ഗാലറിയിൽ അജിത്തിന് കൈ അടിച്ച് മാധവന്‍; പ്രശംസിച്ച് കമലും രജനിയും

Mail This Article
13 വര്‍ഷത്തിനു ശേഷം റേസിങ് ട്രാക്കിലേക്കുള്ള തിരിച്ചുവരവില്‍ നടൻ അജിത് കുമാറിനു പിന്തുണയുമായി ഗാലറിയിൽ മാധവനും ഉണ്ടായിരുന്നു. ഗാലറിയിൽ നിന്നുള്ള ദൃശ്യങ്ങളും തന്റെ സോഷ്യൽമീഡിയ പേജിലൂടെ മാധവൻ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. മൂന്നാം സ്ഥാനം അജിത് കുമാറിനെന്ന് അനൗണ്‍സ് ചെയ്യുന്നതും എല്ലാവരും ആവേശത്തോടെ കൈയടിക്കുന്നതും വിഡിയോയില്‍ കാണാം. അജിത്തിന്റെ സ്വപ്‌നം സഫലമായി എന്നാണ് ഇതിന് മാധവന്‍ ക്യാപ്ഷന്‍ നല്‍കിയത്.
സുഹൃത്തെന്ന നിലയിലല്ല അജിത്തിന്റെ ആരാധകനായാണ് റേസിങ് കാണാൻ എത്തിയതെന്ന് മാധവൻ പറയുന്നുണ്ട്. അജിത്തിനെക്കുറിച്ച് ഓർക്കുമ്പോൾ ആവേശം തോന്നുന്നുവെന്ന് കമൽഹാസൻ കുറിച്ചു.
‘‘കന്നി മത്സരത്തില്‍ തന്നെ അജിത് കുമാർ റേസിങ് ടീം അസാധാരണ നേട്ടം കരസ്ഥമാക്കിയിരിക്കുന്നു. തന്റെ പാഷനില്‍ പുതിയ കൊടിമുടികള്‍ തീര്‍ക്കുന്ന അജിത്തിനെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കും ആവേശം തോന്നുന്നു. ഇന്ത്യന്‍ മോട്ടോര്‍ സ്‌പോര്‍ട്ട്‌സിലെ സുപ്രധാനവും അഭിമാനകരവുമായ നിമിഷമാണിത്.’’–കമൽഹാസന്റെ വാക്കുകൾ.
അജിത്ത് കുമാറിനെ പ്രശംസിച്ച് തമിഴ് സിനിമാ ലോകം ഒന്നടങ്കമെത്തി. രജനികാന്ത്, ഉദയ്നിധി അടക്കമുള്ളവരും താരത്തെ പ്രശംസിച്ചെത്തി. വലിയ നേട്ടത്തിന് പിന്നാലെ ഭാര്യയും നടിയുമായ ശാലിനിക്ക് നന്ദി പറയുന്ന അജിത്തിന്‍റെ വിഡിയോയും ആരാധകരുടെ ഇടയിൽ വൈറലായി.
‘‘എന്നെ റേസ് ചെയ്യാന്‍ അനുവദിച്ചതിന് നന്ദി ശാലു’’ എന്ന് വേദിയില്‍ നിന്ന് പറയുന്ന അജിത്തിനേയും അതുകേട്ട് ചിരിക്കുന്ന ശാലിനുയേയും വിഡിയോയില്‍ കാണാം. റേസിനുപിന്നാലെ ശാലിനിയെ കെട്ടിപിടിച്ച് ചുംബിക്കുന്ന അജിത്തിന്‍റെ വിഡിയോയും പുറത്തുവന്നിരുന്നു. ശാലിനിക്കൊപ്പം മകള്‍ അനൗഷ്‌കയും മകൻ ആദ്‌വിക്കും ദുബായിലെത്തിയിരുന്നു.
24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തിൽ താരം മൂന്നാമതായാണ് അജിത്തും സംഘവും ഫിനിഷ് ചെയ്തത്. നേരത്തേ പരിശീലനത്തിനിടെ താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. കാര്യമായ പരുക്കുകളൊന്നുമില്ലാത്തതിനാല്‍ റേസിങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.