‘ഇന്ത്യൻ’ 2വിനേക്കാൾ ഭേദം, ശങ്കറിന്റെ ‘ഗെയിം ഓവറായോ?’; ഗെയിം ചെയ്ഞ്ചർ പ്രേക്ഷക പ്രതികരണം
Mail This Article
രാംചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗെയിം ചെയ്ഞ്ചർ തിയറ്ററുകളിൽ. സിനിമയുടെ ആദ്യദിവസം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. അതേസമയം ഇന്ത്യൻ 2വിനേക്കാൾ ഭേദമാണെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ശങ്കറിന്റെ ഒരു മാസ് മസാല സിനിമയാണെന്നും തെലുങ്ക് സിനിമയെന്ന രീതിയിൽ കണ്ടാൽ ചിത്രം മോശമല്ലെന്നും പ്രേക്ഷകർ പറയുന്നു. എന്നാൽ ഇതേ അവസ്ഥ തുടരുകയാണെങ്കിൽ അധികം വൈകാതെ തന്നെ ശങ്കർ ‘ഗെയിം ഓവറാ’കുമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നുണ്ട്.
ബ്രഹ്മാണ്ഡ കാഴ്ചകൾ ഒരുക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അതിലൊന്നും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള പുതുമയില്ല. ക്ലീഷേ കഥയാണ് സിനിമയുടെ പോരായ്മ. എന്നാൽ കോടികൾ മുടക്കിയെടുത്ത ഗാന രംഗങ്ങളും നായിക കിയാര അഡ്വാനിയുടെ ഗ്ലാമർ പ്രകടനങ്ങളും കയ്യടി നേടുന്നുണ്ട്. മുതൽവൻ, ശിവാജി എന്നീ സിനിമകൾ ചേർത്തുവച്ചൊരു പൊളിറ്റിക്കൽ മാസ് സിനിമ. എസ്.ജെ. സൂര്യയുടെ വില്ലൻ വേഷവും ഗംഭീരമാക്കി.
തമിഴിലും മലയാളത്തിലും സിനിമയ്ക്ക് മോശം പ്രതികരണമാണെങ്കിലും തെലുങ്കിൽ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ഹിന്ദിയിലും തരക്കേടില്ലാത്ത അഭിപ്രായമാണ് ഉയരുന്നത്.
കേരളത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ്. വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.
രാംചരൺ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ ജയറാമും അഭിനയിക്കുന്നുണ്ട്. കിയാര അദ്വാനിയാണ് നായിക. അഞ്ജലി, എസ് ജെ സൂര്യ, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. ശങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. സംവിധായകന്‍ കാർത്തിക് സുബ്ബരാജിന്റേതാണ് ചിത്രത്തിന്‍റെ കഥ.