ADVERTISEMENT

തുടർവിജയങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട നായികയായി മാറുകയാണ് അനശ്വര രാജൻ. പോയ വർഷത്തെ ഹിറ്റ് ചിത്രങ്ങളായ എബ്രഹാം ഓസ്‌ലറിലും ഗുരുവായൂർ അമ്പലനടയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അനശ്വര 2025 ൽ രേഖാചിത്രത്തിലൂടെ വീണ്ടും ബോക്സ് ഓഫിസിലെ മിന്നും താരമായി മാറുകയാണ്. കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു ബാലതാരമായി എത്തിയ അനശ്വരയുടെ നായികയിലേക്കുള്ള വളർച്ച. 

ബാലതാരമായി വന്നു നായികമാരായ ഒട്ടേറെ അഭിനേതാക്കൾ മലയാളത്തിലുണ്ട്. ശോഭന, ഉർവശി, ഗീതു മോഹൻദാസ്, ശാലിനി, ശ്യാമിലി, സനുഷ, മഞ്ജിമ മോഹൻ, നസ്രിയ നസീം, അനിക സുരേന്ദ്രൻ, എസ്തേർ അനിൽ അങ്ങനെ നീളുന്നു ആ നിര. ഇവരിൽ ചിലരൊക്കെ ബാലതാരമായി തിളങ്ങിയെങ്കിലും നായികയായി വേണ്ടത്ര ശോഭിക്കാതെ പോയിട്ടുണ്ട്. ബാലതാരമായും നായികയായും ഒരുപോലെ ശോഭിച്ച അഭിനേത്രിയാണ് അനശ്വര രാജൻ. സ്ക്രീനിലെ പ്രകടനങ്ങൾകൊണ്ടും ഓഫ് സ്ക്രീനിലെ പക്വതയാർന്ന നിലപാടുകളുടെ പേരിലും ശ്രദ്ധേയയാണ് അനശ്വര. 

കഥാപാത്രങ്ങൾക്കൊപ്പം വളർന്ന അഭിനേത്രി

ബാലതാരമായി വന്ന് പിന്നീട് നായിക-നായകൻമാരായ അഭിനേതാക്കളിൽ നിന്ന് അനശ്വരയെ വ്യത്യസ്തമാക്കുന്ന ഒരു കൗതുകമുണ്ട്. പത്താം ക്ലാസുകാരിയായി എത്തിയ അനശ്വര പിന്നീട് പ്ലസ്ടുകാരിയായും ഡിഗ്രികാരിയായും സിനിമക്കുള്ളിലെ കഥാപാത്രങ്ങളിലൂടെ വളർന്ന് നായികയായി മാറിയെന്നതാണ് ആ പ്രത്യേകത. 

anaswara-rajan-09

ഫാന്റം പ്രവീണിന്റെ സംവിധാനത്തിൽ 2017 ൽ റിലീസായ ‘ഉദാഹരണം സുജാത’യിൽ ബാലതാരമായിട്ടാണ് അനശ്വരയുടെ അരങ്ങേറ്റം. മഞ്ജു വാരിയർ അവതരിപ്പിച്ച സുജാത കൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ മകൾ പത്താം ക്ലാസുകാരി ആതിര കൃഷ്ണനായിട്ടാണ് ചിത്രത്തിൽ അനശ്വര വേഷമിട്ടത്. രണ്ടു വർഷങ്ങൾക്കു ശേഷം പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങളിൽ എത്തിയപ്പോൾ ഫുൾ എ പ്ലസോടെ അനശ്വരയ്ക്കു പത്താം ക്ലാസിൽ നിന്ന് പ്ലസ്ടുവിലേക്ക് പ്രമോഷൻ ലഭിച്ചു. ഗിരിഷ്.എ.ഡിയായിരുന്നു സംവിധായകൻ. 

ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ പ്രത്യേക ജ്യൂറി പരാമർശം നേടിയ കാവ്യ പ്രകാശിന്റെ ‘വാങ്ക് ‘എന്ന ചിത്രത്തിലെത്തിയപ്പോൾ അനശ്വര ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥിനിയായി. ഉണ്ണി ആറിന്റെ അതെ പേരിലുള്ള കഥയ്ക്കാണ് കാവ്യ ചലച്ചിത്ര ഭാഷ്യം ചമച്ചത്. ഗിരീഷ് എ.ഡി.യുടെ രണ്ടാമാത്തെ ചിത്രം സൂപ്പർ ശരണ്യയിൽ ടൈറ്റിൽ കഥാപാത്രമായ ശരണ്യയെ അവതരിപ്പിച്ചപ്പോൾ പ്ലസ്ടുവിനു ശേഷം എൻജിനീയറിങ് കോളജ് തിരഞ്ഞെടുക്കാനുള്ള അവസരം അനശ്വരയ്ക്കു ലഭിച്ചു. നിഖിൽ മുരളി സംവിധാനം ചെയ്ത പ്രണയവിലാസത്തിലും അനശ്വര കോളജ് വിദ്യാർഥിനിയായിരുന്നു. ഫാന്റം പ്രവീൺ, ഗിരിഷ് എ.ഡി, കാവ്യ പ്രകാശ്, നിഖിൽ മുരളി എന്നിവരുടെ അരങ്ങേറ്റ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിലെത്താൻ അനശ്വരയ്ക്കു കഴിഞ്ഞു എന്നത് മറ്റൊരു കൗതുകം. മിഥുൻ മാനുവൽ തോമസിന്റെ എബ്രഹാം ഓസ്‌ലറിൽ എത്തിയപ്പോൾ മെഡിക്കൽ കോളജ് വിദ്യാർഥിനിയാകാനും അനശ്വരയ്ക്കു ഭാഗ്യം ലഭിച്ചു. 

anaswara-rajan344

ഫ്ലാഷ്ബാക്ക് സൂപ്പർസ്റ്റാർ

സിനിമയുടെ ആരംഭകാലം മുതൽ വ്യാപകമായി കഥപറച്ചിലിനു ഉപയോഗിക്കുന്ന സങ്കേതങ്ങളിലൊന്നാണ് ഫ്ലാഷ്ബാക്ക്. പ്രേക്ഷകരുമായി അതിവൈകാരികമായി കണക്റ്റ് ചെയ്യുന്നവയാണ് മിക്കപ്പോഴും ഫ്ലാഷ്ബാക്ക് രംഗങ്ങൾ. ആക്‌ഷൻ, റൊമാന്റിക്, കോമഡി, ത്രില്ലർ തുടങ്ങി വ്യത്യസ്ത ഴോണറുകളിൽ സിനിമകളെടുക്കുന്ന ചലച്ചിത്രകാരൻമാരെല്ലാം ഫ്ലാഷ്ബാക്കിന്റെ സാധ്യതകൾ പരീക്ഷിക്കാറുണ്ട്. സിനിമയുടെ കഥാഗതിയിൽ വലിയ പ്രധാന്യമാണ് ഫ്ലാഷ്ബാക്ക് രംഗങ്ങൾക്കുള്ളത്. അതുകൊണ്ടു തന്നെ ഫ്ലാഷ്ബാക്ക് രംഗങ്ങളിൽ എത്തുന്ന അഭിനേതാക്കൾക്കു വലിയ പ്രധാന്യമുണ്ട്. മിസ് കാസ്റ്റായാൽ സിനിമയുടെ മൊത്തം പ്രകടനത്തെ അത് ബാധിക്കും. 

