‘പുഷ്പ’യിൽ ഫഹദിനെ തിരിച്ചറിഞ്ഞില്ല: വിമർശനങ്ങൾക്കിടെ വൈറലായി നടി റുഹാനിയുടെ കുറിപ്പ്

Mail This Article
പുഷ്പ രണ്ടാം ഭാഗത്തിലെ ഫഹദ് ഫാസിലിന്റെ പ്രകടനത്തെ വാഴ്ത്തി തെലുങ്ക് നടി റുഹാനി ശര്‍മ. ഏറെക്കാലമായി ഫഹദ് ഫാസിലിന്റെ ആരാധികയായ താൻ പുഷ്പയിൽ ഫഹദിന്റെ കഥാപാത്രമെത്തുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നു എന്നും എന്നാൽ അദ്ദേഹം സ്‌ക്രീനിൽ എത്തിയപ്പോൾ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ലെന്നും റുഹാനി ശര്‍മ പറയുന്നു. ഓരോ കഥാപാത്രമായി ഫഹദ് ഫാസിൽ രൂപാന്തരം പ്രാപിക്കുന്നത് മാസ്മരികമാണെന്നും അദ്ദേഹത്തെപ്പോലെ അഭിനയശേഷിയും ബുദ്ധികൂർമ്മതയുമുള്ള മറ്റൊരു താരത്തെ താൻ കണ്ടിട്ടില്ലെന്നും റുഹാനി കുറിച്ചു. ‘പുഷ്പ’യിലെ ഭന്‍വര്‍ സിങ് ഷെഖാവത്ത് ഫഹദ് ഫാസിലിന്റെ മാസ്റ്റർപീസ് ആണെന്നാണ് രുഹാനി ശര്‍മ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. പുഷ്പ 2 ലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് ഫഹദിന്റെ പ്രകടനത്തെ പ്രകീർത്തിച്ചുകൊണ്ട് ഒരു അന്യഭാഷാ താരമെത്തുന്നത്.
‘‘സിനിമയിൽ സർ വരുന്നത് കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരുന്നു, ഒടുവിൽ അത് സംഭവിച്ചപ്പോൾ എനിക്ക് അദ്ദേഹത്തെ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. എന്റെ സഹോദരന്റെ നേരെ തിരിഞ്ഞു ഞാൻ ചോദിച്ചു, ഇത് അദ്ദേഹം തന്നെയാണോ? ഫഹദ് സർ എത്ര അനായാസമായാണ് താൻ അവതരിപ്പിക്കുന്ന ഓരോ കഥാപാത്രമായും രൂപാന്തരപ്പെടുന്നത് എന്നതാണ് അദ്ദേഹത്തിന്റെ മാസ്മരികത. ഓരോ രംഗത്തിലും അദ്ദേഹം പ്രസരിപ്പിക്കുന്ന ബുദ്ധികൂർമതയും അപാരമായ അഭിനയഭ്രാന്തും ഓർത്ത് ഇത് എഴുതുമ്പോൾ പോലും എനിക്ക് രോമാഞ്ചം വരുന്നു.
സർ, വളരെ കാലമായി ഞാൻ താങ്കളുടെ ഒരു വലിയ ആരാധകയാണ്. നിങ്ങളെ ബിഗ് സ്‌ക്രീനിൽ കാണുന്നത് എപ്പോഴും ഒരു വിരുന്നാണ്. സമാനതകളില്ലാത്ത തീവ്രതയും ആഴവും നിങ്ങൾ ഓരോ കഥാപാത്രങ്ങളായിലും കൊണ്ടുവരുന്നു, പുഷ്പയിലെ കഥാപത്രവും അത്തരത്തിലൊന്ന് തന്നെയായിരുന്നു. നിങ്ങൾ കാഴ്ചവച്ച ഈ മാസ്റ്റർപീസിന്റെ ഓരോ നിമിഷവും ഞാൻ ഒരുപാട് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്തു. ഈ സിനിമാനുഭവത്തെ നിങ്ങൾ മറ്റൊരു തലത്തിലേക്ക് ഉയർത്തി. നിങ്ങളുടെ നിങ്ങളുടെ അഭിനയമികവിനും സമർപ്പണത്തിനും അഭിനന്ദനങ്ങൾ.’’–റുഹാനിയുടെ വാക്കുകൾ.
തെലുങ്ക് സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു മോഡലും സിനിമാതാരവുമാണ് റുഹാനി ശർമ. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി കൂടാതെ മലയാളം സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്ത് ശങ്കറിന്‍റെ കമല എന്ന ചിത്രത്തിൽ ടൈറ്റില്‍ കഥാപാത്രമായി എത്തിയത് റുഹാനി ശർമയായിരുന്നു.