എനിക്കും ഇച്ചാക്കയ്ക്കും സിനിമയ്ക്കുള്ള വളംവച്ചു തന്നത് ബാപ്പ: ഇബ്രാഹിംകുട്ടി പറയുന്നു

Mail This Article
മമ്മൂട്ടിക്കും തനിക്കും സിനിമയിലേക്കുള്ള ആകർഷണം ഉണ്ടായതിനെപ്പറ്റി തുറന്നുപറഞ്ഞ് സഹോദരൻ ഇബ്രാഹിം കുട്ടി. ബാപ്പയാണ് തനിക്കും ജ്യേഷ്ഠനായ മമ്മൂട്ടിക്കും സിനിമയിലേക്കുള്ള ആകർഷണത്തിനു തുടക്കമിട്ടതെന്ന് ഇബ്രാഹിം കുട്ടി പറയുന്നു. കുട്ടിക്കാലത്ത് മിക്ക സിനിമകളും കാണാൻ ബാപ്പ കൊണ്ടുപോകുമായിരുന്നു. സീത, തങ്കക്കുടം, കുട്ടിക്കുപ്പായം, കുപ്പിവള, മണവാട്ടി, ആദ്യ കിരണങ്ങൾ, കറുത്ത കൈ തുടങ്ങിയ സിനിമകളൊക്കെ ബാപ്പ തിയറ്ററിൽ കൊണ്ടുപോയി കാണിച്ചിട്ടുണ്ട്. സിനിമകൾ കണ്ടുകണ്ട് താനും ജ്യേഷ്ഠനും സിനിമയിലേക്ക് അറിയാതെ ആകർഷിക്കപ്പെടുകയായിരുന്നു എന്ന് ഇബ്രാഹിംകുട്ടി പറയുന്നു.
‘‘പാണപറമ്പ് എന്ന് പറയുന്ന വീട്ടിലാണ് ഞങ്ങൾ ജനിച്ചത്. ഞാനാണ് അവിടെ ജനിച്ചതെന്നു പറയാം. ഇച്ചാക്ക ജനിച്ചതും മൂത്ത പെങ്ങൾ ജനിച്ചതുമൊക്കെ ഉമ്മാടെ നാട്ടിലാണ്. ചന്ദ്രൂർ പാണ്ടിയാംപറമ്പിൽ എന്ന് പറയുന്ന ഉമ്മാടെ തറവാട്ടിലാണ് അവര്‍ ജനിച്ചത്. അതങ്ങനെ ഒരു ആചാരത്തിന്റെ ഭാഗമായിട്ടാണ്. കാരണം കല്യാണം കഴിച്ചു വന്ന ഒരു സ്ത്രീ ഗർഭിണി ആയാൽ അവളുടെ ആദ്യ പ്രസവം അവരുടെ വീട്ടിലാണ്. ഇത് ആദ്യത്തെ പ്രസവവും രണ്ടാമത്തെ പ്രസവവും അവിടെ ആയിരുന്നു. മൂന്നാമത്തെ ആയിട്ടാണ് ഞാൻ ജനിക്കുന്നത്. ചെമ്പിൽ തറവാട്ടിൽ ജനിക്കുന്ന ആളാണ് ഞാൻ. ഞങ്ങളുടെ ബാല്യ കൗമാര കുതൂഹലങ്ങളും ഞങ്ങളുടെ വളർച്ചയും ഞങ്ങളുടെ എൽപി സ്കൂൾ വിദ്യാഭ്യാസവും ഒക്കെ നടന്നത് ഈ തറവാട്ടിൽ വച്ചിട്ടാണ്.
ഒരുപാട് കൃഷിയും കച്ചവടവും കാര്യങ്ങളും ഒക്കെ ഉണ്ട് ബാപ്പയ്ക്ക്. അവർ ആറു പേരായിരുന്നു. നാല് സഹോദരിമാരും രണ്ട് സഹോദരന്മാരും. അതിൽ ആരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. അവരുടെ മക്കൾ, ഞങ്ങളുടെ കസിൻസ് ഒക്കെ എല്ലാവരും ഉണ്ട്. അവരെയൊക്കെ ഇടയ്ക്കു കാണലും വിളിക്കലുമുണ്ട്. ഈ ആറു പേരിൽ നാല് സ്ത്രീകളാണ്. നാല് സ്ത്രീകളിൽ രണ്ടുപേരെയും ചെമ്പിൽ തന്നെയാണ് കല്യാണം കഴിച്ചു വിട്ടത്. അതായത് വാപ്പായുടെ നേരെ മൂത്ത പെങ്ങൾ, വാപ്പയുടെ രണ്ടാമത്തേത് മൂന്നാമത്തെ പെങ്ങളെയും കല്യാണം കഴിച്ചത് ചെമ്പിൽആണ്. പിന്നെ ഒരാൾ ഇടപ്പള്ളി, ലുലുമാൾ ഒക്കെ ഇരിക്കുന്ന സ്ഥലത്ത് ആണ് കല്യാണം കഴിച്ചിരിക്കുന്നത്. പിന്നെ ഉള്ളത് കൊച്ചാപ്പ വാപ്പാടെ അനിയൻ.
