വുഡ്‌ലാന്‍ഡ്സ് ഹോട്ടലിലേക്ക് ‘മമ്മൂട്ടിച്ചേട്ടന്’ കത്തയച്ചൊരു ആരാധികയുണ്ട്: മമ്മൂട്ടി പറയുന്നു

Mail This Article
‘മമ്മൂട്ടി ചേട്ടൻ’ എന്നുവിളിച്ച് കത്തുകൾ അയയ്ക്കാറുണ്ടായിരുന്ന ആരാധികയെപ്പറ്റി പറഞ്ഞ് മമ്മൂട്ടി. സിനിമയിൽ ആദ്യ കാലത്ത് തന്റെ വിലാസമായി നൽകിയിരുന്നത് വുഡ്‌ലാന്‍ഡ്സ് ഹോട്ടലിന്റെ മേൽവിലാസമായിരുന്നുവെന്നും അന്ന് ചാക്കുകണക്കിന് കത്തുകളാണ് ആരാധകരിൽ നിന്നും തനിക്കു ലഭിച്ചിരുന്നതെന്നും മമ്മൂട്ടി പറയുന്നു. അന്ന് തന്റെ റൂമിലെ നിത്യസന്ദർശകനായ നടനും സംവിധായകനുമായ ശ്രീനിവാസനാണ് കത്തുകൾ പൊട്ടിച്ച് വായിക്കാറുള്ളതെന്ന് മമ്മൂട്ടി പറയുന്നു. ‘മമ്മൂട്ടി ചോട്ടൻ’ എന്ന് സംബോധന ചെയ്തു വന്ന ഒരു കത്ത് ശ്രീനിവാസന്റെ കണ്ണിൽപെട്ടു. അതാണ് പിന്നീട് ‘മുത്താരംകുന്ന് പി ഓ’ എന്ന സിനിമയുടെ കഥയായി മാറിയത്. മമ്മൂട്ടിക്ക് കത്തുകളയക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് രേഖാചിത്രം എന്ന സസ്പെൻസ് ത്രില്ലറിന്റെയും കഥയായി വരുന്നതെന്നും കൂടുതൽ പറഞ്ഞാൽ സ്പോയിലർ ആയിപ്പോകുമെന്നും മമ്മൂട്ടി പറഞ്ഞു. ‘രേഖാചിത്രം' എന്ന സിനിമയുടെ വിജയാഘോഷ വേളയിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത്.
‘‘നമസ്കാരം ഈ സിനിമയിൽ ഞാൻ രണ്ടു വാക്കേ സംസാരിച്ചിട്ടുള്ളൂ. സിനിമയ്ക്ക് സിനിമയുടെ കഥയുടെ കഥയുടെ കഥയുടെ കഥയുടെ കഥയുണ്ട്. ഞാൻ സിനിമയിൽ വന്ന കാലത്ത് വുഡ്‌ലാൻഡ്സ് ഹോട്ടലിന്റെ അഡ്രസ്സാണ് മേൽവിലാസം ആയി കൊടുത്തിട്ടുള്ളത്. ഈ ആരാധകരുടെ കത്തുകളുടെ, ഫാൻ മെയിലുകൾ തുടങ്ങിയ കാലമാണ് അന്നൊക്കെ. അതൊക്കെ ആൾക്കാർക്ക് പരിചയമായി വരുന്നതേയുള്ളൂ. ഔട്ട്ഡോർ ഷൂട്ടിങ് കഴിഞ്ഞ് ഞാൻ ഹോട്ടലിൽ ചെല്ലുമ്പോൾ എന്നെത്തേടി ഒരു ചാക്ക് കത്തുകൾ ഉണ്ടാകുമായിരുന്നു. അന്ന് ശ്രീനിവാസൻ എന്റെ മുറിയിലെ നിത്യ സന്ദർശകനാണ്. ഒഴിവ് സമയങ്ങളിൽ ശ്രീനിവാസനാണ് കൂടുതലും കത്തുകൾ പൊട്ടിച്ച് വായിക്കുക.
അന്ന് ആ കത്തുകളിൽ നിന്നും ശ്രീനി തിരഞ്ഞെടുത്തതാണ് ‘പ്രിയപ്പെട്ട മമ്മൂട്ടി ചോട്ടൻ’ എന്നുള്ളത്. ആ മമ്മൂട്ടി ചേട്ടന്റെ കഥയാണ് ശ്രീനിവാസൻ പിന്നീട് ‘മുത്താരംകുന്ന് പി.ഓ’യിലെ ലിസിയുടെ കഥാപാത്രത്തിന്റെ കഥയായി വരുന്നത്. അതാണ് മമ്മൂട്ടി ചേട്ടന്റെ കഥ. ഇതു വേറെ, അന്ന് കത്തെഴുതിയ ഒരു ആരാധികയുടെ കഥയാണ് ഈ സിനിമയില്‍ പറയുന്നത്.
അതിനപ്പുറത്തേക്ക് ഞാൻ ഈ സിനിമയുടെ കഥ പറഞ്ഞാൽ അത് ഇംഗ്ലിഷിൽ പറയുന്ന പോലെ സ്പോയിലർ ആയി പോകും. ഈ സിനിമയോട് സഹകരിക്കാൻ കാരണം ഇതിന്റെ കഥ തന്നെയാണ്. പക്ഷേ ഇതൊരു വലിയ വിജയമാക്കി തന്ന എല്ലാ പ്രേക്ഷകരോടും എന്റെ ഭാഗത്തു നിന്നുള്ള ഒരു നന്ദി അറിയിക്കേണ്ട ഒരു ചുമതല എനിക്കുണ്ട്, അത് അറിയിച്ചുകൊള്ളുന്നു. കൂടുതലൊന്നും പറയുന്നില്ല. സിനിമ വിജയത്തിലേക്ക് വിജയത്തിലേക്ക് വിജയത്തിലേക്ക് കുതിക്കട്ടെ എന്ന് ഒരിക്കൽ കൂടി ആശംസിക്കുന്നു. എല്ലാവർക്കും ആശംസകൾ.’’– മമ്മൂട്ടി പറഞ്ഞു.