എന്റെ എംടി കഥകൾ: സോഹൻലാൽ എഴുതുന്നു

Mail This Article
എംടിയെ കാണാനായുള്ള യാത്രകൾ. എംടി ചെയർമാനായിരുന്ന ചാനൽ കാലത്തെ കുറിച്ചോർക്കുമ്പോൾ മനസ്സിൽ നിറയുന്നത് ആ യാത്രകളാണ്. ചാനലിൽ ജോയിൻ ചെയ്ത ആദ്യ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു ഞാൻ. മാസങ്ങൾക്കകം വിനോദ് മങ്കരയും ആര്യ അന്തർജനവും ചേർന്നു. എറണാകുളം കലൂരിലുണ്ടായിരുന്ന ലാൽ മീഡിയയുടെ തൊട്ടടുത്തായിരുന്നു ഞങ്ങളുടെ ഓഫിസ്. ലാൽ മീഡിയയുമായി സഹകരിച്ചായിരുന്നു ഞങ്ങളുടെ പ്രോഗ്രാം നിർമാണവും. പിൽക്കാലത്തു എം.ടി. വാസുദേവൻ നായരുടെ മേജർ മുകുന്ദൻ എന്ന ശക്തായ കഥാപാത്രമാകാൻ ലാലേട്ടനെ ഞാൻ സമീപിച്ചത് അന്നുണ്ടായിരുന്ന ആ പരിചയം കൂടി കൊണ്ടായിരുന്നു.
ചാനലിന്റെ കോഴിക്കോട് ഓഫിസിൽ വച്ച് മിക്കവാറും എല്ലാ ആഴ്ചയും ഞങ്ങൾക്ക് മീറ്റിങ് ഉണ്ടായിരുന്നു. 'ബ്രെയിൻ സ്‌റ്റോമിങ്' എന്ന ഇംഗ്ലിഷ് പ്രയോഗത്തിന്റെ അർത്ഥം മനസിലായത് എംടിയുടെ മുന്നിലിരുന്ന ആ നിമിഷങ്ങളിലാണ്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്ന ലോറികളുടെ മുന്നിലും പിന്നിലും ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരൻമാർ മുതൽ മലയാളത്തിലെ മണ്മറഞ്ഞ മഹാരഥന്മാരുടെ ഓർമ ദിവസങ്ങളെ അവിസ്മരണീയമാക്കാനുള്ള ചിത്രീകരണ പരമ്പരകൾ വരെ ചർച്ച ചെയ്തു.
ആ ചർച്ചകൾ ഒരു വർഷത്തോളം തുടർന്നു. പക്ഷേ അപ്പോഴും ചാനൽ, സംപ്രേക്ഷണം തുടങ്ങിയിരുന്നില്ല. ഒരു ദിവസം ഡോ. എം. കെ. മുനീർ ഞങ്ങളുടെ ചർച്ചയിൽ പങ്കുചേർന്നു. തൊട്ടടുത്ത മാസം, വിഷു ദിവസം ടെസ്റ്റ് ടെലികാസ്റ് ഉണ്ടാകുമെന്നും അതിനായി അരമണിക്കൂർ ദൈർഖ്യമുള്ള ഒരു പ്രോഗ്രാം നിർമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ സംപ്രേക്ഷണത്തിനു അനുയോജ്യമായ ആശയങ്ങൾ നിർദ്ദേശിക്കാൻ എം.ടി.സർ ഞങ്ങൾ മൂന്നുപേരോടും പറഞ്ഞു.
