‘ലവ് ടുഡേ’ ഹിന്ദി റീമേക്ക് ട്രെയിലർ എത്തി; ആമിർ ഖാന്റെ മകനും ശ്രീദേവിയുടെ മകൾ ഖുഷിയും പ്രധാനവേഷത്തിൽ

Mail This Article
ആമിര്‍ ഖാന്റെ മകൻ ജുനൈദ് ഖാൻ, ബോണി കപൂർ–ശ്രീദേവി ദമ്പതികളുടെ മകൾ ഖുഷി കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ‘ലവ്‌യാപാ’ ട്രെയിലർ എത്തി. 2022ൽ റിലീസ് ചെയ്ത തമിഴ് സൂപ്പർഹിറ്റ് ചിത്രം ‘ലവ്ടുഡേ’യുടെ ഹിന്ദി റീമേക്ക് ആണിത്.
അഷുതോഷ് റാണ, തൻവിക പർലികർ, ആദിത്യ കുൽഷ്രേഷ്ട്, നിഖിൽ മേഹ്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഫാന്റം പിക്ചേഴ്സും എജിഎസ് എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം.
ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ജുനൈദ്–ഖുഷി ജോഡികളുടെ കെമിസ്ട്രി നന്നായി തന്നെ വർക്കൗട്ട് ആയെന്നാണ് ട്രെയിലർ കണ്ട ഏവരുടെയും അഭിപ്രായം. തമിഴിലെ തിരക്കഥ അതേ പടി പകർത്തിയിരിക്കുകയാണ്.
പ്രദീപ് രംഗനാഥൻ സംവിധാനം െചയ്ത് നായകനായെത്തിയ സിനിമയാണ് ലവ് ടുഡേ. മലയാളി നടി ഇവാന നായികയായെത്തിയ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. വെറും അഞ്ച് കോടിയായിരുന്നു സിനിമയുടെ ബജറ്റ്.