ADVERTISEMENT

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് നയൻതാര. പ്രശസ്തിക്കോ മാധ്യമശ്രദ്ധ നേടുന്നതിനോ വേണ്ടി ആരുടെയും ഇമേജിനെ കരിവാരിപ്പൂശേണ്ട ആവശ്യം തനിക്കില്ലെന്നും അതിൽ താൽപര്യമില്ലാത്തയാളാണ് താനെന്നും നയൻതാ​ര പറയുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരുപാട് ശ്രമിച്ചെന്നും എന്നാൽ ഒരു രീതിയിലും സഹകരിച്ചില്ലെന്നും നയൻതാര വെളിപ്പെടുത്തി. ‘ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. 

നയൻതാരയുടെ വാക്കുകൾ: ഡോക്യുമെന്ററിക്ക് സ്വീകാര്യത കിട്ടിയതിൽ ഞാൻ സന്തോഷവതിയാണ്. വിവാദങ്ങൾ ഉണ്ടാക്കാൻ വേണ്ടി ഇറക്കിയ ഡോക്യുമെന്ററിയായിരുന്നില്ല. പക്ഷേ, അതു സംഭവിച്ചുപോയി. വിവാദങ്ങൾ നിരന്തരമുണ്ടാകുന്നതിനാൽ ഞാൻ ഇപ്പോൾ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞു. 20 വർഷമായില്ലേ. രണ്ടാഴ്ച കൊണ്ട് 50 ലക്ഷം ആളുകൾ ഡോക്യുമെന്ററി കണ്ടു. പൊതുവെ ഡോക്യുമെന്ററികൾക്ക് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ദശലക്ഷക്കണക്കിനു കാഴ്ചക്കാരെ ലഭിക്കാറില്ല. പത്തു പേരിലേക്ക് എത്തിയാൽ പോലും ഞാൻ വളരെ ഹാപ്പിയാണ്. അതുകൊണ്ട് തന്നെ ഇത്രയും വ്യൂവർഷിപ്പ് എനിക്കൊരു ബോണസാണ്. എന്റെ ഒരു സിനിമയ്ക്ക് പോലും ഇത്രയധികം പ്രതികരണം ലഭിച്ചിട്ടില്ല.

വിവാദങ്ങളെ കുറിച്ച് സംസാരിക്കണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നതല്ല. പക്ഷേ, ചോദിച്ചതുകൊണ്ട് എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഞാൻ പറയുകയാണ്. ഡോക്യുമെന്ററിയുടെ റിലീസ് അടുത്തിരിക്കുന്ന സമയത്ത് ഇങ്ങനെയൊരു പ്രസ്താവന ഇറക്കണമെന്നൊന്നും കരുതിയിരുന്നില്ല. പക്ഷേ, ആ സമയത്താണ് ഞങ്ങൾക്ക് വക്കീൽ നോട്ടിസ് ലഭിക്കുന്നത്. അതിലെ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ തന്നെ രണ്ടു മൂന്നു ദിവസം എടുത്തു. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യാൻ ഞാൻ ആരെയും ഭയക്കേണ്ടതില്ലല്ലോ. ഞാൻ ചെയ്യുന്നത് തെറ്റാണെങ്കിൽ അല്ലേ ഭയപ്പെടേണ്ടതുള്ളു. പബ്ലിസിറ്റിക്കു വേണ്ടി ആരുടെയും ഇമേജിനെ കരിവാരിപ്പൂശേണ്ട ആവശ്യം എനിക്കില്ല. ഞങ്ങളെ പിന്തുണച്ച പലരും ധനുഷിന്‍റെ ആരാധകരും ആയിരുന്നു. പലരും പറയുന്നത് കേട്ടു, ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള പിആർ ആയിരുന്നു വിവാദമെന്ന്. ഞങ്ങളുടേത് സിനിമയല്ലല്ലോ ഡോക്യുമെന്ററി അല്ലേ. ഇത് ഹിറ്റോ ഫ്ലോപ്പോ ആകുന്നില്ല. അതൊന്നുമല്ല ഇതിനു കാരണം.

