വിജയ്‌ക്കൊപ്പം പൊങ്കൽ ആഘോഷമാക്കി കീർത്തി സുരേഷും ഭർത്താവും; വിഡിയോ

Mail This Article
വിജയ്‌ക്കൊപ്പം പൊങ്കൽ ആഘോഷമാക്കി കീർത്തി സുരേഷും ഭർത്താവ് ആന്റണിയും. കീർത്തിയുടെ അടുത്ത സുഹൃത്തും വിജയ്‌യുടെ മാനേജറുമായ ജഗദീഷ് പളനിസാമിയുടെ ഉടമസ്ഥതയിലുള്ള ദ് റൂട്ട് നിർമാണക്കമ്പനിയുടെ ഓഫിസിലായിരുന്നു പൊങ്കൽ ആഘോഷം.
ആഘോഷങ്ങൾക്കു ആവേശം പകരാൻ വിജയ് ഉം എത്തി. ഏറെ നേരം ഇവർക്കൊപ്പം ചിലവഴിച്ച ശേഷം താരം മടങ്ങുകയായിരുന്നു. തുടർന്ന് കീർത്തിയും സുഹൃത്തുക്കളും കസേരകളിയും മറ്റു മത്സരങ്ങളുമൊക്കെയായി ഇത്തവണത്തെ പൊങ്കൽ കെങ്കേമമാക്കി. മലയാളത്തിൽ നിന്നും മമിത ബൈജുവും കല്യാണി പ്രിയദർശനും ആഘോഷത്തിൽ പങ്കെടുത്തു.
മാസ്റ്റർ, ലിയോ തുടങ്ങിയ സിനിമകളുടെ കോ-പ്രൊഡ്യൂസർ എന്ന നിലയിലാണ് ജഗദീഷ് പളനിസാമിയെ സിനിമാ ലോകത്തിനു പരിചയം. 2015–ന്റെ മധ്യത്തിൽ ജഗദീഷ് വിജയ്‌യുടെ മാനേജർ ആയി. ഇതിനു ശേഷം കീർത്തി സുരേഷ് ഉൾപ്പെടെ ഒരുപറ്റം ശ്രദ്ധേയ താരങ്ങളുടെ മാനേജർ എന്ന നിലയിൽ ഇദ്ദേഹം വളർന്നു. സമാന്ത റൂത്ത് പ്രഭു, ലോകേഷ് കനകരാജ്, രശ്‌മിക മന്ദാന, കല്യാണി പ്രിയദർശൻ, മാളവിക മോഹനൻ, പ്രിയങ്ക അരുൾ മോഹൻ, കതിർ, സംയുക്ത, അർജുൻ ദാസ്, അഞ്ജലി എന്നിവരുടെ മാനേജർ കൂടിയാണ് ഇദ്ദേഹം.
സെലിബ്രിറ്റി മാനേജ്‌മന്റ് കമ്പനിയായ റൂട്ടിന്റെ സ്ഥാപകരിൽ ഒരാളാണ്. കല്യാണി പ്രിയദർശൻ നായികയായ 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന ചിത്രം നിർമിച്ചതും ജഗദീഷിന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ്. കീർത്തി സുരേഷ് നായികയാകുന്ന ‘റിവോൾവർ റീത്ത’യാണ് ഈ ബാനറിന്റെ പുതിയ ചിത്രം.