തെലുങ്ക് ഇൻഡസ്ട്രിക്കു നാണക്കേട്; തള്ളിയത് 100 കോടി; ഗെയിം ചെയ്ഞ്ചർ ആദ്യദിന കലക്‌ഷൻ വിവാദം
Mail This Article
ശങ്കർ–രാം ചരൺ ചിത്രം ഗെയിം ചെയ്ഞ്ചറിന്റെ ആദ്യ ദിന കലക്‌ഷൻ വ്യാജമെന്ന് റിപ്പോർട്ടുകൾ. സിനിമയുടെ അണിയറക്കാരാണ് ചിത്രത്തിന്റെ ആദ്യദിന കലക്‌ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. ഇതുപ്രകാരം 186 കോടിയാണ് സിനിമയുടെ ആഗോള കലക്‌ഷൻ റിപ്പോർട്ട്. ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിക്കു തന്നെ നാണക്കേടാകുന്ന പ്രവൃത്തിയാണ് ‘ഗെയിം ചെയ്ഞ്ചർ’ ടീം ചെയ്തതെന്നാണ് ഫിലിം ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്.
നൂറ് കോടി രൂപ പെരുപ്പിച്ചു കാട്ടിയെന്നാണ് വിമർശനം. യഥാര്‍ഥത്തിൽ ആഗോള കലക്‌ഷനായി 86 കോടിയാണ് സിനിമ കലക്ട് ചെയ്തതെന്നും കോടികളുടെ തള്ളുകൾ സിനിമാ ഇൻഡസ്ട്രിക്കു തന്നെ വിനയായി തീരുമെന്നും ഇവർ പറയുന്നു.
സിനിമയുടെ പോസിറ്റിവ് റിപ്പോർട്ടുകൾക്കു വേണ്ടി കലക്‌ഷൻ തുകകൾ പത്തും പതിനഞ്ചും ശതമാനം ഉയർത്തി ഔദ്യോഗിക പോസ്റ്ററുകൾ പുറത്തിറക്കാറുണ്ട്. എന്നാൽ ഗെയിം ചെയ്ഞ്ചർ ടീം ഇപ്പോൾ പുറത്തുവിട്ട കണക്ക് തെലുങ്ക് ഇൻഡസ്ട്രിയെ ഒന്നാകെ നാണം കെടുത്തിയെന്നും വിമർശനം ഉയരുന്നുണ്ട്.
അതേസമയം പുഷ്പ 2വിനു ആദ്യദിനം ലഭിച്ച ആഗോള കലക്‌ഷൻ 294 കോടിയായിരുന്നു. ഒരു ഇന്ത്യൻ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്‌ഷൻ കൂടിയായിരുന്നു ഇത്. പുഷ്പ 2വിനൊപ്പം എത്താനുള്ള അണിയറക്കാരുടെ വാശിയാണ് ഈ കള്ളക്കണക്കുകൾക്കു കാരണമെന്നും വിമർശകർ വിലയിരുത്തുന്നു.
തെലുങ്ക് ഒഴികെ മലയാളം, തമിഴ്, ഹിന്ദി ഉൾപ്പടെയുള്ള ഭാഷകളിൽ ഗെയിം ചെയ്ഞ്ചറിന് മോശം പ്രതികരണമായിരുന്നു. കേരളത്തിൽ പലയിടത്തും പകുതി ആളുകൾ മാത്രമാണ് തിയറ്ററുകളിൽ എത്തിയത്. അതേസമയം ഇന്ത്യൻ 2വിനേക്കാൾ ഭേദമാണെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ശങ്കറിന്റെ ഒരു മാസ് മസാല സിനിമയാണെന്നും തെലുങ്ക് സിനിമയെന്ന രീതിയിൽ കണ്ടാൽ ചിത്രം മോശമല്ലെന്നും പ്രേക്ഷകർ പറയുന്നു. എന്നാൽ ഇതേ അവസ്ഥ തുടരുകയാണെങ്കിൽ അധികം വൈകാതെ തന്നെ ശങ്കർ ‘ഗെയിം ഓവറാ’കുമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നുണ്ട്.
ബ്രഹ്മാണ്ഡ കാഴ്ചകൾ ഒരുക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അതിലൊന്നും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള പുതുമയില്ല. ക്ലീഷേ കഥയാണ് സിനിമയുടെ പോരായ്മ. എന്നാൽ കോടികൾ മുടക്കിയെടുത്ത ഗാന രംഗങ്ങളും നായിക കിയാര അഡ്വാനിയുടെ ഗ്ലാമർ പ്രകടനങ്ങളും കയ്യടി നേടുന്നുണ്ട്. മുതൽവൻ, ശിവാജി എന്നീ സിനിമകൾ ചേർത്തുവച്ചൊരു പൊളിറ്റിക്കൽ മാസ് സിനിമ. എസ്.ജെ. സൂര്യയുടെ വില്ലൻ വേഷവും ഗംഭീരമാക്കി.
കേരളത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ്. വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.
രാംചരൺ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ ജയറാമും അഭിനയിക്കുന്നുണ്ട്. കിയാര അദ്വാനിയാണ് നായിക. അഞ്ജലി, എസ് ജെ സൂര്യ, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. ശങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. സംവിധായകന്‍ കാർത്തിക് സുബ്ബരാജിന്റേതാണ് ചിത്രത്തിന്‍റെ കഥ.