‘ഇങ്ങനെ വേണം റീമേക്ക് ചെയ്യാൻ’; തെരി ഹിന്ദി ട്രെയിലർ; അതിഥി വേഷത്തിൽ സൽമാൻ

Mail This Article
വിജയ്–അറ്റ്‌ലി ചിത്രം ‘തെരി’ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. ‘ബേബി ജോൺ’ എന്നാണ് ഹിന്ദിയിൽ സിനിമയുടെ ടൈറ്റിൽ. വരുൺ ധവാൻ നായകനാകുന്ന ചിത്രം അറ്റ്ലിയാണ് നിർമിക്കുന്നത്. 2019 ൽ ജീവയെ നായകനാക്കി ‘കീ’ എന്ന ചിത്രമൊരുക്കിയ കലീസ് ആണ് ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘തെരി’ സിനിമയുടെ അതേ ഫോർമാറ്റിലാണ് ഹിന്ദി റീമേക്കും ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നു വ്യക്തം. എന്നാൽ ബോളിവുഡ് പ്രേക്ഷകരെ രസിപ്പിക്കുന്ന എല്ലാ ചേരുവകളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റീമേക്ക് സിനിമകൾ ദുരന്തമാകുന്ന പശ്ചാത്തലത്തിൽ ഈ സിനിമ തീർച്ചയായും ബോക്സ്ഓഫിസിൽ വിജയം കൈവരിക്കുമെന്നാണ് പ്രേക്ഷക കമന്റുകൾ. വരുൺ ധവാന്റെ ആക്‌ഷൻ പെർഫോമൻസ് കൂടാതെ സൽമാന്റെ അതിഥി വേഷവും ചിത്രത്തിനു പ്രതീക്ഷ വർധിപ്പിക്കുന്നു. ഡിസംബർ 25ന് ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.
സമാന്തയും ആമി ജാക്സണുമായിരുന്നു ‘തെരി’യിലെ നായികമാർ. ഹിന്ദിയിലെത്തുമ്പോൾ സമാന്ത അവതരിപ്പിച്ച വേഷമാകും കീർത്തി പുനരവതരിപ്പിക്കുക. കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. ആമി ജാക്സൺ അവതരിപ്പിച്ച കഥാപാത്രമായി വാമിഖ ഗബ്ബി എത്തുന്നു. ജാക്ക് ഷ്റോഫ് ആണ് വില്ലൻ. സംവിധായകൻ മഹേന്ദ്രൻ ആയിരുന്നു തമിഴിൽ വില്ലൻ വേഷത്തിലെത്തിയത്.
2016ൽ വിജയ്‌യെ നായകനാക്കി അറ്റ്‌ലി ഒരുക്കിയ ചിത്രമാണ് ‘തെരി’. വിജയ്കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനായി വിജയ് എത്തിയ ചിത്രം ബോക്സ്ഓഫിസിലും വലിയ വിജയമായിരുന്നു.