ഞാൻ തുറന്ന് സംസാരിച്ചതുകൊണ്ടാണ് വിവാദമായത്. പരസ്യമായി പറയാതെ അദ്ദേഹത്തെ (ധനുഷ്) പേഴ്സനലി കോൺടാക്ട് ചെയ്ത് സംസാരിക്കാൻ ശ്രമിച്ചിരുന്നു. സുഹൃത്തുക്കൾ വഴി സംസാരിക്കാനും ശ്രമിച്ചിരുന്നു. എന്താണ് യഥാർഥ പ്രശ്നം എന്നറിയണമായിരുന്നു. പക്ഷേ ഒന്നും പ്രതീക്ഷിച്ചതുപോലെ വർക്കൗട്ടായില്ല. പിന്നീട് ആ ക്ലിപ്പുകൾ ഉപയോഗിക്കേണ്ടെന്ന തീരുമാനത്തിൽ ഞങ്ങളെത്തി. ശരിയാണ്, അദ്ദേഹത്തിന് ഞങ്ങൾക്ക് എൻഓസി നൽകേണ്ട കാര്യമില്ല. കാരണം അത് അദ്ദേഹം നിർമിച്ച സിനിമയാണ്. അതിൽ ഞങ്ങൾക്കൊരു പ്രശ്നവുമില്ല. പക്ഷേ, ആ സിനിമയിലെ ക്ലിപ്പിനേക്കാൾ ഉപരി സിനിമയിൽ വിഘ്നേഷ് എഴുതിയ നാല് വരികൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തണമെന്നുണ്ടായിരുന്നു. അതിനുള്ള അനുവാദം കിട്ടാൻ വേണ്ടിയാണ് ഞങ്ങൾ കിണഞ്ഞു ശ്രമിച്ചത്. കാരണം ആ നാല് വരികൾ ഞങ്ങളുടെ ജീവിതവുമായും പ്രണയവുമായും കുഞ്ഞുങ്ങളുമായും എല്ലാം വളരെ അധികം ബന്ധപ്പെട്ടു കിടക്കുന്നതാണ്. 

ആരെയും വിളിച്ച് സഹായം ചോദിച്ച് അവർക്കൊരു ബാധ്യതയായി മാറാൻ ഒരിക്കലും എനിക്ക് താൽപര്യമില്ല. അങ്ങനെ ചെയ്യാത്തയാളുമാണ് ഞാൻ. പക്ഷേ, ഇത് അത്രത്തോളം പ്രധാനപ്പെട്ടതായതുകൊണ്ടാണ് ഇത്രയും പ്രയത്നിച്ചത്. അദ്ദേഹം ആദ്യമേ തന്നെ ഓക്കെ പറയും എന്നാണ് സത്യസന്ധമായി ഞാൻ വിചാരിച്ചത്. കാരണം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ശത്രുക്കളായി ജനിച്ചവരൊന്നുമല്ല. കഴിഞ്ഞ 10 വര്‍ഷത്തില്‍ കാര്യങ്ങള്‍ എങ്ങനെ മാറിയെന്ന് അറിയില്ല. ഞങ്ങള്‍ രണ്ടു പേര്‍ക്കും അവരവരുടേതായ കാരണങ്ങള്‍ ഉണ്ടാവും. അങ്ങനെ അദ്ദേഹത്തിന്റെ മാനേജരോട് സംസാരിച്ചു. സാധാരണ ഞാൻ അവരോട് സംസാരിക്കാറില്ല. പക്ഷേ, ഞാൻ വിളിച്ചു. എന്നിട്ടു പറഞ്ഞു, എൻഓസി ഞങ്ങൾക്കു വേണ്ട, ആ ക്ലിപ്പുകളും ഉപയോഗിക്കുന്നില്ല. എങ്കിലും അദ്ദേഹത്തോടു ഒന്നു ഫോണിൽ സംസാരിക്കാൻ കഴിയുമോ എന്നാണ് ചോദിച്ചത്. എന്താണ് പ്രശ്നം എന്നു നേരിൽ അറിയാൻ വേണ്ടിയായിരുന്നു. കാരണം ഡോക്യുമെന്ററി ആ സമയത്ത് റി എഡിറ്റ് ചെയ്ത് നെറ്റ്ഫ്ലിക്സ് അപ്‍ലോഡ് ചെയ്ത് കഴിഞ്ഞിരുന്നു. അവർക്കെല്ലാം സമയത്തു തന്നെ വേണം.

ധനുഷിനോടു നേരിട്ട് സംസാരിച്ച്, അതായത് ഒരു ഫോൺ കോളിലൂടെ എങ്കിലും സംസാരിച്ച് എന്താണ് പ്രശ്നമെന്നും എന്തിനാണ് ഞങ്ങളോട് ദേഷ്യം എന്നും എനിക്ക് അറിയണം എന്നുണ്ടായിരുന്നു. തെറ്റിദ്ധാരണയാണെങ്കിൽ മാറ്റാമല്ലോ. ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് പറയുന്നില്ല. പിന്നീട് എവിടെ എങ്കിലും വച്ച് കണ്ടാൽ ഒരു ഹായ് പറയുന്ന രീതിയിലേക്ക് എങ്കിലും മാറ്റാമല്ലോ. ഇതിനാണ് ഞാൻ ശ്രമിച്ചത്. പക്ഷേ അതിനും സാധിച്ചില്ല. അപ്പോഴും എനിക്ക് അദ്ദേഹത്തോട് േദഷ്യമൊന്നും തോന്നിയില്ല. സാരമില്ല, പോകട്ടെ എന്നു കരുതി.  

