‘അൻപോടു കൺമണി’ പ്രത്യേക സ്ക്രീനിങ്; കാണാനെത്തി നിയമസഭാംഗങ്ങൾ

Mail This Article
കേരള നിയമസഭയിലെ അംഗങ്ങൾക്കായി ‘അൻപോടു കൺമണി’ എന്ന ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിങ് നടത്തി. തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ വച്ചായിരുന്നു പ്രദർശനം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ചിത്രം കാണാനെത്തി. ഒരു പ്രധാന വേദിയിൽ വച്ച് ഈ ചിത്രം പ്രദർശിപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ ലിജു തോമസ് പ്രതികരിച്ചു.
അർജുൻ അശോകനും അനഘ നാരായണനും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘അൻപോടു കൺമണി’. അനീഷ് കൊടുവള്ളി രചന നിർവഹിച്ചിരിക്കുന്നു. വിവാഹ ശേഷം നവദമ്പതികൾ നേരിടുന്ന പ്രശ്നങ്ങളെ നർമം കലർത്തി അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. ട്രെയിലറും ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അൽത്താഫ് സലിം, മാല പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്റണി തുടങ്ങിയവരാണ് ‘അൻപോടു കൺമണി’യിലെ മറ്റ് അഭിനേതാക്കൾ. ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ ചിത്രം നിർമിക്കുന്നു. ജനുവരി 24ന് ചിത്രം പ്രദർശനത്തിനെത്തും.