ADVERTISEMENT

ലേഡി സൂപ്പർ സ്റ്റാർ എന്ന ടൈറ്റിലിൽ അറിയപ്പെടാൻ ആഗ്രഹമില്ലെന്ന് നടി നയൻതാര. ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി തനിക്ക് ഒരു ബാധ്യതയാണെന്നും അത്തരത്തിൽ അഭിസംബോധന ചെയ്യപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നയൻതാര പറഞ്ഞു. ഒരു സുപ്രഭാതത്തിൽ താൻ ഇട്ട പേരല്ല ലേഡി സൂപ്പർസ്റ്റാർ മറിച്ച് തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ആണ് തനിക്ക് ആ പട്ടം ചാർത്തിത്തന്നതെന്ന് നയൻതാര പറയുന്നു. താൻ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുപ്പോൾ സഹപ്രവർത്തകരായ പുരുഷന്മാർക്ക് അസൂയയോ പകയോ ഒക്കെ തോന്നുന്നത് തനിക്ക് അനുഭവപ്പെടാറുണ്ടെന്നും സ്ത്രീകൾ മുൻനിരയിൽ വരുന്നത് എന്തുകൊണ്ട് ഇവരെ ഭയപ്പെടുത്തുന്നു എന്നറിയില്ലെന്നും നയൻതാര പറഞ്ഞു. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിലാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം നയൻതാര വ്യക്തമാക്കിയത്.  

നയൻതാരയുടെ വാക്കുകൾ: എന്റെ ജീവിതത്തിൽ ഉണ്ടായ മറ്റൊരു വിവാദമാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന വിളിപ്പേര്. ഈ ടൈറ്റിൽ എനിക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ വിവരിക്കാൻ പോലും കഴിയില്ല. ഇത് എനിക്ക് ഒരു എക്സ്ട്രാ ബാഗേജ് ആണ്. കഴിഞ്ഞ അഞ്ചാറു വർഷമായി ഞാൻ എന്റെ എല്ലാ നിർമാതാക്കളോടും സംവിധായകരോടും പറയുന്നതാണ്, ദയവു ചെയ്ത ആ ടൈറ്റിൽ കാർഡ് ഇടരുതെന്ന്. ഞാൻ അക്ഷരാർത്ഥത്തിൽ അവരോട് അപേക്ഷിച്ചിട്ടുണ്ട്. കാരണം, എന്റെ കരിയറിൽ ഞാൻ അത് അർഹിക്കുന്നുണ്ടോ എന്ന് ഞാൻ ഭയപ്പെടുന്നു. ഞാൻ നിർവചിച്ച ഒരു വിളിപ്പേരല്ല, ഞാൻ ആരുടേയും സ്ഥാനം തട്ടിയെടുക്കാൻ ശ്രമിച്ചിട്ടുമില്ല. ഈ ടൈറ്റിലുകളൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ആളുകൾക്ക് എന്നോട് ഉള്ള സ്നേഹവും ബഹുമാനവും ആയിരിക്കാം ഇത്തരത്തിൽ എന്നെ വിളിക്കാൻ ഇഷ്ടപ്പെടുന്നത് എന്നുള്ളതുകൊണ്ട് എനിക്ക് അത് തട്ടിക്കളയാനും കഴിയുന്നില്ല.  

