കേറിവാടാ മക്കളേ, 75ലേക്ക്! പിറന്നാൾ നിറവിൽ വിജയരാഘവൻ

Mail This Article
‘ലോകത്തിൽ ഒരച്ഛനും ഒരു ഡോക്ടറും ഒറ്റയ്ക്ക് ചെയ്യാൻ ധൈര്യപ്പെടാത്ത തികച്ചും യുക്തിഹീനമായ ഒരതിസാഹസത്തിനു ഞാൻ തീരുമാനിച്ചു. വേണ്ടിവന്നാൽ അറ്റകൈയ്ക്ക് എന്റെ കുട്ടിയെ ഞാനൊറ്റയ്ക്ക് അവന്റെ ‘അണുവിശ്വ’ത്തിൽ നിന്ന് എന്റെ ‘മഹാവിശ്വ’ത്തിലേക്ക് ഞാനെടുത്തു കിടത്തും. എന്റെ കയ്യിൽ കിടന്ന് ആദ്യമായി ഈ ബ്രഹ്മചൈതന്യം അവൻ വലിച്ചു കുടിക്കും. ഈ അരങ്ങത്തെ അവന്റെ ആദ്യത്തെ അലർച്ചയും എനിക്കു തന്നെ കേൾക്കണം’: നാടകാചാര്യൻ എൻ.എൻ.പിള്ള ‘കുട്ടന്റെ’ ജനനത്തെക്കുറിച്ച് ‘ഞാൻ’ എന്ന ആത്മകഥയിൽ എഴുതിയ ഭാഗമാണിത്. പ്രിയപ്പെട്ടവരുടെ കുട്ടനും സിനിമാനടനുമായ വിജയരാഘവന് ഇന്ന് 75 വയസ്സ്.
‘‘അച്ഛന്റെ ജന്മനക്ഷത്രവും എന്റെ പിറന്നാളും ഒരേ ദിവസമാണ്. 1918 ഡിസംബർ 23നാണ് അച്ഛന്റെ ജനനത്തീയതി. നാൾ വരുമ്പോൾ ധനുമാസത്തിലെ മകയിരം. എന്റെ പിറന്നാൾ ജനുവരി 12. പലർക്കും വയസ്സ് പറയാൻ മടിയാണ്. എനിക്ക് മടിയില്ല’’ തിരുവനന്തപുരത്ത് ചിത്രീകരണത്തിരക്കിനിടയിൽ നിന്നു വിജയരാഘവൻ പറഞ്ഞു.
‘മലയായിലായിരുന്നു എന്റെ ജനനം. പാസ്പോർട്ടിൽ ചേർത്തിരിക്കുന്നത് ഫെബ്രുവരി 12 എന്നാണ്. ജനനം നിശ്ചിതദിവസത്തിനുള്ളിൽ റജിസ്റ്റർ ചെയ്തില്ലെങ്കിൽ അവിടെ പിഴ അടയ്ക്കണം. അത് ഒഴിവാക്കാൻ അനുയോജ്യമായ ഒരു തീയതി അച്ഛൻ ചേർത്തതായിരുന്നു’ വിജയരാഘവൻ പറയുന്നു.