ADVERTISEMENT

നടി ഹണി റോസും ബിസിനസ്സ്മാന്‍ ബോബി ചെമ്മണ്ണൂരുമായുള്ള നിയമപോരാട്ടത്തിൽ ‘റേച്ചൽ’ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തി നിര്‍മാതാക്കൾ. സിനിമയുടെ റിലീസ് നിലവിൽ തീരുമാനിച്ചിട്ടുപോലുമില്ലെന്നും ഹണി റോസിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവരുടെ വ്യക്തിപരമായ കാര്യമാണെന്നും നിർമാതാവ് ബാദുഷ പറഞ്ഞു.

‘‘ഹണി റോസ് നായികയായ റേച്ചൽ എന്ന സിനിമയുടെ ടെക്നിക്കൽ ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. സെൻസർ ചെയ്യുകയോ, അതിനായി അപേക്ഷിക്കുകയോ ചെയ്തിട്ടില്ല. റിലീസിന് 15 ദിവസം മുൻപെങ്കിലും സെൻസർ ചെയ്യാൻ അപേക്ഷ സമർപ്പിക്കണം എന്നാണ് നിയമം. ഹണി റോസിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവരുടെ വ്യക്തിപരമായ കാര്യമാണ്. സിനിമയുടെ റിലീസിന് അതുമായി ബന്ധമില്ല. സിനിമയേക്കുറിച്ചു പിന്നീട് അറിയിക്കുന്നതാണ്.’’ –ബാദുഷയുടെ വാക്കുകൾ.

ജനുവരി പത്തിന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് ‘റേച്ചൽ’. ഇറച്ചിവെട്ടുകാരിയുടെ വേഷമാണ് ഹണി റോസ് ഈ സിനിമയിൽ കൈകാര്യം ചെയ്യുക. ചിത്രത്തിന്റെ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായി മാറിയിരുന്നു. ഹണി റോസിന്റെ കരിയറിലെ സ്ത്രീപക്ഷ സിനിമയായിരിക്കും ഇത്. ആനന്ദിനി ബാല സംവിധാനം നിർവഹിക്കുന്ന സിനിമ അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ റിലീസ് ഉണ്ടാകും എന്ന് പ്രതീക്ഷിച്ച ചുരുക്കം ചില മലയാള സിനിമകളിൽ ഒന്നായിവരുന്നു ഹണി റോസിന്റെ 'റേച്ചൽ'. . 

ഏബ്രിഡ് ഷൈന്‍ സഹനിർമാതാവും സഹ രചയിതാവുമാകുന്ന ചിത്രം ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും സമ്മാനിക്കുക. പ്രതികാര കഥയാകും ചിത്രം പറയുക. അഭിനയ രംഗത്തെ തന്റെ അനുഭവപരിചയം കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും റേച്ചൽ എന്ന് ടീസറിലൂടെ തന്നെ ഹണി റോസ് തെളിയിക്കുന്നുണ്ട്. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. 

ഹണി റോസിനെക്കൂടാതെ ബാബുരാജ്‌, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. സ്റ്റേറ്റ്, നാഷ്നൽ അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മഞ്ജു ബാദുഷ, ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ്‌ ബഷീര്‍.

ചീഫ് അസോ. ഡയറക്ടർ: രതീഷ് പാലോട്, സംഘട്ടനം: രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, മേക്കപ്പ്: രതീഷ് വിജയൻ, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസർ: ഹന്നാൻ മരമുട്ടം, ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ പി, ഫിനാൻസ് കൺട്രോളേഴ്സ്: ഷിജോ ഡൊമിനിക്, റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ: പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, വിതരണം: ബിഗ്‌ ഡ്രീംസ്, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അനൂപ് സുന്ദരൻ.,പബ്ലിസിറ്റി ഡിസൈൻ: ടെന്‍ പോയിൻ്റ്, സ്റ്റിൽസ്: നിദാദ് കെ എൻ.

English Summary:

The producers have clarified that the film 'Rachel' has no connection to the legal battle between actress Honey Rose and businessman Bobby Chemmannur.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com