anaswara

നവാഗത സംവിധായകരുടേത് എന്ന പോലെ തന്നെ ഫ്ലാഷ്ബാക്ക് സ്റ്റോറികളിലെയും സംവിധായകരുടെ പ്രിയപ്പെട്ട നായികയാണ് അനശ്വര. രേഖാചിത്രം, പ്രണയവിലാസം, എബ്രഹാം ഓസ്‌ലർ എന്നീ ചിത്രങ്ങളിൽ ഫ്ലാഷ് ബാക്ക് രംഗങ്ങളിൽ മികവാർന്ന പ്രകടനമാണ് അനുഗ്രഹീതയായ ഈ കലകാരി പുറത്തെടുക്കുന്നത്. ശ്രീധന്യ അവതരിപ്പിച്ച അനുശ്രീയെന്ന കഥാപാത്രത്തിന്റെ പൂർവ്വകാലമാണ് പ്രണയവിലാസത്തിൽ അനശ്വര അവതരിപ്പിക്കുന്നത്. ഹക്കീം ഷാ അവതരിപ്പിച്ച വിനോദ് എന്ന കഥാപാത്രത്തിനൊപ്പമുള്ള പ്രണയകാലമാണ് ഫ്ലാഷ്ബാക്കിലൂടെ സംവിധായകൻ ആവിക്ഷകരിക്കുന്നത്. അനുശ്രീ എന്ന കഥാപാത്രത്തിന്റെ മരണശേഷം അവരുടെ ഡയറികുറിപ്പുകളിലൂടെ ഭർത്താവും മകനും വായിച്ചെടുക്കുന്നതായിട്ടാണ് പ്രണയത്തെ അവതരിപ്പിക്കുന്നത്. ഭൂതകാലത്തിലും വർത്തമാനകാലത്തും വിനോദെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഹക്കീം ഷാ തന്നെയാണ്. എന്നാൽ അനുശ്രീയുടെ കൗമാരകാലം അവതരിപ്പിക്കാൻ ശ്രീധന്യയ്ക്കു പകരം മറ്റൊരു അഭിനേത്രിയെ തിരഞ്ഞെടുക്കാനാണ് സംവിധായകൻ തീരുമാനിച്ചത്. ആ വേഷത്തിലേക്കുള്ള തിരഞ്ഞെടുപ്പിനോടു പൂർണമായും നീതി പുലർത്താൻ അനശ്വരയ്ക്കായി. അതീവ ഹൃദ്യമായി അനുശ്രീയുടെ കലാലയ കാലം അവതരിപ്പിച്ച അനശ്വര ടോട്ടൽ സിനിമയുടെ മൂഡിനെ നന്നായി എലിവേറ്റ് ചെയ്തിട്ടുണ്ട്. 

ജയറാമിന്റെ തിരിച്ചുവരവുകൊണ്ടും മമ്മൂട്ടിയുടെ കാമിയോ വില്ലൻ വേഷത്തിലൂടെയും ശ്രദ്ധേയമായ സിനിമയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്‌ലർ. മെഡിക്കൽ വിദ്യാർഥികളായ അലക്സാണ്ടർ ജോസഫിന്റെയും സുജ ജയദേവിന്റെയും പ്രണയവും സുജയുടെ വേർപാടും അലക്സാണ്ടറിന്റെ പ്രതികാരവുമാണ് സിനിമയുടെ പ്രധാന പ്ലോട്ട്. മമ്മൂട്ടിയാണ് അലക്സാണ്ടർ ജോസഫായി വേഷമിടുന്നത്. അലക്സാണ്ടറിന്റെ പ്രണയകാലത്തിൽ നായകനാകുന്നത് ആദം സാബിഖും ജോടിയായി എത്തുന്നത് അനശ്വരയുമാണ്. ഇരുവരുടെയും പ്രണയവും സുജയുടെ വേർപാടും പ്രേക്ഷകർക്കു കൺവീൻസായാൽ മാത്രമേ അലക്സാണ്ടറിന്റെ പ്രതികാരം വിശ്വസനീയമായി അനുഭവപ്പെടു. അപകടത്തിൽപ്പെട്ടു ഓർമ്മകൾ നഷ്ടപ്പെട്ട് നിശ്ചലനായി കിടക്കുന്ന അലക്സാണ്ടർ ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ച് വരില്ല എന്ന തോന്നലിലാണ് സുജയുടെ കഥാപാത്രം ആത്മഹത്യ ചെയ്യുന്നത്. ഒട്ടേറെ വൈകാരികമായ മുഹർത്തുകളിലൂടെ കടന്നുപോകുന്ന ഫ്ലാഷ്ബാക്ക് സ്റ്റോറിയിൽ ആദവും അനശ്വരയും ഇരുവരുടെയും സ്ക്രീൻ കെമിസ്ട്രിയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്. തന്റെ സഹതാരങ്ങൾക്കൊപ്പം ഇഴുകി ചേർന്നു അഭിനയിക്കാനും കോമ്പിനേഷൻ സീനുകൾ മികവുറ്റതാക്കാനും അനശ്വരയ്ക്ക് അനായാസം കഴിയാറുണ്ട്. 

