മലയാള സിനിമയിലെ ചിരി ഇനി എവിടെ വിരിയും

Mail This Article
സിനിമയിലെ ചിരികൾ പലതാണ്; ചിലതു മാലപ്പടക്കം പോലെ പൊട്ടിച്ചിതറും. വേറെ ചിലതു പൂത്തിരി പോലെ നിന്നു കത്തും. എന്നാൽ, മലയാള സിനിമയിൽ ചിരിയുടെ കാലം കഴിഞ്ഞെന്നാണ് ചിലർ പറയുന്നത്. അതല്ല, ചിരിപ്പിച്ചവരുടെ കയ്യിലെ വെടിമരുന്നു തീർന്നുപോയതാണെന്ന് പറയുന്നവരുമുണ്ട്. പുതുചിരിയുടെ ചെറുതിരികളാണ് ഇനി കത്താൻ പോകുന്നതെന്നു പ്രവചിക്കുന്ന വേറെയും ചിലരുണ്ട്. യഥാർഥത്തിൽ മലയാളസിനിമയിലെ ചിരിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ? കാലത്തിന്റെ ചുണ്ടിൽ ചിരിക്കു വഴിയൊരുക്കിയ സംവിധായകരും എഴുത്തുകാരും പ്രതികരിക്കുന്നു; അവർക്കൊപ്പം പുഞ്ചിരി വിരിയിച്ചു പുതുതലമുറയും. ഓരോ ചിരിയുടെയും രാസഘടനയേയും രാഷ്ട്രീയത്തെപ്പറ്റിയും അവർ പറയട്ടെ.
സത്യൻ അന്തിക്കാട്
നാം ജീവിക്കുന്ന ചുറ്റുപാടുകളും കണ്ടുമുട്ടുന്ന മനുഷ്യരുമാണ് ഹാസ്യത്തിനു പ്രചോദനമാകുന്നത്. പണ്ടു മുതുകുളം രാഘവൻ പിള്ളയും എസ്.പി.പിള്ളയും അവതരിപ്പിച്ചിരുന്ന കാലത്തെ കഥാപാത്രങ്ങൾ ഇന്നു നമ്മുടെ സമൂഹത്തിൽ ഇല്ല. ഹാസ്യം ജനിക്കുന്നതു നമുക്കു ചുറ്റുമുള്ള കാഴ്ചകളിൽ നിന്നാണ്. ‘പൊന്മുട്ടയിടുന്ന താറാവി’ലെ വെളിച്ചപ്പാടും പശുവിനെ കളഞ്ഞ ‘പാപ്പി’യും പോലും ഇന്നു നമ്മുടെ നാട്ടിൻപുറങ്ങളിലില്ല. അത്തരം കഥാപാത്രങ്ങളെ പുതിയ സിനിമയ്ക്കു വേണ്ടി ഞാൻ പോലും ചിന്തിക്കില്ല. സന്ദേശത്തിലെ ഹാസ്യം നിലനിൽക്കുന്നത് രാഷ്ട്രീയക്കാർക്ക് വലിയ മാറ്റം സംഭവിച്ചിട്ടില്ലാത്തതു കൊണ്ടാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും തോൽക്കാനുള്ള കാരണങ്ങളിലൊന്ന് ‘അന്തർധാര’യാണെന്ന് പാർട്ടികൾ ചർച്ച ചെയ്യുന്നത് നമ്മൾ കണ്ടു. കുറച്ചുകാലം കഴിഞ്ഞാലും രാഷ്ട്രീയത്തിനു വലിയ മാറ്റം സംഭവിച്ചില്ലെന്നു വരാം. അത്തരം ഹാസ്യം അന്നും നിലനിന്നുവെന്നു വരാം. ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് സിനിമയിലും പ്രതിഫലിക്കുന്നത്. ഇന്നു നമ്മൾ കണ്ടു പൊട്ടിച്ചിരിക്കുന്ന രംഗങ്ങൾ പത്തു കൊല്ലം കഴിഞ്ഞാലും നമ്മളെ ചിരിപ്പിച്ചേക്കാം. പക്ഷേ, അന്നത്തെ പുതിയ സിനിമയിൽ അത്തരം രംഗങ്ങൾ ഉണ്ടാവണമെന്നില്ല. ‘എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ’ എന്നതു തന്നെയാണ് ഇക്കാര്യത്തിലും സത്യം.
