ദുൽഖറിന്റെ പേഴ്സണൽ ബോഡിഗാർഡിന് വിവാഹം; ചടങ്ങ് ആഘോഷമാക്കി താരം

Mail This Article
ദുൽഖർ സൽമാന്റെ പേഴ്സണൽ ബോഡിഗാർഡ് ദേവദത്ത് വിവാഹിതനായി. ഐശ്വര്യയാണ് വധു. ദുൽഖർ നേരിട്ടെത്തി വധൂവരന്മാർക്ക് ആശംസകൾ നേർന്നു. സണ്ണി വെയ്നും മറ്റു സുഹൃത്തുക്കൾക്കും ഒപ്പമാണ് ദുൽഖർ ദേവദത്തിന്റെ വിവാഹത്തിനെത്തിയത്. വധൂവരന്മാരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഫോട്ടോ എടുത്തതിനു ശേഷമാണ് താരം മടങ്ങിയത്.
എയർപോർട്ടിലും സിനിമാ പ്രചാരണ പരിപാടികളിലും മറ്റും ദുൽഖറിനു സുരക്ഷാവലയം തീർക്കുന്ന ആറടി പൊക്കക്കാരനായ ദേവദത്തിന് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. താരത്തിനൊപ്പം സ്റ്റൈലിൽ പ്രത്യക്ഷപ്പെടുന്ന ദേവദത്തിനെക്കുറിച്ചും രസകരമായ കമന്റുകൾ പലരും കുറിക്കാറുണ്ട്.
2019ൽ നടന്ന മിസ്റ്റർ എറണാകുളം മത്സരത്തിലെ 'ഫിസീക് മോഡൽ' ടൈറ്റിൽ വിജയിയാണ് ദേവദത്ത്. മിസ്റ്റർ എറണാകുളം മത്സരത്തില്‍ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ദുൽഖർ സൽമാന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ ദേവദത്തിനാണ് അദ്ദേഹത്തിന്റെ സുരക്ഷയുടെ ചുമതല. ദേവദത്തിന് സുരക്ഷാചുമതലയുള്ള പരിപാടികളിലെ വിഡിയോകൾ പലതും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ആറടി രണ്ട് ഇഞ്ച് ഉയരവും നീണ്ട മുടിയുമുള്ള കക്ഷിയെ ദുൽഖറിന്റെ സ്വന്തം മസിൽമാൻ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.