‘ഒരു നിമിത്തംപോലെ ആ കവർ താഴെ വീണു, അതിൽ ‘കാതോടു കാതോര’ത്തിന്റെ 9 ഫോട്ടോകൾ’

Mail This Article
ഭരതനും ജോൺ പോളും ഒന്നിച്ച ‘കാതോടു കാതോരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പശ്ചാത്തലത്തിലേക്ക് ഉദ്വേഗജനകമായ കഥയെ കൂട്ടിയിണക്കി ഒരുക്കിയ ‘രേഖാചിത്രം’ കണ്ടിറങ്ങുമ്പോൾ മമ്മൂട്ടിയും സരിതയുമെല്ലാം അനശ്വരമാക്കിയ സിനിമയെക്കുറിച്ചുള്ള ഓർമകളും പ്രേക്ഷകരുടെ മനസ്സിൽ നിറയും. ‘ഇതര ചരിത്രം’ എന്ന ജോണറിൽ ഒരുക്കിയിരിക്കുന്ന രേഖാചിത്രത്തിന്റെ കാഴ്ചകൾ തിയറ്ററിൽ ഒതുങ്ങുന്നില്ല എന്നതാണ് വാസ്തവം. ടെയ്‍ൽ എൻഡിൽ ‘കാതോടു കാതോര’ത്തിലെ ലൊക്കേഷൻ സ്റ്റിൽസ് കൂടി പ്രേക്ഷകരുടെ മുൻപിലെത്തുമ്പോൾ സീറ്റിൽ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടക്കാനൊരുങ്ങുന്നവർ പോലും തിരശ്ശീലയിൽ കണ്ണുറപ്പിക്കും. ക്രെഡിറ്റ് ലൈനിലെ നന്ദി പ്രകടനത്തിന് ഇത്രയേറെ കയ്യടി കിട്ടിയ മറ്റൊരു ചിത്രം ഉണ്ടാകില്ല. സിനിമ കഴിഞ്ഞിട്ടും പ്രേക്ഷകരെ തിരശ്ശീലയ്ക്കു മുൻപിൽ പിടിച്ചിരുത്തിയ ‘കാതോടു കാതോര’ത്തിലെ ലൊക്കേഷൻ സ്റ്റിൽസ് കണ്ടെത്തിയതും അൽപം സിനിമാറ്റിക് ആയിരുന്നുവെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ പറയുന്നു.


ഷാജി നടുവിലിന്റെ വാക്കുകൾ: ‘‘കാതോടു കാതോരം എന്ന സിനിമ സെവൻ ആർട്സ് ആണ് നിർമിച്ചത്. അവരുടെ ആദ്യ സിനിമയായിരുന്നു അത്. സിനിമയുടെ ചിത്രങ്ങൾ വല്ലതും കിട്ടുമോ എന്നറിയാൻ അവരുടെ ഓഫിസിലേക്ക് ഞാൻ നേരിട്ടു പോയി. അവർ പുതിയ ഓഫിസിലേക്ക് മാറിയിരുന്നു. പഴയ ഓഫിസിൽ നിന്ന് ആൽബങ്ങളും മാറ്റിയെന്ന് അറിയാൻ കഴിഞ്ഞു. കോൺക്രീറ്റിന്റെ തുരങ്കം പോലെയൊരു സെറ്റപ്പിലാണ് അവർ ആൽബങ്ങൾ സൂക്ഷിച്ചിരുന്നത്. ഞാൻ അവിടെ വലിഞ്ഞു കേറി ആൽബങ്ങൾ ഓരോന്നായി എടുത്ത് തിരയുകയായിരുന്നു. കാതോടു കാതോരത്തിന്റെ ഫോട്ടോകൾ ഒന്നും ഉണ്ടാകാൻ വഴിയില്ലെന്നാണ് ആദ്യം ചോദിച്ചപ്പോൾ പറഞ്ഞത്. അവരുടെ ആദ്യപടം ആയിരുന്നല്ലോ.