'കണി കാണും നേരം' എന്ന പേരിലൊരു ഡോക്യുഫിക്ഷനാണ് ഞാനന്ന് സമർപ്പിച്ചത്. ആദ്യ സംപ്രേക്ഷണത്തിനായി എം.ടി.തിരഞ്ഞെടുത്തത് അതായിരുന്നു. ആ സന്തോഷ വാർത്ത ആദ്യം വിളിച്ചു പറഞ്ഞത് ശ്രീദേവി മോഹനായിരുന്നു. തൊട്ടു പിന്നാലെ സിഇഓ വിഭാകർ, ജമാലുദീൻ ഫാറൂഖ് കോഴിക്കോട് ഓഫിസിൽ നിന്നും സരിത ചേച്ചി, കൃഷ്ണദാസേട്ടൻ പിന്നെ പലരും വിളിച്ചു, അഭിനന്ദിച്ചു. 'എംടി. തിരഞ്ഞെടുത്തവൻ!' എന്ന ഒരു ഇമേജ് സഹപ്രവർത്തകർക്കിടയിൽ എനിക്കുണ്ടായി. എം.ടി.യുടെ പേരിൽ കിട്ടിയ ആ സ്നേഹവാത്സല്യം എന്റെ മനസിനെ കൂടുതൽ ആർദ്രമാക്കി.
അതേ ആർദ്രതയോടെയാണ് 'കണി കാണും നേരം' ചെയ്തത്. തിരുവനന്തപുരത്തായിരുന്നു അതിന്റെ ചിത്രീകരണവും എംടിക്കായുള്ള പ്രത്യേക പ്രദർശനവും. മലയാള ടെലിവിഷൻ രംഗത്ത് അക്കാലത്തു തരംഗമായിരുന്നു ഏലിയാസ് ജോണും ലീൻ ബി. ജസ്മസും നടത്തിയിരുന്ന എൻടിവി സ്റ്റുഡിയോയിൽ വച്ചായിരുന്നു എംടി. അത് കണ്ടത്.
നെഞ്ചിടിപ്പോടെയാണ് എം.ടി. അത് കാണുന്നത് ഞാൻ നോക്കി നിന്നതു. എം.ടി.യുടെ ഫൈനൽ അപ്പ്രൂവൽ വേണമായിരുന്നു അത് പ്രദർശിപ്പിക്കാൻ. മാത്രമല്ല, അത് കണ്ടു കൊണ്ടിരിക്കുന്ന ഈ എം.ടി. ആയിരുന്നു അത് ചെയ്തപ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന ഒരേ ഒരു പ്രേക്ഷകൻ. കണ്ടു കഴിഞ്ഞു എം.ടി.ഒന്നും പറഞ്ഞില്ല. കസേരയിൽ നിന്നെഴുന്നേറ്റപ്പോൾ എന്റെ ചുമലിലൊന്നു പിടിക്കുക മാത്രം ചെയ്തു. കൂടെ ഉണ്ടായിരുന്ന ശ്രീദേവി മോഹനോട് 'ഇത് കാണിക്കാം' എന്ന് മാത്രം പറഞ്ഞിട്ട് അദ്ദേഹം പുറത്തിറങ്ങി.
എംടി സർ ചാനലിന്റെ പടിയിറങ്ങും മുൻപേ ചാനൽ ന്യൂസ് ചാനലായി മാറും മുൻപേ ഞാൻ അവിടെ നിന്നും വിട പറഞ്ഞിരുന്നു. ദുബായ് മീഡിയ സിറ്റിയിൽ നിന്ന് സംപ്രേക്ഷണം തുടങ്ങിയ മിഡിൽ ഈസ്റ്റ് ടെലിവിഷനിൽ നിന്നും എനിക്ക് ക്ഷണം കിട്ടിയിരുന്നു. ദുബായിലേക്ക് പോകും മുൻപ് ഞാൻ എംടി സാറിനെ വിളിച്ചു. സർ 'നന്മകൾ' നേർന്നു.
രണ്ടു വർഷത്തെ മീഡിയ സിറ്റി കാലത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി, അമൃത ടിവി യിൽ ചേർന്നു. മാധവിക്കുട്ടിയുടെ 'നീർമാതളത്തിന്റെ പൂക്കൾ' നിർമ്മിച്ചത് അമൃത ടി വി ആയിരുന്നു. 'കണി കാണും നേരം' സംവിധാനം ചെയ്തപ്പോൾ മനസിലെ പ്രേക്ഷകൻ എം.ടി. ആയിരുന്നെങ്കിൽ 'നീർമാതളത്തിന്റെ പൂക്കൾ' ചെയ്തത് എംടിയെയും ശ്യാമപ്രസാദിനെയും പ്രേക്ഷകരായി സങ്കൽപ്പിച്ചാണു.
