ADVERTISEMENT

ഒരുപാട് പ്രതീക്ഷകളുമായി എത്തിയ വരുൺ ധവാൻ–കീർത്തി സുരേഷ് ചിത്രം ‘ബേബി ജോണി’ന് ബോക്സ്ഓഫിസിൽ കാലിടറുന്നു. ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം ഇതുവരെ നേടിയ ആഗോള കലക്‌ഷൻ വെറും 19 കോടി മാത്രമാണ്. 180 കോടിയാണ് സിനിമയുടെ ബജറ്റ്.

ആദ്യദിനം 11 കോടി കലക്ട് ചെയ്തെങ്കിലും സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തുകയായിരുന്നു. പ്രതികരണങ്ങൾ മോശമായതോടെ രണ്ടാം ദിനം മുതൽ കലക്‌ഷൻ പകുതിയായി കുറഞ്ഞു. 4.75 കോടിയായിരുന്നു രണ്ടാം ദിന കലക്‌ഷൻ. മൂന്നാം ദിനം അത് 3.65 കോടിയായി മാറി. ഇതേ സ്ഥിതി തുടരുകയാണെങ്കിൽ കനത്ത നഷ്ടമാകും നിർമാതാക്കളായ അറ്റ്ലിയും കൂട്ടരും നേടിേടണ്ടി വരിക. അല്ലു അർജുന്റെ പുഷ്പ 2, ഹോളിവുഡ് ചിത്രം മുഫാസ, ഉണ്ണി മുകുന്ദന്റെ മാർക്കോ എന്നീ സിനിമകളും ഹിന്ദി ബോക്സ്ഓഫിസിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.

വിജയ്–അറ്റ്‌ലി ചിത്രം ‘തെരി’യുടെ ഹിന്ദി റീമേക്ക് ആണ് ‘ബേബി ജോൺ’. 2019 ൽ ജീവയെ നായകനാക്കി ‘കീ’ എന്ന ചിത്രമൊരുക്കിയ കലീസ് ആണ് ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു പുതുമയും സിനിമയിൽ അവകാശപ്പെടാനില്ലെന്നുമാണ് ചിത്രം കണ്ടവർ അഭിപ്രായപ്പെടുന്നത്. ദളപതിയുടെ സ്വാഗിനും സ്റ്റൈലിനുമൊപ്പം എത്താൻ വരുണിനെത്താൻ കഴിഞ്ഞില്ലെന്നും ചിത്രത്തിന്റെ ദൈർഘ്യവും വിനയായി മാറിയെന്നും പ്രതികരണങ്ങളുണ്ട്. സിനിമയുടെ ക്ലൈമാക്സിൽ അതിഥിവേഷത്തിലെത്തുന്ന സൽമാൻ ഖാൻ കയ്യടി നേടുന്നു.

‘തെരി’ സിനിമയുടെ അതേ ഫോർമാറ്റിലാണ് ഹിന്ദി റീമേക്കും ഒരുക്കിയത്. സമാന്തയും ആമി ജാക്സണുമായിരുന്നു ‘തെരി’യിലെ നായികമാർ. ഹിന്ദിയിലെത്തുമ്പോൾ സമാന്ത അവതരിപ്പിച്ച വേഷം കീർത്തി സുരേഷ് പുനരവതരിപ്പിക്കുന്നു. കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. ആമി ജാക്സൺ അവതരിപ്പിച്ച കഥാപാത്രമായി വാമിഖ ഗബ്ബി എത്തുന്നു. ജാക്ക് ഷ്റോഫ് ആണ് വില്ലൻ. സംവിധായകൻ മഹേന്ദ്രൻ ആയിരുന്നു തമിഴിൽ വില്ലൻ വേഷത്തിലെത്തിയത്.

2016ൽ വിജയ്‌യെ നായകനാക്കി അറ്റ്‌ലി ഒരുക്കിയ ചിത്രമാണ് ‘തെരി’. വിജയ്കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനായി വിജയ് എത്തിയ ചിത്രം ബോക്സ്ഓഫിസിലും വലിയ വിജയമായിരുന്നു.

English Summary:

Baby John box office collection day 3: Varun Dhawan-Keerthy Suresh film fails to sustain opening day momentum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com