ഫോട്ടോകൾ ഉണ്ടാകില്ലെന്നു പറഞ്ഞെങ്കിലും ഞാൻ പ്രതീക്ഷ കൈവിട്ടില്ല. പഴയകാലം ഷൂട്ട് ചെയ്യാനുള്ളതു കൊണ്ട് ആ കാലഘട്ടത്തിലെ ഏതെങ്കിലും സിനിമയുടെ സ്റ്റിൽസ് കിട്ടിയാലും ഉപകാരപ്രദമാണ്. അക്കാലത്ത് ഉപയോഗിച്ചിരുന്ന ലൈറ്റും മറ്റു ഷൂട്ടിങ് സംവിധാനങ്ങളെക്കുറിച്ചെല്ലാം അതിലൂടെ അറിയാമല്ലോ. അവസാനം അവിടത്തെ പഴയൊരു സ്റ്റാഫ് എന്നെ സഹായിക്കാനെത്തി. അങ്ങനെ ഞങ്ങൾ ഒരു കോണിയൊക്കെ സംഘടിപ്പിച്ച് പഴയ ആൽബങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് വലിഞ്ഞു കയറി ഓരോന്നായി എടുത്തു താഴെയിറക്കി. എല്ലാ ആൽബങ്ങളും അരിച്ചു പെറുക്കി. ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.’’
‘‘ആ അന്വേഷണത്തിൽ വേറെ ഒരുപാട് പഴയ ചിത്രങ്ങളുടെ ഫോട്ടോകൾ കണ്ടെത്തി. ‘നാടുവാഴികൾ’ തുടങ്ങി മോഹൻലാലിന്റെ ചില ചിത്രങ്ങളുടെ ഫോട്ടോകൾ അതിലുണ്ടായിരുന്നു. എല്ലാം തിരച്ചിലും അവസാനിപ്പിച്ച് വെറുതെ ഒരു ആൽബം മറിച്ചപ്പോൾ അതിൽ നിന്നൊരു കവർ താഴെ വീണു. ആ കവറിൽ ‘കാതോടു കാതോരത്തിന്റെ’ 9 ഫോട്ടോകൾ ഉണ്ടായിരുന്നു. ഇപ്പോൾ എന്‍ഡ് ടൈറ്റിലിൽ കാണിക്കുന്ന ചിത്രങ്ങൾ അങ്ങനെയാണ് എന്റെ കയ്യിൽ വന്നു ചേർന്നത്. അതൊരു വൻ ‘രോമാഞ്ചിഫിക്കേഷൻ’ മൊമന്റ് ആയിരുന്നു. തിരച്ചിൽ നടത്തിയ ആൽബത്തിന്റെ താളുകൾ ഓരോന്നും ഒട്ടിപ്പിടിച്ച് ഇരിക്കുന്ന നിലയിലായിരുന്നു. അങ്ങനെ ഒട്ടിയിരുന്ന രണ്ടു താളുകൾക്ക് ഇടയിൽ നിന്നാണ് ഈ ചിത്രങ്ങൾ കണ്ടെടുത്തത്. അധികം കേടുപാടുകളൊന്നും ആ ഫോട്ടോകൾക്ക് സംഭവിച്ചിരുന്നില്ല. അന്നത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ്. വലിയ ഷാർപ്നെസ് ഒന്നുമില്ല. എങ്കിലും അത്രയെങ്കിലും കിട്ടിയല്ലോ. ഇതെല്ലാം ഒരു നിമിത്തമായിട്ടാണ് എനിക്കു തോന്നിയത്. ഈ പടത്തിനു വേണ്ടി മാറ്റി വയ്ക്കപ്പെട്ട പോലെ ആ ചിത്രങ്ങൾ മുന്നിൽ വന്നു വീണു. വലിയ സന്തോഷത്തോടെയാണ് ഞാൻ തിരികെ വന്നത്,’’ ഷാജി നടുവിൽ പറഞ്ഞു.

ജനുവരി ഒൻപതിനാണ് ‘രേഖാചിത്രം’ പ്രദർശനത്തിന് എത്തിയത്. ദ് പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചില സര്‍പ്രൈസുകളുമുണ്ട്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതില്‍ ആദ്യദിനം തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫിസിലും മികച്ച പ്രതികരണമാണ് നേടുന്നത്. ആറു ദിവസത്തിനുള്ളിൽ 40 കോടിക്ക് അടുത്താണ് ചിത്രത്തിന്റെ വേൾഡ് വൈഡ് കലക്‌ഷൻ. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമിച്ചത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയാറാക്കിയത്.