anaswara-6

രേഖാചിത്രത്തിലേക്കു വരുമ്പോൾ ടൈറ്റിൽ കഥാപാത്രമായ രേഖാ പത്രോസിനെയാണ് അനശ്വര സ്ക്രീനിൽ അവതരിപ്പിക്കുന്നത്. സിനിമയെ പ്രണയിക്കുകയും നായികയാകാൻ സ്വപ്നം കാണുകയും ചെയ്യുന്ന കൗമരകാരിയുടെ വേഷത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് അനശ്വര പുറത്തെടുക്കുന്നത്. കാതോട് കാതോരം ചിത്രത്തിന്റെ ലൊക്കേഷനിൽ ഒരുപിടി സ്വപ്നങ്ങളുമായി എത്തുന്ന രേഖയുടെ കഥയാണ് രേഖാചിത്രം. കൗമാരകാരിയായ ഒരുവളുടെ സിനിമയോടുള്ള അഭിനിവേഷത്തെയും കൗതുകങ്ങളെയും സ്വപ്നങ്ങളെയും എന്തു മനോഹരമായിട്ടാണ് അനശ്വര സ്ക്രീനിലേക്ക് പകർത്തുന്നത്. കരിയർ ഗ്രാഫ് വീണ്ടും ഉയർത്തുന്ന ഗംഭീര പ്രകടനം. 

anaswara-mamitha

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ 

എട്ടു വർഷത്തെ തന്റെ ഹ്രസ്വമായ കരിയറിൽ ഇതിനോടകം ഒട്ടേറെ പരീക്ഷണ സ്വഭാവമുള്ളതും ബോൾഡുമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അനശ്വരയ്ക്കു കഴിഞ്ഞിട്ടുണ്ട്. തന്റെ പ്രായത്തെക്കാൾ പക്വത ആവശ്യപ്പെടുന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ഇരുപത്തിരണ്ടുകാരിയായ അനശ്വരയ്ക്കു കഴിയാറുണ്ട്. 

LISTEN ON

കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഉണ്ണി ആറിന്റെ ‘വാങ്ക്’ ചെറുകഥയാണ് ആദ്യ സംവിധാന സംരഭത്തിനായി കാവ്യ പ്രകാശ് തിരഞ്ഞെടുത്തത്. വാങ്ക് വിളിക്കാൻ ആഗ്രഹിക്കുന്ന മുസ്ലീം പെൺകുട്ടിയുടെ കഥ ഒരേ സമയം നിരുപക പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങിയ കൃതിയാണ്. കരിയറിന്റെ തുടക്കത്തിൽ തന്നെ അത്തരത്തിലുള്ള ഒരു വേഷം ചെയ്യാൻ അനശ്വര മുന്നോട്ട് വന്നു എന്നത് ശ്രദ്ധേയമാണ്. 

