അനശ്വരയുടെ എല്ലാ സിനിമകളും ഞാൻ കാണാറുണ്ട്; ഇതും മികച്ചത്; രേഖാചിത്രത്തെ പ്രശംസിച്ച് കീർത്തി സുരേഷ്

Mail This Article
രേഖാചിത്രത്തെ പ്രശംസിച്ച് നടി കീർത്തി സുരേഷ്. ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവച്ച കുറിപ്പിലാണ് സിനിമയെയും അനശ്വര രാജനെയും ആസിഫ് അലിയെയും കീർത്തി സുരേഷ് പ്രശംസിച്ചത്. സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ വാക്കുകൾ കിട്ടുന്നില്ല എന്ന് കീർത്തി സുരേഷ് പറയുന്നു. അനശ്വരയുടെ എല്ലാ ചിത്രങ്ങളും കാണാറുണ്ടെന്നും ഓരോന്നിലും അനശ്വരയുടെ പ്രകടനം ഒന്നിനൊന്ന് മികച്ചതാണെന്നും കീർത്തി കുറിച്ചു. ആസിഫ് അലിയുടെ സിനിമാ തെരഞ്ഞെടുപ്പുകൾ മികവുറ്റതാണെന്നും അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നും കീർത്തി പറയുന്നു. മലയാള സിനിമയ്ക്ക് എന്നന്നേക്കും ഓർത്തുവെക്കാൻ ഒരു ഹിറ്റ് സിനിമ സമ്മാനിച്ച ജോഫിൻ ചാക്കോ, വേണു കുന്നപ്പള്ളി , രാമു സുനിൽ, അപ്പു പ്രഭാകർ തുടങ്ങിയവരെയും മറ്റു അഭിനയേതാക്കളെയും അഭിനന്ദിച്ചുകൊണ്ടാണ് കീർത്തി സുരേഷ് കുറിപ്പ് അവസാനിപ്പിച്ചത്.
"രേഖാചിത്രം കണ്ടു, ഇത് എഴുതാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. ഈ സിനിമ കണ്ട ഹാങ്ങ് ഓവറിലാണ് ഞാൻ ഒന്നും എഴുതാൻ പോലും കഴിയുന്നില്ല. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച തിരക്കഥയും എഴുത്തും. ഓരോ വിശദാംശങ്ങളും എന്നെ അത്ഭുതപ്പെടുത്തി. പ്രിയപ്പെട്ട അനശ്വര നിന്റെ എല്ലാ സിനിമകളും ഞാൻ കാണുകയും നിന്റെ അഭിനയം ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഈ സിനിമയിലും നീ ഏറെ മികച്ചതായിരുന്നു
ആസിഫ് നിങ്ങൾ തുടർച്ചായി എന്നെ അത്ഭുതപ്പെടുത്തുന്നു. സൂക്ഷ്മമായ പ്രകടനത്തിലൂടെ ചെയ്യുന്ന ഓരോ കഥാപാത്രത്തെയും നിങ്ങൾ ഏറെ മികവുറ്റതാക്കുന്നു. നിങ്ങളുടെ തിരക്കഥ തിരഞ്ഞെടുപ്പുകൾ മികച്ചതാണ്. അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു. രേഖാചിത്രത്തിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഈ ചിത്രത്തെക്കുറിച്ച് ഓർത്ത് അഭിമാനിക്കാൻ ഏറെയുണ്ട് സുഹൃത്തുക്കളേ, ടീമിലെ ഓരോരുത്തരും നന്നായിരുന്നു." കീർത്തി സുരേഷ് കുറിച്ചു.