റാഫി
പഴയ ഹാസ്യവും പുതിയ ഹാസ്യവും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. പഴയ സിനിമയിൽ രണ്ടോ മൂന്നോ ഹാസ്യതാരങ്ങൾ ചേർന്ന് ഒരു കോമഡി ട്രാക്കുതന്നെ ഉണ്ടാവും. ചിരിപ്പിക്കുക എന്നതാണ് അവരുടെ ധർമം. കഥാപാത്രത്തിന്റെ ചട്ടക്കൂടിൽനിന്നു പുറത്തുചാടി അവർക്കു തമാശ സൃഷ്ടിക്കാം. അതായത്, ഹരിശ്രീ അശോകൻ ‘രമണൻ’ എന്ന കഥാപാത്രം മാത്രമല്ല, ഹരിശ്രീ അശോകൻ കൂടിയാണ്. അയാൾക്കു വേണ്ടി എന്തു തമാശയും എഴുതാം. എഴുത്തുകാരന്റെ വലിയ സ്വാതന്ത്ര്യമായിരുന്നു അത്. ഇന്ന് അങ്ങനെ പറ്റില്ല. കഥാപാത്രത്തിന്റെ സ്വഭാവത്തിനോ കഥാഗതിക്കോ ചേരാത്തൊരു തമാശ എഴുതാനാവില്ല. അതുകൊണ്ട് ഹാസ്യം കൂടുതൽ സ്വാഭാവികമായി. കോമഡിക്കു വേണ്ടിയുള്ള കോമഡിയില്ലാതായി. ഈ മാറ്റം വളരെ നന്നായി. സംഭാഷണങ്ങളുടെ കാര്യത്തിലും വലിയ മാറ്റം വന്നു. പൊളിറ്റിക്കൽ കറക്ട്നെസ് പോലുള്ള വിഷയങ്ങൾ ഇന്നു നമ്മൾ ചർച്ച ചെയ്യുന്നുണ്ട്. സിനിമയിലെ സംഭാഷണങ്ങളുടെ കാര്യത്തിലും ആ ചർച്ചയുണ്ട്. ഇത് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റമാണ്. അതിനെയും സ്വാഗതം ചെയ്യേണ്ടതാണ്. ജയ ജയ ജയ ഹേ, പ്രേമലു, വാഴ ഇവയൊക്കെയാണ് എന്നെ ഏറെ ചിരിപ്പിച്ച പുതിയ സിനിമകൾ.
ബെന്നി പി. നായരമ്പലം
ഹാസ്യത്തിന്റെ അടിസ്ഥാന ശിലയ്ക്കു മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അബദ്ധങ്ങളിൽനിന്നോ തെറ്റിദ്ധാരണകളിൽനിന്നോ ഒക്കെയാണ് ഹാസ്യം ഉണ്ടാവുന്നത്. ഉദാഹരണത്തിന് ഒരാൾ കാമുകിയെ ഫോൺ ചെയ്യുന്നുവെന്ന് കരുതുക. സംസാരം പകുതിയാകുമ്പോൾ കാമുകിയുടെ അച്ഛൻ അവളുടെ ഫോൺ പിടികൂടുന്നു. കാമുകനാവട്ടെ ഇതറിയാതെ പ്രണയസല്ലാപം തുടരുകയും ചെയ്യുന്നു. ഇതു കാണുന്ന പ്രേക്ഷകരിൽ ചിരിയുണ്ടാവുന്നു. ഇതിനെയാണ് ഞങ്ങൾ ‘സിറ്റുവേഷൻ കോമഡി’ എന്നു പറയുന്നത്. ഇതേ സാഹചര്യം പുതിയകാല സിനിമകളിലും ഉണ്ടാവുന്നുണ്ട്; പുതിയ രീതിയിലാണെന്നു മാത്രം. എന്നാൽ സംഭാഷണങ്ങൾക്കു വലിയ മാറ്റം വന്നിട്ടുണ്ട്. സ്ത്രീവിരുദ്ധതയും ബോഡി ഷെയിമിങ്ങുമൊക്കെ ഒരുകാലത്ത് ഹാസ്യത്തിലെ പ്രധാന ഘടകങ്ങളായിരുന്നു. ഇന്ന് അതില്ല. സാമൂഹികമായി വന്ന മാറ്റമാണ് അതിനു കാരണം.