വാപ്പാടെ അനിയൻ അധ്യാപകനായിരുന്നു. അദ്ദേഹം ഷൊർണൂരിൽ ജോലി നോക്കിയിട്ടുണ്ട്. ഷൊർണൂർ ജോലി നോക്കുന്ന സമയത്ത് ഞങ്ങളും പോകുമായിരുന്നു. അദ്ദേഹം കല്യാണം കഴിച്ചിരിക്കുന്നത് ഇടപ്പള്ളിയിൽ നിന്നാണ്. അത് ഞങ്ങളുടെ ഉമ്മയുടെ ഒരു റിലേറ്റീവ് ആണ്. വെക്കേഷൻ സമയത്താണ് ഇവര്‍ നാട്ടിൽ വരുക. വാപ്പയുടെ പെങ്ങന്മാരുടെ മക്കളൊക്കെ വെക്കേഷൻ സമയത്ത് തറവാട്ടിൽ വരും. അവര്‍ വന്നു കഴിഞ്ഞാൽ ഞങ്ങൾക്ക് വലിയ ആഘോഷമാകും കാരണം അവരുമായിട്ട് കളിക്കാം. ഞങ്ങളുടെ വീടിന്റെ ഉമ്മറത്ത് ഉത്തരത്തിൽ നിന്ന് ഒരു കയറ് ഇങ്ങനെ തൂക്കിയിട്ടിട്ടുണ്ടാവും. അതിൽ പിടിച്ചു പ്രായം ആയ ആളുകൾക്ക് വീട്ടിലേക്കു കയറാം, പിടിച്ചിറങ്ങാം. നമ്മൾ പിടിച്ചു തൂങ്ങി ഇങ്ങനെ നിൽക്കും, നിന്നിട്ട് ഇങ്ങനെ മുൻപോട്ട് നോക്കി കഴിഞ്ഞാൽ വിശാലമായ ഈ പ്രദേശങ്ങൾ മുഴുവൻ നമുക്ക് കാണാം. വൈകുന്നേരം ഒക്കെ ആയിക്കഴിഞ്ഞാൽ ചെമ്പിൽ മാർക്കറ്റിൽപോകുന്ന ആൾക്കാരെ കാണാം. ആ ഒരു ചുറ്റുപാടിലാണ് ഞങ്ങൾ വളർന്നത്.
സെന്റ് തോമസ് എൽപി സ്കൂളിലാണ് ഞങ്ങളുടെ എല്ലാവരുടെയും വിദ്യാഭ്യാസം, മഠത്തിന്റെ വക സ്കൂൾ ആണ്. അതുകഴിഞ്ഞ് വിജയോദയം യുപി സ്കൂളിൽ പഠിച്ചു. അതിന്റെ ഇടയിൽ ഈ സിനിമ വലിയൊരു ആകർഷണമായി. സിനിമ ഞങ്ങളിലേക്ക് വന്നതല്ല ശരിക്കും ഞങ്ങൾ സിനിമയിലേക്ക് അങ്ങ് പോവുകയായിരുന്നു. സിനിമയോട് എന്തോ വല്ലാത്തൊരു ആകർഷണം പണ്ട് മുതലേ ഉണ്ടായിരുന്നു. വാപ്പ അതിനുള്ള വളം വച്ചു തന്നിരുന്നു എന്ന് പറയുന്നതാകും ശരി. മിക്കവാറും എല്ലാ സിനിമകളും വാപ്പ ഞങ്ങളെ കാണിക്കാൻ വേണ്ടി കൊണ്ടുപോകും. എനിക്ക് തോന്നുന്നു 1960 ൽ ഒക്കെ ആയിരിക്കും ഞാൻ ആദ്യമായി സിനിമ കാണുന്നത്. അപ്പൊ എത്ര വർഷമായി. അങ്ങനെ വാപ്പ കൊണ്ടുപോയി തിയറ്ററിൽ കാണിച്ചിട്ടുള്ള സിനിമകളാണ്, സീത, തങ്കക്കുടം, കുട്ടിക്കുപ്പായം, കുപ്പിവള, മണവാട്ടി, ആദ്യ കിരണങ്ങൾ, കറുത്ത കൈ എന്നൊക്കെ പറയുന്ന സിനിമകളൊക്കെ. അപ്പോൾ സിനിമയിലേക്ക് ഞങ്ങൾ എടുത്തെറിയപ്പെട്ടതാണെന്നൊന്നും പറയാൻ പറ്റില്ല, ആരും എടുത്തെറിഞ്ഞതൊന്നുമില്ല ഞങ്ങൾ ഇടിച്ചു കേറി സിനിമയിലേക്ക് ചെല്ലുകയായിരുന്നു. സിനിമയോട് ഉണ്ടാകുന്ന ഒരു വല്ലാത്തൊരു ആകർഷണമുണ്ടായിരുന്നു.’’–ഇബ്രാഹിം കുട്ടിയുടെ വാക്കുകൾ.