ഏറെ സ്മാർട്ടായ ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഇവിടെ നിങ്ങൾക്ക് പ്രേക്ഷകരെ കബളിപ്പിക്കാൻ കഴിയില്ല. നിങ്ങൾക്ക് സ്വന്തമായി ഇത്തരത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. ഇതൊക്കെ തനിയെ സംഭവിക്കേണ്ടതാണ്. ഞാൻ ഇന്ത്യയിലെ ഏറ്റവും മികച്ച നടിയോ നർത്തകിയോ ഏറ്റവും മികച്ച വ്യക്തിയോ ആണെന്ന് അവകാശപ്പെടുന്നില്ല. പക്ഷേ ഞാൻ ഇവിടെയുണ്ട്. എന്റെ കഠിനാധ്വാനം കൊണ്ടാണ് ഞാൻ ഇവിടെ എത്തിച്ചേർന്നത് എന്ന് നിങ്ങൾക്കറിയാം. ആളുകൾ എന്നെ ഇഷ്ടപ്പെടുന്നതുകൊണ്ടോ എന്നിൽ ഇഷ്ടപ്പെടുന്നത് എന്തോ ഉള്ളതു കൊണ്ടോ ആകാം എന്നെ അത്തരത്തിൽ വിളിക്കുന്നത്. പക്ഷേ, എനിക്ക് ഭയമാണ്. കാരണം എനിക്കറിയാം. എന്നെ അത്തരത്തിൽ ആരെങ്കിലും വിളിക്കുന്നത് കാണുമ്പോൾ പലർക്കും അസൂയ ഉണ്ടാകാറുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്. കാരണം പലർക്കും, പ്രത്യേകിച്ച് പുരുഷന്മാർക്ക് ഒരു സ്ത്രീ വിജയിച്ച് കാണുകയോ അല്ലെങ്കിൽ അവരെക്കാൾ ഉയർന്ന സ്ഥാനത്ത് എത്തി എന്നു തോന്നുമ്പോഴോ ഒരുതരം പക ഉണ്ടായി വരുന്നുണ്ടെന്ന് തോന്നാറുണ്ട്. വിജയിച്ച ഒരു സ്ത്രീയെ കാണുമ്പോൾ എന്താണ് ഇവർക്ക് പ്രശ്നം എന്ന് മനസിലാക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. പക്ഷേ, അതിനുത്തരം കിട്ടാറില്ല. എന്തായാലും അത്തരത്തിലൊരു പ്രശ്നം ഉണ്ട്. അത് ഒരുതരം അസൂയയോ പകയോ എന്തോ ആണ്. ആ വികാരം എങ്ങനെ പറയണമെന്ന് എനിക്കറിയില്ല. പുരുഷന്മാരേക്കാൾ കൂടുതൽ ഒരു സ്ത്രീ വിജയിക്കുന്നത് കാണുമ്പോൾ ആളുകൾക്കുള്ളിൽ ഉറപ്പായും എന്തോ സംഭവിക്കുന്നുണ്ട്.

ഞാൻ 20 വർഷത്തിലേറെയായി മുൻനിരയിൽ തന്നെ ഉണ്ട്. അത് അത്ര എളുപ്പമല്ല. ഞാൻ തുടങ്ങിയപ്പോൾ എന്റെ സംവിധായകരും നിർമാതാക്കളും എന്നോട് പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ആദ്യത്തെ 5 വർഷം നിങ്ങൾ പ്രയോജനപ്പെടുത്തൂ, അത്രയേ ഉള്ളൂ ഒരു ആർടിസ്റ്റിന്റെ ലൈഫ്. നിങ്ങളുടെ ആദ്യത്തെ അഞ്ച് വർഷം നിങ്ങളുടെ ഷെൽഫ് ലൈഫ് ആണ്. നിങ്ങളുടെ മാത്രമല്ല ഏതൊരു നായികയുടെയും ഷെൽഫ് ലൈഫ് അതാണ്. നിങ്ങൾക്ക് ഒരു വർഷം കൂടി ചിലപ്പോൾ ലഭിക്കും, അതാണ് പരമാവധി. അപ്പോൾ മുതൽ ഞാൻ അഞ്ചു വർഷം ആകുന്നത് നോക്കിയിരുന്നു, പിന്നെ ആറായി, ഒരു വർഷം കൂടി കിട്ടിയല്ലോ എന്ന് ഞാൻ കരുതി. പിന്നീട് ഞാൻ വർഷങ്ങൾ എണ്ണിക്കൊണ്ടിരുന്നു. ഇപ്പോൾ 20 വർഷത്തിലേറെയായി. അതൊരു ഭാഗ്യം തന്നെയാണ്. എന്റെ ജീവിതത്തിൽ എല്ലാം എല്ലായ്പ്പോഴും ഒരു 50/50 ആണ്. പകുതി സമയത്ത് ഞാൻ സന്തോഷിക്കുകയും പകുതി സമയത്ത് ഞാൻ അസ്വസ്ഥപ്പെടുത്തുന്ന സംഭവങ്ങളിലൂടെ കടന്നുപോവുകയും ചെയ്തിട്ടുണ്ട്.

