ഉണ്ണി മുകുന്ദൻ എന്ന പാവത്തെ നശിപ്പിക്കരുത്, ഈ സിനിമ എല്ലാവരും കാണണം: ‘മാർക്കോ’ റിലീസ് ദിവസം നിസാർ മാമുക്കോയ പറഞ്ഞു

Mail This Article
നടൻ ഉണ്ണി മുകുന്ദനെയും മാർക്കോ സിനിമയെയും മാമുക്കോയയുടെ മകനും നടനുമായ നിസാർ മാമുക്കോയ അധിക്ഷേപിച്ചു എന്ന ആരോപണങ്ങൾ കൊഴുക്കുന്നതിനിടെ വൈറലായി നിസാർ ഡിസംബർ 25നു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ. ‘മാർക്കോ’ സിനിമ ഇറങ്ങിയ അതേ ദിവസം തന്നെ ഈ സിനിമയെ പ്രകീർത്തിച്ചുകൊണ്ടുള്ള വിഡിയോ നിസാർ തന്റെ പേജുകളിൽ പങ്കുവച്ചിരുന്നു. എന്നാൽ ‘ഒരുമ്പെട്ടവൻ’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നിസാർ പറഞ്ഞൊരു പ്രസ്താവന ഏറെ ചർച്ചയാകുകയും ഉണ്ണി മുകുന്ദനെതിരെയും മാർക്കോ സിനിമയ്ക്കെതിരെയും നിസാർ രംഗത്തുവന്നു എന്ന തരത്തിൽ പിന്നീട് വാർത്തകൾ വരുകയുമായിരുന്നു.
‘‘ഈ ഡിസംബർ 25നു ഞാൻ പോസ്റ്റ് ചെയ്ത വിഡിയോ ആണ് ഇത്. ഇത്ര വ്യക്തമായി പറഞ്ഞിട്ടും. ഒരു സാമൂഹ്യ ബോധവും ഇല്ലാതെ എന്നെ തേച്ചൊട്ടിക്കാൻ വരുന്ന മുത്ത് മണികൾക്ക് ഞമ്മള്‍ വീണ്ടും ഇത് ഇവിടെ ഒട്ടിച്ചു വയ്ക്കുന്നു.(ഈ പേജിൽ 25 ഡിസംബർ 24 ഈ വിഡിയോ കാണാം കേട്ടോ ))ഞമ്മളെ വെറുതെ വിടരുത്. കാലം ഒന്നും തിരുത്താതെ പോയിട്ടില്ലാ കേട്ടോ.’’–ഡിസംബർ 25ന് അപ്‌ലോഡ് ചെയ്ത വിഡിയോ പങ്കുവച്ച് നിസാർ പറഞ്ഞു.
മാർക്കോ താൻ കണ്ടില്ല എന്നും നല്ല സിനിമയാണെന്ന് കേൾക്കുന്നുവെന്നും പ്രേക്ഷകരെല്ലാം ആ സിനിമയെ പ്രോത്സാഹിപ്പിക്കണം എന്നുമാണ് നിസാർ വിഡിയോയിൽ പറയുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യ സിനിമയായ ‘മല്ലു സിങ്’ താൻ കണ്ടിരുന്നു. ഉണ്ണി വളരെ നന്നായി അഭിനയിക്കുന്ന നല്ലൊരു ചെറുപ്പക്കാരനാണ്, മാളികപ്പുറം എന്ന സിനിമയും ജയ് ഗണേഷ് എന്ന സിനിമയും വളരെ നല്ലതാണ്. താരങ്ങൾക്ക് രാഷ്ട്രീയം ഉള്ളത് നല്ല കാര്യമാണ്. പ്രേക്ഷകർ രാഷ്ട്രീയം നോക്കി സിനിമ കാണരുതെന്നും സിനിമ നല്ലതാണെങ്കിൽ പ്രോത്സാഹിപ്പിക്കണമെന്നും നിസാർ വിഡിയോയിൽ പറയുന്നു.
‘‘ഞാൻ മാമുക്കോയയുടെ മകൻ ആണ്. ഒരു സിനിമയുടെ റിവ്യൂ പറയാൻ വന്നതാണ്. ആ സിനിമ ഞാൻ കണ്ടിട്ടില്ല. പക്ഷേ നാട് മുഴുവൻ പറയുന്നു ആ സിനിമ ഗംഭീര സിനിമയാണെന്ന്. എല്ലാവരും പറയുന്നു ടിക്കറ്റ് കിട്ടാനില്ല, ഒരുപാട് ദിവസത്തേക്ക് ബുക്കിങ് ആണെന്ന്. അത് കേൾക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. കാരണം ഒരു ഇൻഡസ്ട്രി നിലനിൽക്കാനുള്ള ഒരു കാരണമാണ് അത്. പത്തിരുനൂറ്റമ്പത് പേര്‍ ജോലി ചെയ്യുന്ന ഒരു കാര്യമാണ് സിനിമ. അത്രയും കുടുംബം ഇതുമൂലം ജീവിക്കുന്നുണ്ട്. ഈ സിനിമ വിജയിച്ചു കഴിഞ്ഞാൽ പ്രൊഡ്യൂസർ വീണ്ടും സിനിമ ചെയ്യും അപ്പോൾ വീണ്ടും ആളുകൾ അത് കാണും. ഞാൻ പറഞ്ഞുവന്നത് മാർക്കോ എന്ന സിനിമയെ കുറിച്ചാണ്. ഉണ്ണി മുകുന്ദൻ ആണ് ഹീറോ.
ഉണ്ണിമുകുന്ദന്റെ കുറെ സുഹൃത്തുക്കളെ എനിക്ക് പരിചയമുണ്ട്. ഉണ്ണിമുകുന്ദൻ ഒരു മഹാപാവമാണെന്ന് ഞാനറിഞ്ഞത്. ഞാൻ ഉണ്ണി മുകുന്ദനെ നേരിട്ട് കണ്ടിട്ടില്ല. ഉണ്ണി വളരെ നല്ല ഒരു സ്വഭാവമുള്ള ചെറുപ്പക്കാരനാണ്. ചില കാര്യങ്ങൾക്ക് സുരേഷേട്ടൻ പറയുന്നതുപോലെ മറുപടി പെട്ടെന്ന് പറഞ്ഞു പോകുന്ന വിഷയങ്ങളൊക്കെ ഉണ്ടാകും. ഉണ്ണി ഒരു സിനിമ അഭിനയിച്ചിരുന്നു മല്ലുസിങ്. അതൊരു വല്ലാത്ത സിനിമയായിരുന്നു. ഒരുപാട് ആളുകൾ ആസ്വദിച്ച സിനിമയാണ് മല്ലുസിങ്, അത് സത്യമാണ്. അന്ന് ഒരു സംസാരം കേട്ടിരുന്നു ഒരുപാട് ആളുകൾ ഉണ്ണിയുടെ മുന്നിൽ നിന്നും മാറി നിൽക്കേണ്ടിവരും എന്ന്. അതുകഴിഞ്ഞ് മാളികപ്പുറം വന്നപ്പോൾ ഉണ്ണി അതിനേക്കാൾ കയറിപ്പോയി, പിന്നീട് ജയ് ഗണേഷ് അങ്ങനെ വലിയൊരു വിജയം നേടിയില്ല.
ഞാനും ജാഫറിക്കയും ഒക്കെ അഭിനയിച്ച ഒരുമ്പെട്ടവൻ എന്ന സിനിമ റിലീസ് ആവുകയാണ്. സിനിമയുടെ പ്രമോഷൻ സമയത്ത് സംസാരിച്ചപ്പോൾ ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയം പറഞ്ഞു. നമുക്ക് എല്ലാവർക്കും രാഷ്ട്രീയമുണ്ട് അതിനെ മറ്റൊരു രീതിയിൽ പറയുമ്പോഴേ പ്രശ്നമുള്ളൂ. അപ്പോൾ നിന്റെ വാപ്പ അങ്ങനെ പറഞ്ഞില്ലേ, മറ്റവൻ ഇങ്ങനെ പറഞ്ഞില്ലേ എന്നൊന്നും പറയരുത്. സിനിമ മതപരമായിട്ട് കാണരുത്. സിനിമ നിങ്ങൾക്ക് കാണണ്ട എന്ന് തോന്നുന്നുണ്ടെങ്കിൽ സിനിമ കാേണ്ട. അത് കാണാൻ ആഗ്രഹിക്കുന്ന ഒരു സമൂഹം നിലവിലുണ്ട്, അവർ കണ്ടോട്ടെ. സിനിമ നശിപ്പിക്കുന്നതുകൊണ്ടൊന്നും ആർക്കും ഒരു ഗുണവും കിട്ടില്ല. നല്ല മനസ്സിന്റെ ഉടമകൾക്കേ നല്ലത് പറയാൻ പറ്റുകയുള്ളൂ. ദോഷം ആയിട്ട് പറയുകയാണെങ്കിൽ ഹാർപിക് വാങ്ങുക. അത് കുറച്ചു ഒഴിച്ചു കുടിക്കുക മനസ്സൊക്കെ ഒന്ന് കഴുകി ആ കറ കളയുക.
മാർക്കോ എന്ന സിനിമ ഒരുപാട് ആളുകൾ നല്ല അഭിപ്രായം പറഞ്ഞ സിനിമയാണ്. അതൊരു പാൻ ഇന്ത്യൻ ലെവലിൽ ഉള്ള സിനിമയാണ്. ഉണ്ണി മുകുന്ദൻ ഇതോടുകൂടി രക്ഷപെടും. ഈ സിനിമ നല്ല സിനിമയാണെന്ന് കേൾക്കുന്നു. ഉണ്ണിമുകുന്ദന്റെ സ്വഭാവം നല്ല സ്വഭാവമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെപ്പറ്റി ആരും ചിന്തിക്കണ്ട. എനിക്ക് ഗുജറാത്തിലൊക്കെ കുറിച്ച് സുഹൃത്തുക്കളുണ്ട്. ഒരു കല്യാണത്തിന് പോയപ്പോൾ അവരിൽ കുറച്ചുപേർ എന്ന് പറയുന്നത് ഞാൻ കേട്ടതാണ്, അവർക്ക് ഒരു രാഷ്ട്രീയമേ ഉള്ളൂ, അത് നരേന്ദ്രമോദിയുടേതാണ്. ഞാൻ മോദിയുടെ ആളല്ല ബിജെപിക്കാരൻ അല്ല, കോൺഗ്രസുകാരനാണ്. മതേതരത്തിൽ വിശ്വസിക്കുന്ന ആളാണ്. വർഗീയത കുപ്പത്തൊട്ടിയിൽ ആയിരം വട്ടം എറിയണമെന്ന് ഞാൻ പറയും.
അതുകൊണ്ട് എനിക്ക് എന്ത് അപകടം സംഭവിച്ചാലും പ്രശ്നമില്ല. ഒരു മത വർഗീയവാദിയോടും ഒരു കോംപ്രമൈസിനും തയാറല്ലാത്ത ആളാണ് ഞാൻ. പക്ഷേ ഉണ്ണി മുകുന്ദൻ എന്ന വ്യക്തിയോടു ദേഷ്യം പിടിച്ച് ഓരോന്ന് പറയുമ്പോൾ ആ സിനിമ നശിച്ചു പോകും. സിനിമ കാണാതെ അത് ഇങ്ങനെയാണ് അങ്ങനെയാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. എന്തിനാണ് ഇങ്ങനെ പറയുന്നത് അയാൾ നശിച്ചത് കൊണ്ട് നിങ്ങൾക്ക് എന്താണ് ലാഭം കിട്ടുന്നത്. അതിന്റെ പ്രൊഡ്യൂസറും സംവിധായകനും ആരാണെന്ന് നിങ്ങൾക്ക് അറിയില്ലേ.
ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയം എന്തായാലും മാർക്കോ എന്ന സിനിമ പൊളിയാൻ പാടില്ല എന്ന് ഞാൻ പറഞ്ഞത് കട്ട് ചെയ്ത്, കട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ വേറൊരു തരത്തിൽ ഇടുകയാണ്. എന്നോടു ചോദിച്ചത് ‘മാർക്കോ’ പോലെയുള്ള വലിയൊരു സിനിമ നിൽക്കുമ്പോൾ അല്ലെങ്കിൽ ലാലേട്ടന്റെ ‘ബറോസ്’ എന്ന സിനിമ വരുന്നു അതിനിടയിൽ ഇതുപോലൊരു ചെറിയ സിനിമ ഇല്ലാണ്ടായി പോകില്ലേ എന്നാണ്. ജാഫർ ഇക്കയോട് ചോദിച്ചപ്പോൾ ജാഫർ ഇക്ക പറഞ്ഞത് മാർക്കോയും വിജയിക്കണം എല്ലാ സിനിമയും വിജയിക്കണം എന്നാണ്. മാർക്കോ, കീർക്കോ എന്ന് ജാഫർക്കയുടെ ഒരു ശൈലിയിൽ പറഞ്ഞതാണ്. മാർക്കോ നല്ല സിനിമയെന്ന് പതിനായിരം ആള് പറയുന്നുണ്ട്. ഞാൻ കാണാൻ ശ്രമിച്ചിട്ട് ടിക്കറ്റ് കിട്ടുന്നില്ല. ഞാൻ കാണുക തന്നെ ചെയ്യും.സിനിമയെ സ്നേഹിക്കുന്നവർ ഉണ്ണിമുകുന്ദന്റെ സിനിമ കാണണം. ഉണ്ണി മുകുന്ദൻ എന്ന പാവത്തെ നശിപ്പിക്കരുത്. ആ സിനിമയെ നശിപ്പിച്ചിട്ട് നിങ്ങൾക്ക് എന്ത് കിട്ടാനാണ്. ഒരു സിനിമാ സെറ്റിൽ എല്ലാ മത ജാതിക്കാരും ഉണ്ട്.
എന്നെ ഹിന്ദുവിന്റെ ശത്രുവാക്കാൻ നോക്കണ്ട. ഞാൻ മാമുക്കോയ എന്ന നല്ല ബ്രാൻഡിൽ ജനിച്ചതാണ്. മതവികാരവും വർഗീയതയും എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. ഞാൻ ഈ വർഗീയതയൊക്കെ കുറെ കണ്ടതാ. എന്നെ ഉണ്ണി മുകുന്ദന്റെ ശത്രുവാക്കാനോ മാർക്കോ സിനിമയുടെ ശത്രുവാക്കാനോ നോക്കണ്ട. അത് നടക്കില്ല. മാർക്കോ നല്ല സിനിമയാണ് എല്ലാവരും പോയി കാണണം, പ്രോത്സാഹിപ്പിക്കണം. മനസ്സിന്റെ കണ്ണുകൊണ്ട് സിനിമ കാണണം അതിലെ നല്ല സന്ദേശങ്ങൾ മനസ്സിലേക്ക് എടുക്കണം.’’–നിസാർ മാമുക്കോയ ആ വിഡിയോയിൽ പറയുന്നു.
‘ഒരുമ്പെട്ടവൻ’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ഉണ്ണിമുകുന്ദനെയും മാർക്കോയെയും നിസാർ വിമർശിച്ചുവെന്ന് തരത്തിൽ പല സിനിമാ ഗ്രൂപ്പുകളിലും പോസ്റ്റുകൾ വന്നിരുന്നു. ഒരു കലാകാരന് രാഷ്ട്രീയം പാടില്ലെന്നും ഉണ്ണി മുകുന്ദൻ കടുത്ത രാഷ്ട്രീയക്കാരനാണെന്നുമായിരുന്നു നിസാർ മാമൂക്കോയ പ്രസ്മീറ്റിനിടെ അഭിപ്രായപ്പെട്ടത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഉണ്ണിയുടെ ചില പ്രസ്താവനകളാണ് അദ്ദേഹത്തിന്റെ സിനിമകൾക്കു നേരെയുള്ള ആക്രമണങ്ങൾക്കു കാരണമെന്നും നിസാർ പറയുകയുണ്ടായി