ഊഹിക്കുന്നതൊക്കെ നിങ്ങൾക്കു തന്നെ ബാധ്യതയാകും: മോഹൻലാൽ സിനിമയെക്കുറിച്ച് തരുൺ മൂർത്തി

Mail This Article
മലയാള സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–തരുൺ മൂർത്തി ചിത്രത്തിന്റെ രസകരമായ വിശേഷങ്ങളുമായി ലൊക്കേഷൻ വിഡിയോ. തലമുറകളുടെ നായകനായ ഒരു മോഹൻലാലിനെ കാണാനാണ് ക്ഷണിക്കുന്നതെന്ന് സംവിധായകൻ തരുൺ മൂർത്തി പറയുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ‘തുടരും’ എന്ന ചിത്രത്തിന്റെ സ്നീക്ക് പീക്ക് വിഡിയോയിലാണ് സംവിധായകന്റെ പരാമർശം. സിനിമയുടെ ടൈറ്റിലിലെ തുന്നിക്കെട്ടിനു പിന്നിലെ രഹസ്യങ്ങളിലേക്കുള്ള സൂചനകളും സംവിധായകൻ പങ്കുവയ്ക്കുന്നുണ്ട്.
തരുൺ മൂർത്തിയുടെ വാക്കുകൾ: ‘‘മോഹൻലാൽ എന്ന നടനെ വച്ച് ഞാൻ ചെയ്യുന്ന എന്റെ സിനിമ, അല്ലെങ്കിൽ ഞങ്ങളുടെ സിനിമ... അതിൽ എനിക്കേറ്റവും ഇഷ്ടപ്പെടുന്ന രീതിയിൽ ലാലേട്ടനെ അവതരിപ്പിക്കാൻ പറ്റി എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം. എന്റെയൊക്കെ വീടിന് അപ്പുറത്തോ അയൽവക്കത്തോ ഒക്കെ കണ്ടിട്ടുള്ള ഒരു ടാക്സി ഡ്രൈവർ, അയാളുടെ കുടുംബം, അയാളുടെ ചുറ്റുമുള്ള കഥാപാത്രങ്ങൾ, കൂട്ടുകാർ, അയാളുടെ രസകരമായ മുഹൂർത്തങ്ങൾ, അയാളുടെ ജീവിതം ... അങ്ങനെയാണ് ഇതിനെ ട്രീറ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒരുപാടു ചെറുപ്പക്കാരുണ്ട്. അവർക്കൊക്കെ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഉണ്ടോയെന്നു ചോദിച്ചാൽ ഉണ്ട്. പക്ഷേ, അത് എങ്ങനെയാണ് ഞങ്ങൾ തുന്നിക്കെട്ടിയിരിക്കുന്നത് എന്ന് അറിയാൻ റിലീസ് വരെ കാത്തിരിക്കേണ്ടി വരും."
"ഈ സിനിമയിൽ കടന്നു പോകുന്ന കുറെ മൊമന്റുകളുണ്ട്. സംഭവങ്ങളുണ്ട്. അതിലേക്ക് ഇന്നത്തെ ലാലേട്ടൻ കടന്നു പോയിക്കഴിഞ്ഞാൽ അല്ലെങ്കിൽ ഇന്നത്തെ ലാലേട്ടന്റെ രീതികളിൽ കടന്നു പോയിക്കഴിഞ്ഞാൽ അത് എങ്ങനെ ഉണ്ടാകും എന്നുള്ളതാണ് നമ്മൾ വർക്ക് ചെയ്യുന്നത്. തലമുറകളുടെ നായകനായിട്ടുള്ള ഒരു മോഹൻലാലിനെ കാണാൻ, അല്ലെങ്കിൽ മോഹൻലാലിനൊപ്പം ശോഭന ചേരുമ്പോൾ കിട്ടുന്ന ആ ഒരു കെമിസ്ട്രി കാണാൻ ആണ് ഞങ്ങൾ വിളിക്കുന്നത്. അതിനപ്പുറത്തേക്ക് നിങ്ങൾ ഊഹിച്ചുകൂട്ടുന്നതും മെനഞ്ഞു കൂട്ടുന്നതുമൊക്കെ ഒരു പക്ഷേ, നിങ്ങൾക്കു തന്നെ ബാധ്യത ആയേക്കാം. ഒരാളുടെ ജീവിതം തുടരും എന്നു പറഞ്ഞു നിറുത്തുന്നതു പോലുള്ള ഒരു പേര്... തുടരും എന്ന ടൈറ്റിലിലെ തുന്നിക്കെട്ട് എന്താണെന്നുള്ളത് സിനിമ തന്നെ പറയട്ടെ. അത് അങ്ങനെ തന്നെ ഇരിക്കട്ടെ.’’
മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുട്ടംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.