ജോർജിന്റെ മകളുടെ മധുരം വയ്പ്പ് ആഘോഷമാക്കി മമ്മൂട്ടിയും ദുൽഖറും

Mail This Article
നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജിന്റെ മൂത്ത മകൾ സിന്തിയ വിവാഹിതയാകുന്നു. അഖിൽ ആണ് വരൻ. കൊച്ചി ഐഎംഎ ഹാളിൽ നടന്നുവച്ച മധുരംവയ്പ്പു ചടങ്ങിൽ മമ്മൂട്ടിയും ദുൽഖറും കുടുംബസമേതം പങ്കെടുത്തു. ചടങ്ങിലുടനീളം നിറ സാന്നിധ്യമായിരുന്നു ഇവർ.
മമ്മൂട്ടിയുടെ സന്തതസഹചാരിയാണ് ജോർജ്. മമ്മൂട്ടിയെന്ന താരത്തിന്റെ ഉന്നതിയിലും ജീവിതയാത്രയിലുമെല്ലാം എപ്പോഴും കൂടെയുള്ള സൗഹൃദം. മമ്മൂട്ടിക്കും സുൽഫത്തിനുമൊപ്പം ദുൽഖർ സൽമാൻ, ഭാര്യ അമാൽ, മകൾ മറിയം എന്നിവരും ചടങ്ങിനു എത്തിച്ചേർന്നിരുന്നു.
രമേഷ് പിഷാരടിയും ഭാര്യയ്ക്ക് ഒപ്പം ചടങ്ങിന് എത്തിച്ചേർന്നു. ജോർജിനും ഭാര്യ ഉഷയ്ക്കുമൊപ്പം രണ്ട് മക്കളാണ്. ഇളയ മകൾ സിൽവിയ ജോർജ്. ജനുവരി 18ന് പാലായിൽ വച്ചാണ് വിവാഹം.
ഐ.വി. ശശി ചിത്രമായ ‘നീലഗിരി’ എന്ന ചിത്രത്തിൽ മേക്കപ്പ് മാനായാണ് മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ജോർജിന്റെ യാത്ര തുടങ്ങുന്നത്. ജോഷി സംവിധാനം ചെയ്ത കൗരവർ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി അരങ്ങേറ്റം കുറിച്ചു. 25ൽ അധികം ചിത്രങ്ങളിൽ മമ്മൂട്ടിയുമായി സഹകരിച്ച ജോർജ് പിന്നീട് താരത്തിന്റെ പേഴ്‌സണൽ മേക്കപ്പ് മാനായി മാറുകയായിരുന്നു.2010-ൽ, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിന് രതീഷ് അമ്പാടിയോടൊപ്പം 40-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച മേക്കപ്പ്മാനുള്ള അവാർഡും ജോർജ് പങ്കിട്ടു.
ഇന്ന് മലയാളസിനിമയിലെ പ്രമുഖ നിർമാതാവ് കൂടിയാണ് ജോർജ് ഇന്ന്. മമ്മൂട്ടി നായകനായി എത്തിയ മായാവി എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് ആയിരുന്നു. മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ‘ഇമ്മാനുവൽ’ എന്ന ചിത്രം നിർമ്മിച്ചതും ജോർജാണ്. അച്ചാ ദിന്, പുഴു പോലുള്ള ചിത്രങ്ങളുടെ നിർമാതാവും ജോർജ് തന്നെ. 2023ൽ റിലീസ് ചെയ്ത ‘വേല’ എന്ന സിനിമയാണ് ജോര്‍ജ് അവസാനമായി നിർമിച്ചത്.