദ്യ ഭാര്യയെക്കുറിച്ച് തുറന്നു പറഞ്ഞ് ബാല
Mail This Article
വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യക്തത വരുത്തി നടൻ ബാല. ചന്ദനയെ അമ്പലത്തിൽ വച്ച് താലിചാർത്തിയെന്നത് നേരാണെന്നും ചെറിയ പ്രായത്തിൽ തോന്നിയ ചാപല്യമായിരുന്നു അതെന്നും ബാല മനോരമ ഓൺലൈനോടു പറഞ്ഞു. നിയമപരമായി താൻ വിവാഹം കഴിക്കുന്ന രണ്ടാമത്തെ ആൾ കോകിലയാണെന്നും ബാല വ്യക്തമാക്കി.
ബാലയുടെ വാക്കുകൾ: ‘‘സ്കൂളിൽ പഠിക്കുമ്പോൾ പ്രണയിച്ച പെൺകുട്ടിയാണ് ചന്ദന. ആ സമയത്ത് അമ്പലത്തിൽ പോയി കല്യാണം കഴിച്ചു. ഞങ്ങൾ തമ്മിൽ അല്ലാതെ ഒരു ബന്ധവും ഉണ്ടായിട്ടില്ല. അവൾ വേറെ കല്ല്യാണം കഴിച്ചു പോകാതിരിക്കാൻ ചെറിയ പ്രായത്തിൽ തോന്നിയ ഒരു ചാപല്യമായിരുന്നു അത്. ഞങ്ങൾ പ്രണയത്തിലായിരുന്നു. പക്ഷേ, ഞങ്ങളുടെ വീട്ടുകാർ ഞങ്ങളെ തമ്മിൽ പിരിച്ചു. ഒരുമിച്ചു ജീവിക്കാൻ കഴിഞ്ഞില്ല. ഇതിനാണ് ഇങ്ങനെയൊക്കെ പറയുന്നത്. ചന്ദനുമായി ഇപ്പോഴും സൗഹൃദമുണ്ട്. അവർ അമേരിക്കയിൽ ഭർത്താവുമൊത്ത് സുഖമായി ജീവിക്കുകയാണ്.
ഞാനെന്താ നാല് കെട്ടിയവനോ? മണ്ടന്മാരല്ലേ ഇതൊക്കെ വിശ്വസിക്കൂ. ഞാന്‍ നിയമപരമായി വിവാഹം കഴിച്ച രണ്ടാമത്തെ ആളാണ് കോകില. ചന്ദനയും കോകിലയും തമ്മില്‍ സംസാരിച്ചിട്ടുണ്ട്. ചന്ദന സദാശിവ റെഡ്ഡി, കന്നഡക്കാരിയാണെന്ന് പറയുന്നു. ഇതറിഞ്ഞപ്പോൾ അവള്‍ എന്നെ വിളിച്ച് ചിരിക്കുകയായിരുന്നു. കോകിലയുമായും സംസാരിച്ചു.
21-ാം വയസ്സിലായിരുന്നു ആ വിവാഹം. ഇത് ഞാന്‍ തന്നെയാണ് മുൻഭാര്യയോടു പറഞ്ഞത്. ആ വിവാഹം പിന്നീട് ക്യാന്‍സല്‍ ചെയ്തു. ഈ റെഡ്ഡി, റെഡ്ഡി എന്ന് പറയുന്നുണ്ടല്ലോ.റെഡ്ഡി എന്ന് പറഞ്ഞാല്‍ തെലുങ്ക്, പിന്നെ എന്തിനാണ് കര്‍ണാടക എന്ന് പറയുന്നത്. അവർക്കിപ്പോൾ രണ്ട് മക്കളുണ്ട്. കോകിലയോടും ഒത്തിരി സംസാരിച്ചു. ഇങ്ങനെയുള്ള വാർത്തകൾ കാണുമ്പോൾ അവരുടെ ഭർത്താവ് എന്തുവിചാരിക്കും. എന്തു പച്ചക്കള്ളമാണ് പറയുന്നത്. അവരൊരു സ്ത്രീയല്ലേ.
എലിസബത്തുമായും നിയമപരമായ വിവാഹം ചെയ്തിരുന്നില്ല. അവരെക്കുറിച്ച് എനിക്കൊന്നും സംസാരിക്കാൻ സാധിക്കില്ല. ജീവിതത്തിൽ എലിസബത്ത് നന്നായിരിക്കണം. ആശുപത്രിയിൽ ഇരുന്നപ്പോൾ എന്നെ സഹായിച്ചത് എലിസബത്ത് ആണ്, അതില്‍ നന്ദിയുണ്ട്. അവർ ശരിക്കും ഒരു തങ്കമാണ്. അവർ നന്നായി ഇരിക്കട്ടെ,’’ ബാല പറഞ്ഞു.