അനശ്വര രാജൻ
അനശ്വര രാജൻ

പെൺകുട്ടിയായി ജനിച്ചത് കൊണ്ട് അനുഭവിക്കേണ്ടി വരുന്ന ചൂഷണങ്ങളും ആൺകുട്ടിയായി ജനിച്ചവർ അനുഭവിക്കുന്ന പ്രീവിലേജുകളും കണ്ട് ലിംഗമാറ്റ ശസ്ത്രക്രിയക്കു ഒരുങ്ങുന്ന സാറാ തോമസിന്റെ കഥ പറഞ്ഞ ചിത്രമാണ് മൈക്. ശസ്ത്രക്രിയക്കു ശേഷം ആണായി മാറുമ്പോൾ ഇടാൻവേണ്ടി സാറാ കരുതിവെച്ചിരുക്കുന്ന പേരാണ് മൈക്. യഥാർത്ഥത്തിൽ ട്രാൻസ്ജെൻഡേഴ്സിനെ പോലെ ലിംഗപരമായ സ്വത്വ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വ്യക്തിയല്ല സാറാ. അവളുടെ സാഹചര്യങ്ങളും അവൾ അനുഭവിക്കേണ്ടി വന്ന മാനസിക സംഘർഷങ്ങളുമാണ് പുരുഷസ്വത്വം സ്വീകരിക്കാൻ അവളെ പ്രേരിപ്പിക്കുന്നത്. ആ തീരുമാനത്തിൽ പോലും പലതരം മാനസിക സംഘർഷങ്ങളിലൂടെ അവൾ കടന്നുപോകുന്നുണ്ട്. പ്രണയം തോന്നി തുടങ്ങുമ്പോൾ അവൾ അവളുടെ പെൺമയെ വീണ്ടെടുക്കുന്നുണ്ട്. മനോഹരമായ ഒരു പ്ലോട്ടായിരുന്നു മൈകിന്റേത്. എന്നാൽ പ്ലോട്ടിനോട് പൂർണ്ണമായും നീതി പുലർത്താൻ കഴിയാത്ത ദുർബലമായ തിരക്കഥയാണ് മൈക് സിനിമയുടെ പരാജയ കാരണങ്ങളിലൊന്ന്. തിരക്കഥയുടെ പരിമിതികൾക്കിടിയിലും പരീക്ഷണ സ്വാഭവമുള്ള കഥാപാത്രത്തെ അനശ്വര മികവുറ്റതാക്കുന്നുണ്ട്. 

anaswara-rajan-mother

ക്രൂരമായ റേപ്പിനു ഇരയാകേണ്ടി വരുന്ന സാറാ എന്ന അന്ധയായ പെൺകുട്ടി തന്റെ ശിൽപങ്ങൾ നിർമിക്കാനുള്ള കഴിവിലൂടെ കുറ്റവാളിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്ന അതിജീവനത്തിന്റെ കഥയാണ് ജിത്തു ജോസഫിന്റെ ‘നേര്’ എന്ന ചിത്രം പറഞ്ഞത്. വിചാരണവേളയിൽ നിരന്തരം അപമാനിക്കപ്പെടുകയും മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുമ്പോഴും നീതി ലഭിക്കും വരെ പോരാട്ടം തുടരുന്ന സാറായുടെ കഥാപാത്രം അനശ്വരയുടെ കൈകളിൽ സുരക്ഷിതമായിരുന്നു. അഭിഭാഷക വേഷത്തിലെത്തി സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം കിടപിടിക്കുന്ന റോളായിരുന്നു നേരിലേത്. 

neru-anaswara

സിനിമയ്ക്കു ഉള്ളിൽ മാത്രമല്ല ഓഫ് സ്ക്രീനിലും കൃത്യമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് അനശ്വര. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്നു വരാറുള്ള വിമർശനങ്ങളോടും സൈബർ അറ്റാക്കുകളോടും വ്യക്തതയോടെ ശക്തമായി പ്രതികരിക്കാനും അനശ്വര ജാഗ്രത പുലർത്താറുണ്ട്.

English Summary:

Career journey of Anaswara Rajan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com