ഒരു മാസം നീണ്ട പരിശീലനം, 15 ടേക്ക്; രേഖാചിത്രത്തിൽ ജോൺ പോളിന് ശബ്ദം നൽകിയ ബേസിൽ

Mail This Article
ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രത്തിൽ ‘കാതോട് കാതോരം’ സിനിമയും അതിലെ അണിയറക്കാരും പുനരവതരിപ്പിക്കപ്പെട്ടപ്പോൾ എല്ലാവരും ഒരുപോലെ ശ്രദ്ധിച്ചത് പഴയകാല തിരക്കഥാകൃത്തായ ജോൺ പോളിനെയാണ്. അടുത്തിടെ അന്തരിച്ച ജോൺ പോളിനെ എഐ പോലുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തിരിച്ചു കൊണ്ടു വന്നപ്പോൾ അദ്ദേഹത്തിനു ശബ്ദമാകാൻ അവസരം കിട്ടിയത് ബേസിൽ ബെന്നി എന്ന മിമിക്രി കലാകാരനാണ്. ഒരു നിയോഗം പോലെ തന്നിലേക്ക് എത്തിച്ചേർന്ന അവസരത്തെ ബേസിൽ സന്തോഷത്തോടെയാണ് സ്വീകരിച്ചതും.
10 വയസ്സു മുതൽ മിമിക്രി രംഗത്ത് സജീവമായ ബേസിലിന് ജോൺ പോളിന്റെ ശബ്ദം അനുകരിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ചെറുപ്പം മുതലെ ജോൺ പോളിന്റെ പരിപാടികൾ കാണുമായിരുന്നെങ്കിലും അദ്ദേഹത്തിൻറെ ശബ്ദം അനുകരിക്കില്ലായിരുന്നു എന്ന് ബേസിൽ പറയുന്നു. ഇല്ലാത്ത ഒരാൾക്ക് ശബ്ദം നൽകുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അദ്ദേഹം എങ്ങനെയായിരിക്കും സംസാരിക്കുക എന്ന് ആലോചിച്ച്, അദ്ദേഹത്തിന്റെ പഴയ അഭിമുഖങ്ങൾ കേട്ട് വേണം ശബ്ദം നൽകാൻ. അദ്ദേഹത്തിന്റെ രീതിയിലേക്ക് പലപ്പോഴും ഡയലോഗുകൾ മാറ്റേണ്ടി വന്നു.
ജോൺ പോളിന്റെ ലഭ്യമായ എല്ലാ അഭിമുഖങ്ങളും ബേസിൽ കണ്ടു. ഒരു മാസത്തോളം നീണ്ട പരിശീലനത്തിന് ഒടുവിലാണ് ശബ്ദം പഠിച്ചത്. മിമിക്രി ചെയ്യുന്നത് പോലെയായിരുന്നില്ല സിനിമയിൽ ശബ്ദം നൽകേണ്ടിയിരുന്നത്. ശബ്ദം മാത്രമല്ല ബേസിലിന്റെ ചുണ്ടുകളും ജോൺ പോളിനോട് ചേർത്തപ്പോഴാണ് ആ രംഗങ്ങൾ യാഥാർഥ്യമായി മാറിയത്. ബേസിൽ സംസാരിക്കുന്നത് വിഡിയോ ആയി റെക്കോർഡ് ചെയ്തു. പിന്നീട് ജോൺ പോളിന്റെ വിഡിയോയിലേക്ക് ബേസിലിന്റെ ചുണ്ടുകൾ മാത്രം എഡിറ്റ് ചെയ്ത് ചേർത്തു. ആ തന്ത്രമാണ് ജോൺ പോൾ തന്നെയാണെന്ന് വിശ്വസിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിച്ചത്.
സംവിധായകന്റെ ഇടപെടൽ ശബ്ദം കൂടുതൽ മികച്ചതാക്കാൻ സഹായിച്ചുവെന്ന് ബേസിൽ പറയുന്നു. 15–ാമത്തെ ടേക്കിലാണ് ശബ്ദം ശരിയായത്. ഡബ്ബിങ്ങിന് പോകുമ്പോൾ ഇത്ര വലിയ കാര്യമാണെന്ന് മനസ്സിലാക്കിയിരുന്നില്ല. ചെയ്തു തുടങ്ങിയപ്പോഴാണ് മിമിക്രിയുടെ അത്ര എളുപ്പമല്ല എന്ന് മനസ്സിലായത്. സിനിമ പുറത്തിറങ്ങി കഴിഞ്ഞ് ജോൺ പോളിന്റെ ശബ്ദം ആണെന്ന് ആളുകൾ പറയുന്നത് കേട്ടപ്പോൾ സന്തോഷം തോന്നി. എല്ലാം ഒരു ഭാഗ്യമായാണ് ബേസിലിന് തോന്നുന്നത്.
എഡിറ്റിങ്, ഗ്രാഫിക്സ് ഡിസൈനിങ്ങ് എന്നിവയൊക്കെയാണ് ബേസിൽ ആദ്യ കാലത്ത് ചെയ്തിരുന്നത്. അവിടെ നിന്നാണ് മിമിക്രി വേദികളിലേക്ക് എത്തുന്നത്. കൊല്ലം സുധിയെ പോലുള്ള നിരവധി പേർക്ക് ഇതിനോടകം തന്നെ ബേസിൽ ശബ്ദം നൽകി കഴിഞ്ഞു. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന സിനിമയ്ക്കാണ് അവസാനമായി ബേസിൽ ശബ്ദം നൽകിയത്.