ഹണി റോസിന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, നിങ്ങൾക്കു കാണാം കാണാതിരിക്കാം: നിലപാട് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

Mail This Article
വ്യവസായി ബോബി ചെമ്മണൂർ ലൈംഗികാധിക്ഷപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ തന്റെ നിലപാട് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്. ഹണി റോസ് ഈ വിഷയത്തെ സമീപിച്ചത് ഗൗരവതരമായാണെന്നും എന്നാൽ ബോബി ചെമ്മണ്ണൂർ ഇതിനെയൊരു തമാശയായി കണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. കേരള സംസ്ഥാനത്ത് ഹണി റോസ് എന്ന നടിക്കു മാത്രമായി പ്രത്യേക ഡ്രസ് കോഡ് ഒന്നുമില്ലെന്നും നിയമം അനുശാസിക്കുന്ന ഏത് വസ്ത്രം ധരിച്ചും അവർക്കു പുറത്തേക്കു പോകാവുന്നതാണെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർക്കുന്നു.
‘‘ഞാൻ മനസ്സിലാക്കിയടത്തോളം ഈ വിഷയത്തിൽ മൂന്ന് കക്ഷികളാണുള്ളത്. പ്രമുഖ നടി, പ്രമുഖ കോടീശ്വരൻ, മോശം കമന്റ്സ് ഇടുന്ന ആളുകൾ. കമന്റ്സ് ഇടുന്ന പ്രമുഖരല്ലാത്ത ആളുകളെക്കുറിച്ച് ആദ്യം സംസാരിക്കാം. എന്തു തോന്ന്യവാസവും എഴുതി വയ്ക്കാനുള്ള മീഡിയ അല്ല സോഷ്യൽമീഡിയ. ഒരു വിഷയത്തിൽ അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ആ അഭിപ്രായം മാന്യവും സഭ്യവുമായിരിക്കണം.
ചില സമയത്ത് പരിധി വിടുന്ന സാഹചര്യമുണ്ടാകും. അപ്പോൾ നമ്മളും കുറച്ച് മോശം വാക്കുകൾ പറയും. അതൊക്കെ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നെ പറയാൻ പറ്റൂ. ഇനി ഇത് കേസായി കോടതിയിൽ വരികയാണെങ്കിൽ അവിടെയും എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് കൃത്യമായി കോടതിയെ ബോധിപ്പിക്കുക. എന്നാൽ കമന്റ് കൈവിട്ടുപോയാൽ ശിക്ഷ ഉറപ്പാണ്. ഒരു ക്രിമിനലിനെ ക്രിമിലനാണെന്ന് കോടതി കണ്ടെത്തുന്നത് അയാളുടെ ക്രിമിനൽ മൈൻഡ് കണ്ടുപിടിച്ചതിനുശേഷമാണ്.
പക്ഷേ അതുപോലെയല്ല ഒരു പ്രമുഖ നടിയെയോ നടനെയോ ഫാൻസ് ഫൈറ്റിന്റെ ഭാഗമായോ അല്ലാതെയോ മോശമായ വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുന്നത്. ഇതിൽ നിങ്ങൾക്കെതിരെ കേസ് വന്നാൽ പെടുമെന്നുറപ്പാണ്. ഈ പ്രമുഖ കോടീശ്വരൻ തമാശ എന്ന രീതിയിൽ ഡബിള്‍ മീനിങ് പറയുകയും അത് അദ്ദേഹത്തിന്റെ കൂട്ടുകാരും അതേ മാനസിക അവസ്ഥയുള്ള ആളുകളും രസിക്കുകയും ചെയ്തിട്ടുണ്ട്. കുന്തിദേവി എന്നു വിളിച്ചതാണ് ഇപ്പോൾ കേസിനാസ്പദമായ സംഭവം എന്നാണ് ആളുകൾ മനസ്സിലാക്കുന്നത്. എന്നാൽ മുൻകാല അഭിമുഖങ്ങൾ നോക്കിക്കഴിഞ്ഞാൽ മനസ്സിലാകും ഈ ദ്വയാർഥ പ്രയോഗങ്ങളിൽ തമാശ കണ്ടെത്തുന്ന രീതി ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്ന്.
