ADVERTISEMENT

പ്രണയകഥ തുറന്നു പറഞ്ഞു കീർത്തി സുരേഷ്. ഭർത്താവ് ആന്റണിയെ ആദ്യമായി കണ്ടുമുട്ടിയതും പ്രണയം തുടങ്ങിയതും, ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതും ശേഷം അച്ഛനും അമ്മയും വിവാഹത്തിന് സമ്മതിച്ചതുമെല്ലാം കീർത്തി തുറന്നു പറയുന്നുണ്ട്. ഇരുവരും തമ്മിൽ ഏഴു വയസ്സിന്റെ വ്യത്യാസമുണ്ട്. ഗലാട്ട ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിലാണ് കീർത്തിയുടെ വെളിപ്പെടുത്തൽ.

‘‘ഞങ്ങൾ കുടുംബസുഹൃത്തുക്കളാണ്‌. ഓർക്കൂട്ടിലൂടെ ചാറ്റ് ചെയ്താണ് ഞങ്ങൾ പരിചയപ്പെട്ടത്. ഞങ്ങൾക്ക് ഒരുപാട് കോമൺ സുഹൃത്തുക്കളുണ്ട്. ചാറ്റിങ്ങിന് ശേഷം 2009 ഡിസംബർ 2 ന് ആണ് ആദ്യമായി പരസ്പരം കണ്ടുമുട്ടിയത്. ആന്റണിയുമായി അടുക്കാൻ ശ്രമിച്ചത് ഞാൻ തന്നെയായിരുന്നു. കൊച്ചിയിലെ ഒരു റസ്റ്റോറന്റിൽ വച്ചാണ് ഞങ്ങൾ നേരിട്ട് കാണുന്നത്. എനിക്ക് അങ്ങോട്ട് പോയി സംസാരിക്കാനുള്ള സാഹചര്യമായിരുന്നില്ല. തിരികെ പോകുമ്പോൾ ആന്റണിയെ നോക്കി ഞാൻ കണ്ണിറുക്കി. പിറ്റേദിവസം ഒരു മാളിൽ വച്ച് ഞങ്ങൾ വീണ്ടും കണ്ടു. അന്ന് എനിക്കൊപ്പം അച്ഛനും അമ്മയും ഉണ്ടായിരുന്നു. ആന്റണി സുഹൃത്തുക്കൾക്കൊപ്പമാണ് വന്നത്. അന്ന് കണ്ടു സംസാരിച്ചു. പിന്നീട് ഒരു മാസത്തിനുശേഷം ധൈര്യമുണ്ടെങ്കിൽ എന്നെ പ്രപ്പോസ് ചെയ്യെന്ന് ആന്റണിയോട് പറയുകയായിരുന്നു. ആ വർഷം ന്യൂ ഇയറിൽ അദ്ദേഹം എന്നെ പ്രപ്പോസ് ചെയ്തു. ഞാൻ യെസും പറഞ്ഞു. 2010ൽ ആയിരുന്നു ഇത്.

keerthy-menaka-wedding

2016ലാണ് കാര്യങ്ങൾ കുറച്ചു കൂടി കാര്യമായത്. പിന്നാലെ ഞങ്ങൾ പ്രോമിസിങ് റിങ് കൈമാറി. എന്റെ നിരവധി സിനിമകളിൽ ആ മോതിരം കാണാനാകും. ഞാൻ 12-ാംതരത്തിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ ഡേറ്റിങ് ആരംഭിച്ചത്. ആന്റണിക്ക് എന്നേക്കാൾ ഏഴുവയസ്സ് കൂടുതലുണ്ട്. കുറച്ച് കാലം ഞങ്ങൾക്ക് ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായിരുന്നു. . ആന്റണി ഖത്തറിൽ വർക്ക് ചെയ്യുകയായിരുന്നു. നാലഞ്ച് വർഷത്തിന് ശേഷം തിരിച്ച് വന്ന് സ്വന്തമായി ബിസിനസ് തുടങ്ങി.കോവിഡ് സമയത്താണ് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. അതുവരെ വിശേഷ ദിവസങ്ങളിൽ കാണാൻ വരലും പോകലുമായിരുന്നു. ഒരുമിച്ച് ഒരുപാട് കാലം ഒപ്പം ഉണ്ടായിരുന്നതിനാൽ ഇപ്പോൾ കല്ല്യാണശേഷവും പരസ്പരം പ്രശ്നങ്ങളൊന്നും ഇല്ല,’’ കീർത്തി സുരേഷ് പറയുന്നു.

