അന്ന് മമ്മൂട്ടി കൊടുത്തത് റോളക്സ് വാച്ച്, ഇന്ന് ആസിഫ് തിരിച്ചു കൊടുത്തതോ?

Mail This Article
‘റോഷാക്കി’ന്റെ വിജയാഘോഷത്തിനിടെ മമ്മൂട്ടി കൊടുത്ത സ്നേഹ സമ്മാനമായ റോളക്സ് വാച്ചിനു പകരം മമ്മൂട്ടിക്ക് സ്നേഹചുംബനം നൽകി ആസിഫ് അലി. റോഷാക്കിന്റെ സമയത്ത് തന്ന റോളക്‌സിനു പകരം മമ്മൂട്ടിക്കു ആസിഫ് അലി എന്തു കൊടുക്കും എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നതെന്ന് ആസിഫ് പറഞ്ഞപ്പോൾ മമ്മൂട്ടി തന്റെ കവിൾ കാണിച്ചു കൊടുക്കുകയായിരുന്നു. ഉടൻ തന്നെ ആസിഫ് മമ്മൂട്ടിയുടെ കവിളിൽ ഉമ്മ കൊടുക്കുകയും ചെയ്തു. ‘രേഖാചിത്രം’ എന്ന സിനിമയുടെ വിജയാഘോഷവേളയിലാണ് ഈ മനോഹര നിമിഷമുണ്ടായത്.
‘‘മമ്മുക്ക സോഷ്യൽ മീഡിയ മുഴുവൻ ട്രെൻഡ് ചെയ്യുന്ന ഒരു ചോദ്യമുണ്ട്. റോഷാക്കിന്റെ സമയത്ത് മമ്മുക്ക എനിക്കൊരു റോളക്സ് തന്നു, തിരിച്ചു ഞാൻ എന്താ കൊടുക്കുക എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്.’’ ആസിഫ്, സ്നേഹത്തോടെ മമ്മൂട്ടിയോടു പറഞ്ഞു. ഉടൻ തന്നെ തന്റെ കവിളിൽ ഒരു ഉമ്മ തരാൻ മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു.
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത സിനിമയായ റോഷാക്കിൽ ആസിഫ് അലി ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. എന്നാൽ ആസിഫിന്റെ മുഖം ചിത്രത്തിൽ ഒരിക്കൽ പോലും കാണിച്ചിരുന്നില്ല. മുഖം മൂടി ധരിച്ച കഥാപാത്രത്തിന്റെ കണ്ണുകളുടെ ചലനങ്ങളാണ് ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള വേഷത്തിന് ജീവൻ പകർന്നത്. ചിത്രത്തിന്റെ വിജയത്തിന് ഒരു പ്രധാന പങ്കുവഹിച്ച ആസിഫ് അലിക്ക് ഒരു റോളക്സ് വാച്ചാണ് മമ്മൂട്ടി അന്ന് സ്നേഹസമ്മാനമായി നൽകിയത്.
ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ. ജയൻ, സിദ്ദീഖ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ രേഖാചിത്രം ഹിറ്റിലേക്ക് കുതിക്കുകയാണ്. 1985 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ കാതോട് കാതോരത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു സാങ്കൽപ്പിക കഥയാണ് രേഖാചിത്രത്തിന്റെ ഇതിവൃത്തം. കാതോട് കാതോരത്തിലെ നായകനായ മമ്മൂട്ടിയുടെ കഥാപാത്രത്തിന് രേഖാചിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്. മമ്മൂട്ടിയുടെ സമ്മതമില്ലെങ്കിൽ ഈ ചിത്രം ഉണ്ടാകില്ലായിരുന്നു എന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെ പറഞ്ഞിരുന്നു.