‘ഗെയിം െചയ്ഞ്ചർ’ ദുരന്തം; ദിൽരാജുവിന് നഷ്ടം 200 കോടി; അടുത്ത ചിത്രത്തിൽ പ്രതിഫലം കുറച്ച് രാം ചരണ്‍

Mail This Article
രാം ചരണിനെ നായകനാക്കി ശങ്കര്‍ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘ഗെയിം ചെയ്ഞ്ചര്‍’ നിർമാതാവിനു വരുത്തിയ നഷ്ടം 200 കോടിക്കു മുകളിലാണ്. 450 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രം 187 കോടി രൂപയാണ് കഷ്ടിച്ച് നേടിയത്. വന്‍ പരാജയമായി മാറിയ ചിത്രം അടുത്തയാഴ്ച തന്നെ തിയറ്റര്‍ വിടാനാണ് സാധ്യത. ഗെയിം ചെയ്ഞ്ചര്‍ ഉണ്ടാക്കിയ നഷ്ടം നികത്താന്‍ നിർമാതാവ് ദില്‍ രാജുവിനു വേണ്ടി രാം ചരണ്‍ മറ്റൊരു ചിത്രം ഉടന്‍ ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിനായി താരം പ്രതിഫലം കുറയ്ക്കുമെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 65 കോടിയാണ് രാം ചരൺ ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലമെന്ന് റിപ്പോർട്ട് ഉണ്ട്.
‘ജേഴ്സി’ ഫെയിം ഗൗതം തിണ്ണനൂരിയാണ് ഇവരുടെ അടുത്ത പ്രൊജക്റ്റ് സംവിധാനം ചെയ്യുന്നത്. ഗെയിം ചേഞ്ചറിന്റെ നിരാശയ്ക്കു ശേഷം രാം ചരണിനും ദിൽ രാജുവിനും ഈ സഹകരണം ഒരു പുതിയ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, രാം ചരണിന്റെ ഈ അടുത്തിറങ്ങിയ സിനിമകളിൽ വച്ച് ഏറ്റവും വലിയ പരാജയം നേരിട്ട ചിത്രമായും ഗെയിം ചെയ്ഞ്ചർ മാറി. ട്രാക്കിങ് വെബ്സൈറ്റായ സാക്നിൽക്ക് പുറത്തുവിട്ട കണക്കനുസരിച്ച് റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ ഗെയിം ചേഞ്ചർ നേടിയത് 187 കോടിയാണ്. അതിനിടെ ചിത്രം 186 കോടി രൂപ ആദ്യദിനം നേടിയെന്നു പറഞ്ഞ് അണിയറക്കാർ രംഗത്തുവന്നിരുന്നുവെങ്കിലും അത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
കിയാര അഡ്വാനിയാണ് നായികയായെത്തിയത്. അഞ്ജലി, എസ്.ജെ. സൂര്യ, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ തുടങ്ങിയ വലിയ താര നിര സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ കഥയും കഥാ സന്ദര്‍ഭങ്ങളും വളരെ പഴഞ്ചനാണ് എന്നും ഒരു ക്ലീഷേ കഥയാണ് ഗെയിം ചേഞ്ചറിന്റേത് എന്നാണ് സിനിമ കണ്ട ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം.
കമൽഹാസൻ നായകനാവുന്ന ഇന്ത്യൻ-3 ആണ് ഷങ്കറിന്റേതായി വരുന്ന പുതിയ ചിത്രം. മൂന്നു ഭാഗങ്ങളിലായൊരുങ്ങുന്ന വേൾപ്പാരി എന്ന ബിഗ് ബജറ്റ് ചിത്രമാണ് അണിയറയിലുള്ള മറ്റൊരു ശങ്കർ പ്രോജക്ട്.