ഇത്രയും കാലം മിണ്ടാതിരുന്നു, ഇനി നിയമപരമായി നേരിടും: ക്ഷുഭിതയായി സായ് പല്ലവി
Mail This Article
തമിഴ് മാധ്യമത്തിൽ താനുമായി ബന്ധപ്പെട്ട വ്യാജ വാർത്തയിൽ രൂക്ഷ പ്രതികരണവുമായി നടി സായി പല്ലവി. ‘രാമയാണ’ത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി ചിത്രത്തില്‍ സീതയായി അഭിനയിക്കുന്നതിനായി സായി പല്ലവി മാംസാഹാരം ഉപേക്ഷിച്ചുവെന്നാണ് തമിഴ് മാധ്യമം പ്രചരിപ്പിച്ചത്. വെജിറ്റേറിയനായി തുടരാന്‍ സായി പല്ലവി സെറ്റുകളിൽ പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നുവെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെയാണ് സമൂഹ മാധ്യമങ്ങളിലൂടെ നടി പ്രതികരണവുമായി എത്തിയത്.
പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനമില്ലെന്നാണ് സായ് പല്ലവി വ്യക്തമാക്കുന്നത്. സാധാരണ ഇത്തരം അഭ്യൂഹങ്ങളില്‍ താന്‍ പ്രതികരിക്കാറില്ലെന്നും എന്നാല്‍ ഇനി ഇതുപോലുള്ള വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ കണ്ടാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നടി വ്യക്തമാക്കി.
‘‘‘മിക്കവാറും എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളും കെട്ടിച്ചമച്ച നുണകളും തെറ്റായ പ്രസ്താവനകളും ഉദ്ദേശ്യത്തോടെയോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം നിശബ്ദത പാലിക്കാനാണ് ശ്രമിച്ചിരുന്നത്.എന്നാൽ ഇത് സ്ഥിരമായി സംഭവിക്കുമ്പോള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു. പ്രതികരിക്കാതെ ഇത് നിർത്തുമെന്ന് തോന്നുന്നില്ല. അടുത്ത തവണ എന്‍റെ പേരില്‍ ഏതെങ്കിലും പ്രശസ്ത പേജോ മാധ്യമമോ വ്യക്തിയോ വാർത്തയുടെയോ ഗോസിപ്പിന്‍റെയോ പേരിൽ ഒരു വൃത്തികെട്ട കഥയുമായി വന്നാല്‍ നിങ്ങള്‍ എന്നില്‍ നിന്നും നിയമപരമായ തിരിച്ചടി തന്നെ പ്രതീക്ഷിക്കണം.’’–സായി പല്ലവിയുടെ വാക്കുകൾ.
താനൊരു വെജിറ്റേറിയൻ ആണെന്ന കാര്യം സായി പല്ലവി തന്നെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. “ഞാൻ ഒരു വെജിറ്റേറിയനാണ്. ഒരു ജീവൻ മരിക്കുന്നത് എനിക്ക് കാണാൻ കഴിയില്ല. എനിക്ക് മറ്റൊരാളെ വേദനിപ്പിക്കാൻ കഴിയില്ല," എന്നാണ് മുൻപൊരു അഭിമുഖത്തിൽ സായി പല്ലവി പറഞ്ഞു.