‘‘അച്ഛന്റെയും അമ്മയുടെയും ചിന്താഗതികൾ വ്യത്യസ്തമായിരുന്നെങ്കിലും എന്റെ ഇഷ്ടത്തിന് അവർ കൂടെ നിൽക്കുകയായിരുന്നു. അമ്മയുടെ മുപ്പതു വർഷം പഴക്കമുള്ള കല്യാണസാരിയാണ് ഞാൻ വിവാഹത്തിന്റെ ഒരു ചടങ്ങിൽ ഉടുത്തത്. ക്രിസ്ത്യൻ രീതിയിലുള്ള വിവാഹത്തിന് വധുവിനെ ആനയിക്കുന്ന ചടങ്ങുണ്ടല്ലോ. അച്ഛനോട് എന്റെ കൈ പിടിച്ച് കൂടെ വരാമോ എന്ന് ചോദിച്ചപ്പോൾ, പിന്നെന്താ, ഞാനല്ലാതെ വേറെ ആരു വരും എന്ന് വളരെ സന്തോഷത്തോടെയാണ് അച്ഛൻ ചോദിച്ചത്.

menaka-keerthy

ഒരുമിച്ച് വിദേശത്തു യാത്ര പോകുന്ന, പൊതു സ്ഥലങ്ങളിൽ കൈ പിടിച്ച്‌ നടക്കുന്ന, പിഡിഎ (Public Display of Affection) ചെയ്യുന്ന തരം ദമ്പതികളല്ല ഞങ്ങൾ. ബന്ധം തുടങ്ങി ഒരുപാടു വർഷങ്ങൾക്കു ശേഷമാണ് ആദ്യമായി ഞങ്ങൾ ഒരു വിദേശയാത്ര പോയത്. അതും ഞങ്ങളുടെ കൂട്ടുകാരൻ നിർബന്ധിച്ചിട്ടാണ് അങ്ങനെ പോയത്. എപ്പോഴും ഞങ്ങൾക്കൊപ്പം ഒരു കൂട്ടം സുഹൃത്തുക്കൾ ഉണ്ടാകും. അതാണ് ഞങ്ങളുടെയും സന്തോഷം. ഡേറ്റിങ് തുടങ്ങി പതിമൂന്നു വർഷങ്ങൾക്കു ശേഷമാണ് ആദ്യമായി ഒരു കപ്പിൾ ട്രിപ്പ് പോയത്. അവിടെ നിന്നും വെറും മൂന്നു ദിവസത്തിന് ശേഷം കൂട്ടുകാരുടെ ട്രിപ്പിലേക്ക് ചേരുകയായിരുന്നു.

ജഗദീഷ് പളനിസാമിക്കൊപ്പം കീർത്തി സുരേഷും ആന്റണി തട്ടിലും
ജഗദീഷ് പളനിസാമിക്കൊപ്പം കീർത്തി സുരേഷും ആന്റണി തട്ടിലും

2017 ൽ അടുത്ത സുഹൃത്ത് ജ​ഗ്ദീഷ് ഞങ്ങളെ ബാങ്കോക്കിലേക്ക് കൊണ്ട് പോയി. അതുവരെയും ഞങ്ങൾ ഒരുമിച്ച് വിദേശ യാത്ര നടത്തിയിരുന്നില്ല. ആരെങ്കിലും കാണുമോ, പിടിക്കപ്പെടുമോ എന്നൊക്കെയുള്ള ഭയം കൂടി അതിന്റെ കാരണമായിരിക്കും. ഓരോ യാത്രയ്ക്ക് ശേഷവും, ഹാവൂ, ഇത്തവണയും നമ്മൾ രക്ഷപ്പെട്ടല്ലോ എന്നാണ് തോന്നാറുള്ളത്’’– കീർത്തി പറയുന്നു.

കീർത്തി സുരേഷിന്റെ വിവാഹച്ചടങ്ങിൽ നിന്നും
കീർത്തി സുരേഷിന്റെ വിവാഹച്ചടങ്ങിൽ നിന്നും

താലി എപ്പോഴും ധരിക്കുന്നതിനെക്കുറിച്ച് ചോദ്യം ഉണ്ടായപ്പോൾ, കീർത്തിയുടെ മറുപടി ഇങ്ങനെ: ‘‘മഞ്ഞച്ചരടിൽ കോർത്ത താലി വളരെ പ്രാധാന്യമുള്ളതാണ്. അത് സ്വർണ്ണമാലയിലേക്കു മാറ്റുന്നതിന് തീയതി നിശ്ചയിച്ചിട്ടുണ്ട്. സാധാരണ അത് വിവാഹത്തിന് അടുത്ത ദിവസങ്ങളിലായിരിക്കും. ഞങ്ങളുടെ ആ ദിവസം ജനുവരി അവസാനമാണ്‌. അതുകൊണ്ട് താലി കൂടെ ചേർത്തു എന്നേയുള്ളു. എന്റെ നെഞ്ചിൽ തട്ടണം എന്നേയുള്ളൂ. പിന്നെ എനിക്ക് തോന്നി ഇങ്ങനെ താലി ധരിക്കുന്നത് ഹോട്ടാണെന്ന്."