കൗണ്ടർ സംഭാഷണങ്ങൾ വളരെ സ്വാഭാവികമായി മാറിയതാണു പുതിയ സിനിമയിലെ മറ്റൊരു പ്രത്യേകത. തമാശയ്ക്കുവേണ്ടി ആരും തമാശ പറയാറില്ല. കോമഡി ‘ഓർഗാനിക്’ ആയി എന്നു പറയാം. പഴയ തമിഴ് സിനിമകൾ ശ്രദ്ധിച്ചു നോക്കൂ, കൗണ്ടമണിയും സെന്തിലും കൂടിയുള്ള ഒരു കോമഡി ട്രാക്ക് മിക്ക സിനിമകളിലും കാണും. കഥാഗതിയുമായി അതിനു വലിയ ബന്ധമൊന്നും ഉണ്ടാവില്ല. ഏതാണ്ട് അതുപോലെയുള്ള തമാശ ട്രാക്കുകൾ മുൻപ് മലയാളത്തിലും ഉണ്ടായിരുന്നു. ഞങ്ങളുടെ കാലത്ത് അതിനൊക്കെ മാറ്റം വന്നു തുടങ്ങിയിരുന്നെങ്കിലും ഇപ്പോഴാണ് അതു പൂർണമായത്.
ഉദയകൃഷ്ണ
ചിരിക്കു വലിയ മാറ്റം വന്നിട്ടില്ല. ഗുരുവായൂരമ്പലനടയിൽ, ജയ ജയ ജയഹേ, പ്രേമലു തുടങ്ങിയ പടങ്ങളിലൊക്കെ ‘സിറ്റുവേഷൻ കോമഡി’ വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ, സ്ലാപ്സ്റ്റിക് കോമഡി മലയാളത്തിൽ ഇപ്പോൾ കുറവാണ്. ഹരിഹരൻ, പ്രിയദർശൻ, ജോണി ആന്റണി, റാഫി–മെക്കാർട്ടിൻ, ഷാഫി തുടങ്ങിയവർക്കു ശേഷം ആരും ആ മേഖലയിൽ കൈവച്ചതായി കാണുന്നില്ല. അത് എടുത്തു ഫലിപ്പിക്കാൻ വളരെ ബുദ്ധിമുട്ടായതു കൊണ്ടാവാം. അതിൽ കൈ വയ്ക്കാൻ പ്രാപ്തിയുള്ളവർ വന്നാൽ കലക്‌ഷൻ തൂത്തുവാരുമെന്ന കാര്യം ഉറപ്പാണ്. കാരണം, കുട്ടികളാണ് സിനിമയുടെ പ്രധാന പ്രേക്ഷകർ. അവർ ചിരിക്കുന്നതു കണ്ടാൽ മുതിർന്നവരും ചിരിക്കും.
എന്നാൽ, സംഭാഷണങ്ങളുടെ കാര്യത്തിൽ വലിയ മാറ്റമുണ്ടായി. ദ്വയാർഥ പ്രയോഗങ്ങൾ ഉപയോഗിച്ചുള്ള തമാശകൾ ഇപ്പോഴില്ല. അതുപോലെ ബോഡി ഷെയിമിങ്, സ്ത്രീവിരുദ്ധത തുടങ്ങിയ കാര്യങ്ങളും. നിറത്തിന്റെ പേരിലൊക്കെ കഥാപാത്രങ്ങളെ ആക്ഷേപിക്കുന്നത് ഇന്ന് ചിന്തിക്കാനാവില്ല. എന്നാൽ, ഈ മാറ്റം ടെലിവിഷന്റെ കാര്യത്തിൽ സംഭവിച്ചിട്ടില്ല. ചാനലുകളിലെ കോമഡി സ്കിറ്റുകൾ മുക്കാൽ പങ്കും പൊളിറ്റിക്കലി ഇൻകറക്ടാണ്. കുടുംബങ്ങളാണ് ഇവയുടെ പ്രധാന പ്രേക്ഷകർ എന്നതു വലിയ വൈരുധ്യമായി തോന്നുന്നു.
