ഗെയിം ചേഞ്ചർ കലക്ഷൻ കണ്ടപ്പോൾ അല്ലു അർജുന്റെ കാലിൽ വീഴാൻ തോന്നി: രാം ഗോപാൽ വർമ

Mail This Article
ശങ്കർ രാംചരൺ ചിത്രം ഗെയിം ചേഞ്ചറിന്റെ കലക്ഷനെ പരിഹസിച്ച് രാം ഗോപാൽ വർമ. പുഷ്പ 2വുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു രാം ഗോപാൽ വർമയുടെ ട്വീറ്റ്. ഗെയിം ചേഞ്ചർ കണ്ടു കഴിഞ്ഞപ്പോൾ അല്ലു അർജുന്റെയും സുകുമാറിന്റെയും കാലുകളിൽ വീഴാൻ തോന്നി എന്നാണ് രാം ഗോപാൽ വർമ അഭിപ്രായപ്പെട്ടത്. രാജമൗലിയും സുകുമാറും തെലുങ്ക് സിനിമയെ ഉയരങ്ങളിലെത്തിച്ച്, ബോളിവുഡിനെ പോലും അത്ഭുതപ്പെടുത്തിയപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയുടെ കളക്ഷൻ എന്നാൽ 'ഫ്രോഡ്' എന്നാണെന്ന് ഗെയിം ചേഞ്ചർ ടീം കാണിച്ചുതന്നു. ബാഹുബലി, ആർആർആർ, കെജിഎഫ്, കാന്താര തുടങ്ങിയ സിനിമകളുടെ നേട്ടങ്ങളെ തകർത്തുകളയുന്ന ഈ അപമാനത്തിനു പിന്നിൽ ആരാണെന്ന് തനിക്ക് അറിയില്ല എന്നും റാം ഗോപാൽ വർമ കുറിച്ചു. ഗെയിം ചേഞ്ചർ ആദ്യദിന കളക്ഷൻ റിപ്പോർട്ട് സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൂടാതെ സിനിമയുടെ ബജറ്റിനെയും റാം ഗോപാൽ വർമ പരിഹസിച്ചു. 'ഗെയിം ചേഞ്ചറിനു ചിലവായത് 450 കോടിയാണെങ്കിൽ RRR-ൻ്റെ ഇതുവരെ കണ്ടിട്ടില്ലാത്ത വിഷ്വൽ അപ്പീലിനു 4500 കോടിയായിരിക്കും. ഗെയിം ചേഞ്ചർ സിനിമയുടെ ആദ്യ ദിന കളക്ഷൻ 186 കോടിയാണെങ്കിൽ 1860 കോടിയായിരിക്കും പുഷ്പ 2ൻ്റെ കളക്ഷൻ. വിശ്വസനീയമായ നുണ പറഞ്ഞാൽ കൊള്ളാം' എന്നാണ് റാം ഗോപാൽ വർമ കുറിച്ചത്.
കഴിഞ്ഞ ദിവസം ഗെയിം ചേഞ്ചർ ആദ്യദിന കളക്ഷൻ റിപ്പോർട്ട് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 186 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഇതിന്റെ ഔദ്യോഗിക പോസ്റ്ററും ഗെയിം ചേഞ്ചർ ടീം റിലീസ് ചെയ്തിരുന്നു. പിന്നാലെ ഈ കണക്കുകൾ വ്യാജമാണെന്ന വിമർശനങ്ങൾ ഉയർന്നു. യഥാർത്ഥത്തിൽ 86 കോടി മാത്രമാണ് സിനിമയുടെ കളക്ഷൻ എന്നും അണിയറപ്രവർത്തകർ നൂറ് കോടിയിലധികം രൂപ പെരുപ്പിച്ച് കാണിച്ചെന്നും പലരും സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നു. മുമ്പും പല താരങ്ങളുടെ സിനിമകളും ചെറിയ അളവിൽ കണക്കുകൾ പെരുപ്പിച്ച് കാണിച്ചിട്ടുണ്ടെങ്കിലും ഇത് തെലുങ്ക് സിനിമയ്ക്ക് തന്നെ നാണക്കേടാണെന്നും പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.