ഞാൻ ഒപ്പം അഭിനയിച്ച നായകന്മാരെ ആശ്രയിച്ചു നിൽക്കുന്ന ഒരാളല്ല. എന്റെ സ്ത്രീ കേന്ദ്രീകൃത സിനിമകൾ എല്ലാം വിജയിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. കരിയറിന്റെ തുടക്കത്തിൽ തന്നെ ഞാൻ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങൾക്കൊപ്പമാണ് അഭിനയിച്ചിട്ടുള്ളത്. ഏറ്റവും മികച്ച സഹതാരങ്ങളോടും വ്യക്തികളോടും ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ഒരുപാട് ആരാധകരുള്ള അവരുടെ സ്റ്റാർഡം എന്നെയും സഹായിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. അവരുടെ ആരാധകരെല്ലാം എന്റെയും ആരാധകരായി മാറിയിട്ടുണ്ടാകാം. അജിത് സാറിനൊപ്പം അഭിനയിച്ചപ്പോൾ അദ്ദേഹത്തിന്റെ ആരാധകർ എന്നെയും ഇഷ്ടപ്പെട്ടു തുടങ്ങി. അതുപോലെയാണ് രജനി സാറിനോടും വിജയ് സാറിനോടുമൊപ്പം, അതുപോലെ മറ്റു സഹതാരങ്ങളോടുമൊപ്പം അഭിനയിച്ചപ്പോൾ സംഭവിച്ചത്. 

അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങൾക്ക് ഞാൻ 50% എന്നോടൊപ്പം അഭിനയിച്ച സൂപ്പർതാരങ്ങളോടും കടപ്പെട്ടിരിക്കുന്നു. ബാക്കി 50% ഞാൻ എന്റെ കഴിവ് തന്നെയാണെന്ന് കരുതുന്നു. പണ്ട് സിനിമാ സെറ്റിൽ സ്ത്രീകൾ അവഗണന നേരിടുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടർമാരിൽ പലർക്കും സ്ത്രീകളായ പുതുമുഖങ്ങളെ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. ഞാൻ ഒരു നല്ല പൊസിഷനിൽ എത്തിയപ്പോൾ എനിക്ക് അർഹിക്കുന്ന ബഹുമാനം നേടിയെടുക്കാൻ ഞാൻ ശ്രമിച്ചു. എന്നോട് മാത്രമല്ല എല്ലാ സ്ത്രീകളോടും എല്ലാ മനുഷ്യരോടും നമ്മൾ ബഹുമാനത്തോടെ പെരുമാറണം. ഞാൻ സെറ്റിൽ എല്ലാവരോടും പറയാറുണ്ട് പുതിയ ആളുകളായാലും അവരോടും നമ്മൾ വളരെ ബഹുമാനത്തോടെ പെരുമാറണം. കാരണം നിങ്ങൾക്കറിയില്ല നാളെ അവരായിരിക്കും സൂപ്പർ താരങ്ങളായി മാറാൻ പോകുന്നത്. അപ്പോഴും നിങ്ങൾക്ക് ഇവരോടൊപ്പം വർക്ക് ചെയ്യേണ്ടി വരും. ഞാൻ ഉള്ള സെറ്റിൽ ആരോടും ആരും മോശമായി പെരുമാറുന്നത് ഞാൻ സഹിക്കില്ല.

നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ മുൻനിരയിലേക്ക് വരുന്നത് കാണുമ്പോൾ എനിക്ക് സന്തോഷം തോന്നാറുണ്ട്. സിനിമയോ, സ്പോർട്സോ, രാഷ്ട്രീയമോ മറ്റെന്തെങ്കിലുമോ അതത് മേഖലകളിൽ സ്ത്രീകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണുമ്പോൾ എനിക്ക് അതെന്റെ വ്യക്തിപരമായ വിജയമാണെന്ന് തോന്നാറുണ്ട്. അവരെ ഓർത്ത് എനിക്ക് വളരെ സന്തോഷം തോന്നും. കഴിയുമെങ്കിൽ ഞാൻ അവരെ വിളിച്ച് സംസാരിക്കാൻ ശ്രമിക്കും. അതിന് കഴിഞ്ഞില്ലെങ്കിൽ ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കും. ദൈവം അവരെ കൂടുതൽ അനുഗ്രഹിക്കുകയും അവരെ കൂടുതൽ സന്തോഷിപ്പിക്കുകയും അവരെ കൂടുതൽ ശക്തരാക്കുകയും ചെയ്യണമെന്ന് ഞാൻ പ്രാർഥിക്കും.

English Summary:

Actress Nayanthara opens up about the burden of the "Lady Superstar" title, addressing gender bias and her journey in the Indian film industry.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com