ആ വരികൾ ഉപയോഗിക്കാൻ കഴിയാതെ വന്നപ്പോൾ വിഘ്നേശ് മറ്റൊരു ഗാനം എഴുതി, അങ്ങനെ അത് ഉപയോഗിക്കാൻ തീരുമാനിച്ചു. ഡോക്യുമെന്ററിയുടെ ട്രെയിലർ റിലീസ് ചെയ്തു. അതില്‍ ഞങ്ങളുടെ ഫോണുകളിൽ ചിത്രീകരിച്ച ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചിരുന്നു. ആളുകള്‍ക്ക് ഇപ്പോഴും മനസ്സിലാകാത്ത കാര്യമുണ്ട്. ഇത് അദ്ദേഹത്തിന്റെ ഫൂട്ടേജാണ്, അദ്ദേഹത്തിന് ആണ് അവകാശമെന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ ബിടിഎസ് (ബിഹൈൻഡ് ദ് സീൻ ഫൂട്ടേജ്) ഫുട്ടേജുകള്‍ കരാറിന്‍റെ ഭാഗമായത് ഇപ്പോഴാണ്. പത്ത് വര്‍ഷം മുമ്പ് അങ്ങനെ ഇല്ലായിരുന്നു, ഇതിനൊരു എഗ്രിമെന്റ് ഇല്ല. അന്നൊക്കെ ഷൂട്ടിങ് സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ ആളുകൾ മൊബൈൽ ഫോണിലൊക്കെ ഷൂട്ട് ചെയ്ത് വച്ചിരുന്നു. അങ്ങനെ ഞങ്ങളുടെ ഫോണിൽ കിടന്ന ക്ലിപ്പുകളാണ് ആ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചത്. 

ഇത്രയും വർത്തമാനങ്ങൾ അതിനോടകം കഴിഞ്ഞതിനാൽ ട്രെയിലർ ഇറങ്ങുമ്പോൾ സാധാരണയായി ആരും കരുതുക, അതങ്ങ് വിട്ടേക്കാം എന്നാണ്. കാരണം, ഡോക്യുമെന്ററിയിൽ ഇതൊന്നും ഉപയോഗിക്കുന്നില്ലെന്നും അവർക്ക് നന്നായി അറിയാം. എന്നാൽ അദ്ദേഹത്തെപ്പോലൊരു വ്യക്തിത്വം, ഒരുപാട് ആളുകൾ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന നടൻ, നമ്മളും അതേ സ്നേഹവും ബഹുമാനവും കാത്തുസൂക്ഷിക്കുന്ന താരം... അങ്ങനെയൊരാൾ ഇങ്ങനെയൊരു അനീതി ചെയ്തപ്പോൾ പ്രതികരിക്കേണ്ടി വന്നു. ആ ധൈര്യം എനിക്കു വന്നത് സത്യമുള്ളതുകൊണ്ടാണ്. വ്യാജമായ എന്തെങ്കിലും സൃഷ്ടിച്ചെടുക്കേണ്ടി വന്നെങ്കിലേ ഭയപ്പെടേണ്ട സാഹചര്യമുള്ളൂ. ഇപ്പോൾ ഞാൻ ഇത് ചെയ്തില്ലെങ്കിൽ അത് പരിധിക്കപ്പുറത്തേക്ക് തള്ളപ്പെടും. ഇത് മറ്റുള്ളവർക്കും ഒരു പ്രചോദനമായെന്നാണ് എനിക്കു തോന്നുന്നത്. ഒരുപാട് ആളുകൾ എന്നെ പിന്തുണച്ചെത്തി. ഇത് അദ്ദേഹത്തിന് എതിരെയാണെന്നു കരുതുന്നില്ല. ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞതിലുള്ള പ്രതികരണമാണത്. നമ്മുടെ ഇൻഡസ്ട്രിയിൽ എന്താണ് സംഭവിക്കുന്നത്. പലപ്പോഴും സ്ത്രീകൾ മൗനം പാലിക്കുകയാണ്. നിശബ്ദത പാലിക്കാൻ ആവശ്യപ്പെടുകയാണ്. നാം മിണ്ടാതെ ഇരിക്കുമ്പോൾ എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് ആരും അറിയില്ല. എന്നാൽ ഞാൻ പറയുന്നു, ഇനിയും നിശബ്ദരായി ഇരിക്കരുത്. ശബ്ദം ഉയർത്തേണ്ട സമയത്ത് അതു ചെയ്യണം. എല്ലായ്പ്പോഴും എന്നല്ല ഞാൻ പറയുന്നത്. ഞാൻ എല്ലായ്പ്പോഴും ചെയ്തിട്ടില്ല. എന്റെ സഹപ്രവർത്തകർക്ക് എന്നോട് നിറയെ ആദരവും സ്നേഹവും ഉണ്ട്. സ്നേഹത്തേക്കാൾ ഉപരി ആദരവാണ്. അതില്ലായിരുന്നുവെങ്കിൽ എനിക്കിത്രയും കാലം ഇവിടെ നിലനിൽക്കാൻ കഴിയില്ലായിരുന്നു. എന്നാൽ, ചില സമയങ്ങളിൽ നിങ്ങൾക്ക് തോന്നുകയാണ് കാര്യങ്ങൾ ശരിയായല്ല പോകുന്നത് എങ്കിൽ, തീർച്ചയായും നിങ്ങൾ തുറന്നു സംസാരിക്കണം. 

English Summary:

Nayanthara speaks about recent controversy with Dhanush on Netflix documentary Nayanthara: Beyond the Fairy Tale.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com