ജോണി ആന്റണി
മുൻ തലമുറയിൽനിന്ന് ചിലത് സ്വീകരിക്കും; ചിലത് ഉപേക്ഷിക്കും. ഞങ്ങൾ അങ്ങനെയാണ് സിനിമ ചെയ്തിട്ടുള്ളത്. പുതിയ തലമുറയിലെ കുട്ടികളും ഏതാണ്ടൊക്കെ അങ്ങനെ തന്നെയാണ്. അവരും മുൻതലമുറയെ ബഹുമാനിക്കുകയും അവരുടെ സിനിമകളിൽനിന്ന് ഊർജമുൾക്കൊള്ളുകയും ചെയ്യുന്നവരാണ്. മുൻതലമുറ ചെയ്ത വർക്കുകളിൽനിന്നുള്ള ടേക്ക് ഓഫാണ് പുതിയ തലമുറ ചെയ്യുന്നത്. അവരുടെ സിനിമകളിൽ വളരെ കംഫർട്ടബിളായി അഭിനയിക്കുന്നയാളാണ് ഞാൻ. അത്തരം സിനിമകൾ കണ്ട് പുതിയ തലമുറ കൂടുതൽ ചിരിക്കുന്നു. അതു കാലത്തിനുവന്ന മാറ്റമാണ്. എന്നാൽ സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, പ്രിയദർശൻ, സിദ്ദീഖ്–ലാൽ, റാഫി– മെക്കാർട്ടിൻ തുടങ്ങിയവരുടെ പടങ്ങൾ ഇനിയും കുറേക്കാലത്തേക്കു കൂടി ഇവിടെ പാഠപുസ്തകമായി നിലനിൽക്കും എന്നുതന്നെയാണ് എന്റെ വിശ്വാസം.
ദിലീഷ് പോത്തൻ
പുതുതലമുറയുടെ ആസ്വാദന തലത്തിൽ ഉണ്ടായ മാറ്റം എന്നതിനപ്പുറം ശുദ്ധഹാസ്യത്തിനു വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്ന സിനിമകൾക്കാണ് ഏറ്റവും വിജയസാധ്യത. സിനിമാപ്രവർത്തകർ എല്ലാ കാലത്തും ശ്രമിക്കുന്നതും ഹാസ്യംകൊണ്ടു നിറഞ്ഞ സിനിമകൾ ചെയ്യാനാണ്. എന്നാൽ, പലപ്പോഴും ഹാസ്യത്തിന് ഒരു വിമർശന–പരിഹാസ സ്വഭാവമുണ്ട്. വ്യക്തികളെയോ സമൂഹങ്ങളെയോ പരിഹസിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാതെ നിർദോഷകരമായ വിമർശനം കൊണ്ട് ഹാസ്യം സാധിച്ചെടുക്കക ഏറെ ശ്രമകരമാണ്. അതുകൊണ്ടുതന്നെ ഇത്തരം ശ്രമങ്ങൾ പലപ്പോഴും പരാജയങ്ങളാകാറുമുണ്ട്. പുതിയ കാല മലയാള സിനിമയിൽ വിവിധ ജോണറുകൾ പരീക്ഷിക്കപ്പെടുന്നുണ്ട്. അവ കൂടുതലും വിജയിക്കുകയും ചെയ്യുന്നു. ഹാസ്യസിനിമകളുടെ എണ്ണം കുറയാൻ അതുമൊരു കാരണമാകുന്നുണ്ടാവും.
