അനുരാഗ് കശ്യപിന്റെ ബുദ്ധിശക്തിയും കൗശലവും: വൈറലായി സുരഭി ലക്ഷ്മിയുടെ വിഡിയോ

Mail This Article
റൈഫിൾ ക്ലബ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത അനുരാഗ് കാശ്യപിനൊപ്പമുള്ള രസകരമായ വിഡിയോ പങ്കുവച്ച് നടി സുരഭി ലക്ഷ്മി. മികച്ച സംവിധായകനായ അനുരാഗ് കാശ്യപിനൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സുരഭി ലക്ഷ്മി വിഡിയോയോടൊപ്പം കുറിച്ചു. റൈഫിൾ ക്ലബ്ബ് പ്രിയപ്പെട്ട ഓർമയായി എന്നെന്നും ഒപ്പമുണ്ടാകുമെന്നും ചിത്രം സിനിമയിൽ തന്നെ ഒരു നാഴികക്കല്ലായിരിക്കുമെന്നും സുരഭി ലക്ഷ്മി കുറിച്ചു.
‘‘ലോകത്തിന് ഈ മനുഷ്യനെ ഇനിയും ആവശ്യമുണ്ട്, അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും കൗശലവും. എത്ര മികച്ച ഒരു ചലച്ചിത്ര സംവിധായകനാണ് അദ്ദേഹം, അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ട്. റൈഫിൾ ക്ലബ് എപ്പോഴും ഒരു പ്രിയപ്പെട്ട ഓർമയായി തുടരും അതേസമയം തന്നെ സിനിമയിൽ ഒരു നാഴികക്കല്ലായി ഒരു സാഹസികതയുമായിരിക്കും അത്.’’–സുരഭിയുടെ വാക്കുകൾ.
കഴിഞ്ഞ വർഷാവസാനം റിലീസ് ചെയ്ത ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ്ബ് തിയറ്ററുകളിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രമായിരുന്നു. ദിലീഷ് പോത്തൻ, വിജയരാഘവൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, സുരഭി ലക്ഷ്മി, ഉണ്ണിമായ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിട്ടുണ്ട്. തോക്കുകളുടെയും ചെറുത്തുനിൽപ്പിന്‍റേയും കഥ പറഞ്ഞ ചിത്രം പുത്തന്‍ കാഴ്ചാനുഭവമാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്.
ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വിഷ്ണു അഗസ്ത്യ, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ് എന്നിവരാണ് റൈഫിള്‍ ക്ലബ്ബില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഒപിഎം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവരായിരുന്നു നിര്‍മാണം.