പക്ഷേ അദ്ദേഹത്തിന്റെ മാനസികാവസ്ഥയുള്ളവർക്ക് ഇത് തമാശയായി തോന്നുമെങ്കിലും മറ്റുള്ളവർക്ക് അങ്ങനെയാകണമെന്നില്ല. ഞാന്‍ മനസ്സിലാക്കുന്നതുവച്ച് കുന്തിദേവി ഒരു ചീത്ത വാക്കല്ല, പക്ഷേ ഇതിനു രണ്ട് വാക്കുകളുണ്ട്. ചിലർക്കിതൊരു അശ്ലീല വാക്കായി തോന്നുന്നതിനും കാരണമുണ്ട്. ഈ വാക്ക് ആദ്യമായി പ്രയോഗിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ മാനേജറോട് തന്റെ ബുദ്ധിമുട്ട് നടി അറിയിച്ചിരുന്നു.
അന്ന് ഈ കോടീശ്വരൻ നടിയോട് കാര്യങ്ങൾ വിശദീകരിച്ചിരുന്നെങ്കിൽ ഇന്ന് ഈ കേസിലേക്കൊന്നും ഇതെത്തുമായിരുന്നില്ല. ഇനി മാനേജർ അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടായിരുന്നോ എന്നതും നമുക്കറിയില്ല. പക്ഷേ ഇതിനുശേഷമുള്ള മറ്റൊരു ഉദ്ഘാടന പരിപാടിയിലും ഇത് ആവർത്തിക്കപ്പെട്ടു. അങ്ങനെ അത് കേസ് ആയി, കാര്യങ്ങൾ ഇവിടെ വരെയെത്തി.ഇതിൽ അദ്ദേഹത്തിന്റേതായുള്ള മുൻകാല വിഡിയോകളും കേസിന് ആക്കംകൂട്ടി.
നടിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടും പല ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ട്. കേരള സംസ്ഥാനത്ത് ഹണി റോസ് എന്ന നടിക്കു മാത്രമായി പ്രത്യേക ഡ്രസ് കോഡ് ഒന്നുമില്ല. നിയമം അനുശാസിക്കുന്ന ഏത് വസ്ത്രം ധരിച്ചും അവർക്കു പുറത്തേക്കു പോകാവുന്നതാണ്. നിങ്ങൾക്കു കാണാം, കാണാതിരിക്കാം. അതൊന്നും അവരുടെ വിഷയത്തിൽ പെടുന്ന കാര്യങ്ങളല്ല. അങ്ങനെ ഡ്രസ് കോഡ് വേണമെങ്കിൽ ഇവിടെയുളള കോളജ് കുട്ടികൾക്ക് ആണ് അത് ആദ്യം വരേണ്ടത്.
നാളെ ഇതുപോലുള്ള പ്രശ്നം തനിക്കുണ്ടാകരുത് എന്നതാണ് ഈ പരാതിയിലൂടെ ഹണി റോസ് ഉദ്ദേശിച്ചത്. അവർ ഇതിനെ ഒരു വിഷയമായി കണ്ടു, അദ്ദേഹം ഇതൊരു തമാശയായി കണ്ടു. ഒരു കാര്യം മനസ്സിലാക്കുക ഉദ്ഘാടനമായാലും അഭിനയമായാലും സീരിയലായാലും പ്രമുഖ നടനോ പ്രമുഖ നടിയോ ഇവരെല്ലാം ബിസിനസ്സാണ് ചെയ്യുന്നത്. ഇതിൽ ഒരു ഗുണവുമില്ലാത്ത ചില ആളുകൾ എന്തു കണ്ടിട്ടാണ് ഇങ്ങനെ കമന്റ് ചെയ്ത് ജയിൽ ശിക്ഷയും ധനനഷ്ടവും ഉണ്ടാകുന്നത്. നിങ്ങളുടെ കയ്യിൽ കോടികളുമില്ല, കൂടെ നിൽക്കാനും ആരുമുണ്ടാകില്ല.’’–സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ.