‘തിയറ്ററിൽ മിസ്സ് ആക്കരുത് ഈ ത്രില്ലർ’; രേഖാചിത്രത്തെ പ്രശംസിച്ച് ദുൽഖർ

Mail This Article
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം രേഖാചിത്രത്തെ പ്രശംസിച്ച് ദുൽഖർ സൽമാൻ. സിനിമയിലെ താരങ്ങളെ ഓരോരുത്തരെയും പേരെടുത്തു പരാമർശിച്ചാണ് ദുൽഖറിന്റെ അഭിനന്ദനം. അവിശ്വസനീയമായ പ്രകടനമാണ് ആസിഫ് അലി സിനിമയിൽ കാഴ്ച വച്ചതെന്നും ഈ സിനിമയിലും കഥാപാത്രത്തിലും ഹൃദയം അർപ്പിച്ചതിന് താരം മുഴുവൻ സ്നേഹവും അർഹിക്കുന്നുണ്ടെന്നും ദുൽഖർ പറഞ്ഞു.
ദുൽഖറിന്റെ വാക്കുകൾ: രേഖാചിത്രം എന്ന ഗംഭീര സിനിമ കണ്ടു. ആരെങ്കിലും ഈ സിനിമ കാണാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ മറക്കാതെ തിയറ്ററിൽ പോയി കാണുക. ഇതൊരു ത്രില്ലറാണ്. ഇതിൽ നിഗൂഢതയുണ്ട്. മലയാളം സിനിമാപ്രേമികൾക്ക് മാത്രം ആസ്വദിക്കാൻ കഴിയുന്ന ഗൃഹാതുരത്വമുണ്ട്. ഒപ്പം എന്റെ പ്രിയപ്പെട്ട ചില അഭിനേതാക്കളുടെ ചില അവിശ്വസനീയമായ പ്രകടനങ്ങളും!
ഈ സിനിമയിലും കഥാപാത്രത്തിലും മനസ്സ് അർപ്പിച്ചതിന് ആസിഫ് എല്ലാ സ്നേഹവും അർഹിക്കുന്നു. നിരപരാധിയായ ഇരയുടെ മരണത്തിനു പിന്നിലെ നിഗൂഢത പുറത്തു കൊണ്ടുവരുന്നതിനും അവർക്ക് നീതി ലഭ്യമാക്കുന്നതിനു വേണ്ടിയുമുള്ള പരിശ്രമങ്ങളിലെ നിരാശയും വേദനയും മനോധൈര്യവും ഞങ്ങളെ താങ്കളുടെ കാഴ്ചക്കാരാക്കി! അനശ്വര... താങ്കൾ രേഖയെ അവതരിപ്പിച്ചതിൽ ഒരുപാടു പ്രതീക്ഷയും നിഷ്കളങ്കതയും ഉണ്ടായിരുന്നു. മനോജേട്ടാ... വിൻസന്റായി നിങ്ങൾ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ശരിക്കും ഭയപ്പെടുത്തുന്ന വിൻസന്റ്! ബാക്കിയുള്ള അഭിനേതാക്കളും ഗംഭീരമായിരുന്നു. സിനിമയിലെ ഓരോ അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങളോടു നീതി പുലർത്തി. ജോഫിൻ, അപ്പു, മുജീബ്, ഷമീർ, സമീറ തുടങ്ങി സിനിമയുടെ മുഴുവൻ സാങ്കേതിക സംഘത്തിന്റെയും പ്രകടനം മാതൃകാപരമായിരുന്നു, ഇനിയും ഇത്തരം ഗംഭീര വർക്കുകൾ മലയാള സിനിമയിലേക്ക് കൊണ്ടുവരാൻ നിങ്ങൾക്കു കഴിയട്ടെ, ദുൽഖർ പറഞ്ഞു.
അതേസമയം, ബ്ലോക്ബസ്റ്റർ ഹിറ്റ് ചാർട്ടിലേക്ക് കുതിക്കുകയാണ് രേഖാചിത്രം. ഏകദേശം ഒൻപത് കോടി മുടക്കിയ ചിത്രം ആദ്യ ആഴ്ചയിൽ തന്നെ മുടക്ക് മുതലിന്റെ നാലിരട്ടി വാരിക്കൂട്ടി. 38 കോടിയാണ് സിനിമയുടെ ആഗോള കലക്ഷൻ. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു വമ്പൻ ഹിറ്റായി മാറിയേക്കും.
മലയാളത്തില്‍ അപൂര്‍വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. ദ് പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചില സര്‍പ്രൈസുകളുമുണ്ട്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതില്‍ ആദ്യദിനം തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫിസിലും മികച്ച പ്രതികരണമാണ് നേടുന്നത്. പ്രവർത്തിദിവസമായ ബുധനാഴ്ചയും ഒരു കോടി രൂപയാണ് കേരള ബോക്സ്ഓഫിസിൽ നിന്നും നേടിയത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമിച്ചത്.