ഉണ്ണി മുകുന്ദനൊപ്പം ചേർത്തുവച്ച് എന്നെ വലുതാക്കരുത്, ഞാൻ പതുക്കെ വളർന്നോളാം: മാമൂക്കോയയുടെ മകൻ
Mail This Article
ഉണ്ണി മുകുന്ദനെക്കുറിച്ച് താൻ പറഞ്ഞ വാക്കുകൾ പലരും വളച്ചൊടിച്ചെന്ന് നടനും മാമൂക്കോയയുടെ മകനുമായ നിസാർ മാമൂക്കോയ. ഒരു പ്രമോഷൻ നടക്കുമ്പോൾ മുമ്പിൽ നിന്നും ചോദിച്ചതിന് മറുപടി പറഞ്ഞ തന്നെ ദോഷം പറയരുതെന്നും സിനിമയിൽ അഭിനയിച്ച് തന്റെ പ്രയാസം മാറ്റാം എന്നു കരുതി വന്ന തന്ന തനിക്കെതിരെ ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറയുന്നു.
‘‘മാന്യ സുഹൃത്തുക്കളെ. ഞാൻ നിസാർ മാമുക്കോയ. എന്താണ് അഭിനയം എന്നറിയാത്ത, സിനിമയിൽ അഭിനയിച്ചെങ്കിലും എല്ലാ പ്രയാസങ്ങളെയും മാറ്റാമെന്ന് കരുതി ഇവിടേയ്ക്ക് വന്ന എന്നെ കുറിച്ച് പലയിടത്തും ഞാൻ ഉണ്ണി മുകുന്ദന് എതിരാണെന്നും ഞാൻ മാർക്കോ സിനിമക്കെതിരെ പറഞ്ഞുവെന്നും പറയുന്നു.
ഒരു പ്രമോഷൻ നടക്കുമ്പോൾ മുമ്പിൽ നിന്നും ചോദിച്ചതിന് മറുപടി പറഞ്ഞ എന്നെ ദോഷം പറയരുത്. ഉണ്ണി മുകുന്ദനോടൊപ്പം ചേർത്തു വച്ച് എന്നെ വലുതാക്കരുത്. ഞാൻ പതുക്കെ വളർന്നോളാം. (പതുക്കെ മതിയെന്ന) ആരും എന്നെ ഉദ്ദേശ ശുദ്ധിയോടെ അല്ലാതെ വാർത്ത ഉണ്ടാക്കി വലുതാക്കരുത്. ഒരു വമ്പൻ സിനിമയെ ഞാൻ മോശമാക്കുന്നുവെന്ന് പറഞ്ഞ് എനിക്ക് പ്രശസ്തി തരരുത്.
ഒരു പാൻ ഇന്ത്യൻ ലെവൽ ആക്ടറിനെ എന്നോട് കൂട്ടി കെട്ടി മോശമാക്കരുത്. ഇതൊരു അപേക്ഷയാണ് അഭ്യർത്ഥനയാണ്. എന്നെ കേൾക്കണം പ്ലീസ്. (പിന്നെ എന്നെ അറിയുന്നവർക്ക് എന്നെ നല്ലോണം അറിയാം കേട്ടോ).–’ നിസാര്‍ മാമൂക്കോയ പറഞ്ഞു.
‘ഒരുമ്പെട്ടവൻ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ഉണ്ണിമുകുന്ദനെയും മാർക്കോയെയും നിസാർ വിമർശിച്ചുവെന്ന് തരത്തിൽ പല സിനിമാ ഗ്രൂപ്പുകളിലും പോസ്റ്റുകൾ വന്നിരുന്നു. ഒരു കലാകാരന് രാഷ്ട്രീയം പാടില്ലെന്നും ഉണ്ണി മുകുന്ദൻ കടുത്ത രാഷ്ട്രീയക്കാരനാണെന്നുമായിരുന്നു നിസാർ മാമൂക്കോയ പ്രസ്മീറ്റിനിടെ അഭിപ്രായപ്പെട്ടത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഉണ്ണിയുടെ ചില പ്രസ്താവനകളാണ് അദ്ദേഹത്തിന്റെ സിനിമകൾക്കു നേരെയുള്ള ആക്രമണങ്ങൾക്കു കാരണമെന്നും നിസാർ പറയുകയുണ്ടായി
മലയാളികളുടെ ഹാസ്യസാമ്രാട്ടായ മാമുക്കോയയുടെ മകനും പിതാവിന്റെ വഴി പിന്തുടർന്ന് സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. നിസാർ മാമുക്കോയ ആദ്യമായി അഭിനയിച്ച ‘ഒരുമ്പെട്ടവൻ’ എന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചുകഴിഞ്ഞു. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശിയും ഹരിനാരായണൻ കെ എമ്മും ചേര്‍ന്നാണ് ഒരുമ്പെട്ടവൻ സംവിധാനം ചെയ്തിരിക്കുന്നത്.