ഗിരീഷ് എ.ഡി
ഹാസ്യ സിനിമകൾ എന്നും ജനങ്ങൾക്കിഷ്ടമാണ്. നല്ല ഹാസ്യമുണ്ടെങ്കിൽ വിജയസാധ്യതയും കൂടും. നിത്യജീവിതവുമായി ചേർന്നുനിൽക്കുന്ന ഹാസ്യമാണ് എനിക്കിഷ്ടം. ജീവിതത്തിൽ സംഭവിക്കുന്നതോ സംഭവിക്കാൻ സാധ്യതയുള്ളതോ ആയ തമാശകൾ. പ്രേക്ഷകർക്കും അതിനോടു പെട്ടെന്നു പൊരുത്തപ്പെടാൻ പറ്റും. ഇത്തരം റിയലിസ്റ്റിക് സമീപനം ഗൗരവമുള്ള സിനിമകളിലാണ് കൂടുതലും കണ്ടിട്ടുള്ളത്. ഹാസ്യത്തിലും ഇതു പരീക്ഷിക്കാമെന്ന തോന്നലിൽനിന്നാണ് ‘തണ്ണീർമത്തൻദിനങ്ങ’ളും ‘പ്രേമലു’വുമൊക്കെ ഉണ്ടാവുന്നത്. സംഭാഷണങ്ങളിലും മറ്റും ഒരു മിതത്വം സൂക്ഷിക്കാനാണ് ശ്രമിക്കുന്നത്. അധികം പറഞ്ഞാൽ, ഉള്ള രസം ഇല്ലാതാകും. പഴയ ചിരിപ്പടങ്ങളൊക്കെ ഇപ്പോഴും കാണും. അവയെല്ലാം ഇഷ്ടവുമാണ്. സത്യൻ അന്തിക്കാടിന്റെ സിനിമകളോടാണ് കൂടുതൽ ഇഷ്ടം തോന്നാറുള്ളത്. അവയിൽ പലതും ഇപ്പോൾ കാണുമ്പോഴും മടുപ്പ് തോന്നാറില്ല.
ദീപു പ്രദീപ്
മലയാളിയുടെ ജീവിതം സിനിമയുമായി നേരിട്ട് ബന്ധപ്പെട്ടാണ് കിടക്കുന്നത്. ജീവിതത്തിൽപോലും സിനിമ ഡയലോഗ് പറയാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. അതുകൊണ്ടുതന്നെ ജീവിതവുമായി അടുത്തുനിൽക്കുന്ന കഥകളും സന്ദർഭങ്ങളും അവതരിപ്പിക്കാനാണ് എനിക്കിഷ്ടം. ‘കുഞ്ഞിരാമായണ’വും ‘ഗുരുവായൂരമ്പലനടയി’ലുമൊക്കെ ആ രീതിയിൽ ആലോചിച്ചുണ്ടായ സിനിമകളാണ്. ജീവിതത്തിൽനിന്ന് കണ്ടെടുക്കുന്ന തമാശകൾക്കും പ്രത്യേക ഭംഗിയുണ്ട്. എന്നാൽ തമാശപ്പടങ്ങൾ സൃഷ്ടിക്കുന്നതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മൾ ഇന്നൊരു കഥയോ സന്ദർഭമോ ആലോചിച്ചാൽ, അത് തിയറ്ററിൽ വരണമെങ്കിൽ ഒന്നോ രണ്ടോ വർഷമെടുക്കും. അപ്പോഴേക്കും അതൊക്കെ റീൽസുകളായും മറ്റും ജനം കണ്ടുകഴിഞ്ഞിരിക്കും. പിന്നെ അതിന്റെ പുതുമ നഷ്ടമായി. അതുപോലെ എഴുതുമ്പോഴോ ചിത്രീകരിക്കുമ്പോഴോ നമ്മെ ചിരിപ്പിക്കുന്ന രംഗങ്ങൾ തിയറ്ററിൽ വരുമ്പോൾ പരാജയപ്പെട്ടെന്നു വരാം. നേരെ തിരിച്ചും സംഭവിക്കാം. അതുകൊണ്ട് പുതുമയുള്ള സന്ദർഭങ്ങൾ സൃഷ്ടിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്.