‘രേഖാചിത്രം’ ബുദ്ധിപരമായ ചിന്ത, അതിൽ ഞാനും കൂടെ നിന്നു: മമ്മൂട്ടി

Mail This Article
‘രേഖാചിത്രം’ എന്ന സിനിമയുടെ കഥയിലെ ബ്രില്യൻസ് ആണ് തന്നെ ആകർഷിച്ചതെന്നും ഇതുവരെ പറയാത്തൊരു കഥയുടെ കൂടെ താനും നിൽക്കുകയായിരുന്നുവെന്നും മമ്മൂട്ടി. ഈ സിനിമയുടെ സത്യസന്ധമായ കഥയിൽ താനും ഭാഗമാണ്. രേഖാചിത്രത്തിന്റേത് ഒരു ബ്രില്യന്റ് ചിന്തയാണെന്നും അത്തരമൊരു സിനിമ ഒരാൾ എടുക്കാൻ മുന്നോട്ട് വരുമ്പോൾ നമ്മൾ കൂടെ നിൽക്കണം എന്നും മമ്മൂട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ്’ സിനിമയുടെ പ്രസ് മീറ്റിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയാണ് അദ്ദേഹം.
‘‘രേഖാചിത്രത്തിന്റെ കഥ വന്ന വഴിയിലെ സത്യസന്ധമായ കഥയിൽ ഞാനുണ്ട്. ഞാൻ മാറി നിന്നാൽ ഒരുപക്ഷേ ആ സിനിമ നടക്കില്ല. മമ്മൂട്ടി ചേട്ടൻ എന്ന് പറയുന്നതൊക്കെ എന്റെ സ്വന്തം അനുഭവങ്ങളാണ്. മമ്മൂട്ടി ചേട്ടാ എന്നൊക്കെ പറഞ്ഞ് കത്ത് കിട്ടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതൊരു ബ്രില്യന്റ് ചിന്തയാണ്. അപ്പോൾ സ്വാഭാവികമായും ഞാൻ സമ്മതിച്ചില്ലെങ്കിൽ ചിലപ്പോൾ അവർക്ക് ആ സിനിമ എടുക്കാൻ പറ്റില്ല. ആ കഥ വളരെ ബുദ്ധിപരമായ ഒരു ചിന്തയിൽ നിന്ന് വന്നതാണ്. അങ്ങനെ നടന്നിട്ടില്ലാത്ത ഒരു സംഭവം , അല്ലെങ്കിൽ പാരലൽ ഹിസ്റ്ററിയിൽ ഒരു സിനിമ നമുക്ക് ഉണ്ടായിട്ടില്ല. അങ്ങനെ ആരെങ്കിലുമൊക്കെ ചെയ്യുമ്പോൾ നമ്മൾ കൂടെ നിൽക്കണ്ടേ, അത്രയേ ഉള്ളൂ." മമ്മൂട്ടി പറഞ്ഞു.
ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ആസിഫലി ചിത്രം "രേഖാചിത്രം" തിയറ്ററുകളിൽ റിലീസ് ചെയ്തു രണ്ടാഴ്ചയ്ക്കിപ്പുറവും മുന്നേറുകയാണ്. 1985ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ കാതോട് കാതോരം സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു സംഭവത്തെ ആസ്പദമാക്കി എഴുതിയതാണ് രേഖാചിത്രത്തിന്റെ കഥ. ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയിലായിരുന്നു ഈ മിസ്റ്ററി ക്രൈം ത്രില്ലര്‍ ഒരുങ്ങിയത്.
ചിത്രത്തിൽ എ.ഐയുടെ സഹായത്തോടെ മമ്മൂട്ടിയെ പുനർനിർമിച്ചിട്ടുണ്ട്. മമ്മൂട്ടി സമ്മതം മൂളിയതുകൊണ്ടാണ് സിനിമ നടന്നതെന്ന് സംവിധായകൻ ജോഫിൻ പറഞ്ഞിരുന്നു.