ADVERTISEMENT

ദുൽഖർ സൽമാൻ നായകനായ ‘ലക്കി ഭാസ്കർ’ ഈവർഷം ഇറങ്ങിയവയിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയായി മാറിയിരിക്കുകയാണെന്ന് നടി കല്യാണി പ്രിയദർശൻ.  തിയറ്ററുകളിൽ നിന്ന് ഒടിടിയിൽ എത്തിയ ലക്കി ഭാസ്കർ  നെറ്റ്‍ഫ്ലിക്സിൽ ഏറ്റവും മികച്ച പത്തു ചിത്രങ്ങളിൽ ഒന്നാമതായിരിക്കുകയാണ്. ‘ലക്കി ഭാസ്കർ’ എന്തുകൊണ്ട് ഒന്നാം സ്ഥാനത്തെത്തി എന്നതിൽ തനിക്ക് അദ്ഭുതം തോന്നുന്നില്ലെന്ന് കല്യാണി കുറിച്ചു. പിടിച്ചിരുത്തുന്ന തിരക്കഥയും അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ് ചിത്രത്തെ ഒന്നാം സ്ഥാനത്തെത്തിച്ചതെന്ന് കല്യാണി ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കുറിച്ചു. 

‘‘എന്തുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും മികച്ച 10 സിനിമകളിൽ ഒന്നായി ലക്കി ഭാസ്കർ മാറിയത് എന്നതിൽ എനിക്ക് അദ്ഭുതമില്ല. എന്തൊരു സിനിമയാണിത്. ദുൽഖർ സൽമാൻ, നിങ്ങൾ ക്യാമറയെ പ്രണയിച്ച് രസിച്ച് അഭിനയിച്ചത് സിനിമയിൽ കാണാൻ കഴിയുന്നുണ്ട്. ക്യാമറയ്ക്ക് പിന്നിൽ നിമിഷ് രവി എന്തു മാജിക്ക് ആണ് ചെയ്തത്. എല്ലാവരിൽ നിന്നും മികച്ച പ്രകടനങ്ങളോടെ, പിടിച്ചിരുത്തുന്ന തിരക്കഥയുമായി എത്തിയ ഈ ചിത്രം ഉറപ്പായും എന്റെ ഈ വർഷത്തെ പ്രിയചിത്രങ്ങളിൽ ഒന്നാണ്.’’ കല്യാണി പ്രിയദർശൻ കുറിച്ചു.  

ദുല്‍ഖര്‍ സൽമാൻ നായകനായി എത്തിയ ലക്കി ഭാസ്‍കര്‍, വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ്.  1980-1990 കാലഘട്ടത്തിലെ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്.  ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 

തിയറ്ററിൽ തരംഗമായ ചിത്രം നെറ്റ്‍ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് ദിവസം പിന്നിടുമ്പോഴും സിനിമ നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിൽ തുടരുകയാണ്. ഇന്ത്യ, ഒമാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ബഹറൈൻ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിൽ സിനിമ ട്രെൻഡിങ് നമ്പർ വൺ ആണ്. 

English Summary:

Actress Kalyani Priyadarshan has stated that "Lucky Baskhar", starring Dulquer Salmaan, has become her favorite movie released this year.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com