'നീർമാതളത്തിന്റെ പൂക്കൾ' ചെയ്യുന്ന കാര്യം അത് തുടങ്ങും മുന്നേ എം.ടി.സാറിനോട് പറഞ്ഞിരുന്നു. മാധവിക്കുട്ടിയുടെ കഥ തിരഞ്ഞെടുത്തത് നന്നായി എന്ന് സർ പറഞ്ഞു. പക്ഷെ, ചിത്രം പൂർത്തിയാക്കി, ഒരു കത്ത് ഉൾപ്പടെ ഡിവിഡി അയച്ചു കൊടുത്തെങ്കിലും അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. തിരക്കിനിടയിൽ അദ്ദേഹത്തിന് ശല്യപ്പെടുത്തലാകുമോ എന്ന് പേടിച്ചു 'സർ അത് കണ്ടുവോ?' എന്ന് വിളിച്ചു ചോദിച്ചുമില്ല.
രണ്ടോ മൂന്നോ വർഷങ്ങൾക്ക് ശേഷമാണ്! തിരൂർ തുഞ്ചൻ പറമ്പിൽ നിന്നും പ്രകാശ് ബാരെ വിളിക്കുന്നു. പ്രിയനന്ദനന്റെ 'സൂഫി പറഞ്ഞ കഥ' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട യാത്രകൾക്കിടയിൽ തുഞ്ചൻ പറമ്പു സന്ദർശിച്ചതായിരുന്നു അദ്ദേഹം. കൂടെ നായിക ശർബാനി മുഖർജിയും ഉണ്ടായിരുന്നു. ശർബാനിക്കു നിന്നോട് എന്തോ പറയുണ്ട് എന്നും പറഞ്ഞു പ്രകാശേട്ടൻ ഫോൺ ശർബാനിക്കു കൊടുത്തു. ഞാനവരോട് അതിനു മുൻപ് സംസാരിച്ചിട്ടില്ല. പക്ഷേ വളരെ അടുത്തറിയുന്ന ഒരാളോടെന്നപോലെയാണ് ശർബാനിജി എന്നോട് സംസാരിച്ചത്.
തുഞ്ചൻ പറമ്പിലെ മിനി തിയറ്ററിലിരുന്നു 'നീർമാതളത്തിന്റെ പൂക്കൾ' കണ്ടുവെന്നും അതിൽ പ്രവീണ ചെയ്തതുപോലൊരു കഥാപാത്രം തനിക്കും ചെയ്യണമെന്നും ഒക്കെ ശർബാനി പറഞ്ഞു. പിന്നീടവർ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. ഞാനറിയാതെ അരങ്ങേറിയ മറ്റൊരു രംഗം തെളിയുകയായിരുന്നു എന്റെ മനസ്സിൽ!
തിരൂർ തുഞ്ചൻ പറമ്പിന്റെ ചുമതല എംടി സാറിനാണെന്നു എനിക്കറിയാം. സന്ദർശകർക്കായി അവിടെ ഒരു മിനി തീയറ്റർ തുടങ്ങിയപ്പോൾ അവിടെ കാണിക്കാനായി എം.ടി.സർ നൽകിയത് ഞാൻ അയച്ചു കൊടുത്ത 'നീർമാതളത്തിന്റെ പൂക്കളു'ടെ ഡിവിഡിയാണ്. എംടിസാർ അന്നത് ചെയ്തത് ഒരു പക്ഷേ, 'മാധവിക്കുട്ടിയുടെ കഥ' എന്ന പരിഗണന കൊണ്ടാവാം. എന്നാലും, ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ പ്രശംസകളിലൊന്നായി ഞാനിന്നും അത് കൊണ്ട് നടക്കുന്നു.
(തുടരും)