''പരിചയപ്പെട്ടതിന് ഒരു മാസം കഴിഞ്ഞപ്പോളാണ് ആന്റണി എന്നെ പ്രപ്പോസ് ചെയ്തത്. പിന്നീട് ഒരിക്കൽ ഡയമണ്ട് ഇലകൾ ആലേഖനം ചെയ്ത മോതിരം തന്നാണ് ഞങ്ങളുടെ ബന്ധത്തിന്റെ പോമിസിങ് നടന്നത്. ഇപ്പോൾ വിവാഹ മോതിരത്തിലും അതേ ഇലകൾ ഉണ്ടാകണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു,'' –വിവാഹമോതിരത്തെപ്പറ്റിയും കീർത്തി വാചാലയായി.

ഇത്രയും വർഷം എങ്ങനെ മറച്ചുവച്ചു എന്ന ചോദ്യത്തിന്, അക്കാര്യത്തിൽ തങ്ങൾ രണ്ടു പേരും അത്രയും മിടുക്കർ ആണെന്നാണ് കീർത്തിയുടെ മറുപടി. പ്രണയത്തിലാണെന്ന് അടുത്ത സുഹൃത്തുക്കൾ മാത്രമേ അറിഞ്ഞുള്ളൂ. സിനിമാ രം​ഗത്ത് വിജയ്, സമാന്ത, ഐശ്വര്യ ലക്ഷ്മി, കല്യാണി പ്രിയദർശൻ, അറ്റ്ലി തുടങ്ങിയവർക്ക് അറിയാമായിരുന്നു. സ്വകാര്യത സൂക്ഷിക്കുന്നതിൽ തത്പരരാണ് രണ്ട് പേരും. തങ്ങളുടെ സുഹൃത്തുക്കളിൽ ഒരുപാട് പേർ സിനിമാ രം​ഗത്ത് നിന്നുള്ളവരല്ലെന്നും കീർത്തി പറയുന്നു. 

ഒരുമിക്കുന്നത് സ്വപ്നമായിരുന്നു. പക്ഷേ സ്വപ്നമായിരുന്നെന്ന് പറയാനാകുമോ എന്നറിയില്ല. ഒളിച്ചോടുന്ന പേടിസ്വപ്നങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു. വിവാഹം ഒരു ഇമോഷനൽ മൊമന്റ് ആയിരുന്നു. കാരണം ഞങ്ങളെന്നും ആ​ഗ്രഹിച്ചതാണിത്. പെൺകുട്ടികൾക്ക് അവരുടെ അച്ഛനാണ് സൂപ്പർ ഹീറോ. അച്ഛൻ കഴി‍ഞ്ഞാൽ പങ്കാളി ആയിരിക്കണം അവരുടെ സൂപ്പർഹീറോയെന്ന് ഞാൻ കരുതുന്നു. അച്ഛനിലെ ഒരുപാട് ​ഗുണങ്ങൾ ആന്റണി തട്ടിലിൽ താൻ കണ്ടിട്ടുണ്ടെന്നും കീർത്തി പറയുന്നു. 

ഇവളെ ലഭിച്ചതിൽ ഇവൻ ഭാ​ഗ്യവാനാണെന്ന് കരുതുന്നവർ ഉണ്ടെങ്കിൽ എന്നെ വിശ്വസിക്കൂ, അദ്ദേഹത്തെ ലഭിച്ചതിൽ ഞാനാണ് ഭാ​ഗ്യവതി. ഒരാൾക്ക് വേണ്ടി ഒരുപാട് വർഷങ്ങൾ കാത്തിരിക്കുക എളുപ്പമല്ല. എപ്പോഴാണ് വിവാഹമെന്ന് ഒരിക്കലും അദ്ദേഹം എന്നോട് ചോദിച്ചിട്ടില്ല. ഒന്നിലും എന്നെ നിർബന്ധിച്ചിട്ടില്ല. സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് തന്റെ ഭർത്താവെന്നും കീർത്തി സുരേഷ് പറഞ്ഞു. ‌ഇപ്പോൾ ഞാൻ ദേഷ്യപ്പെട്ടാൽ ശാന്തമായി നേരിടാൻ അദ്ദേഹത്തിനറിയാം. ആന്റണി ദേഷ്യപ്പെട്ടാൽ അവിടെ നിന്നും ഞാൻ രക്ഷപ്പെടും. ചില പ്രഭാതങ്ങൾ മോശമായിരിക്കും. ഒരിക്കൽ താൻ സ്റ്റാഫുകളോട് ദേഷ്യപ്പെടവെ ആന്റണി പതിയെ ജിമ്മിലേക്ക് പോയെന്നും കീർത്തി ചിരിയോടെ ഓർക്കുന്നു.

English Summary:

7-Year Age Gap Didn't Stop Them: Keerthi Suresh's Heartwarming Love Story Will Melt Your Heart!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com