അഞ്ച് ദിവസം മുമ്പ് വിളിച്ചപ്പോഴും പറഞ്ഞത് തമാശകൾ, ആരോഗ്യം മോശമായത് പെട്ടെന്ന്: ഷാഫിയെ ഓർത്ത് മനോജ് കെ. ജയൻ

Mail This Article
എന്തു കാര്യം പറഞ്ഞാലും അതിൽ തമാശ ഉൾപ്പെടുത്തി സംസാരിക്കുന്ന ആളാണ് ഷാഫിയെന്നും ഇത്രയും ഹ്യൂമർ സെൻസ് ഉള്ള മറ്റൊരു സംവിധായകനെ കണ്ടിട്ടില്ലന്നും മനോജ് കെ ജയൻ. ആശുപത്രിയിലാകുന്നതിന് അഞ്ചാറ് ദിവസം മുൻപും വിളിച്ച് തമാശ പറഞ്ഞു പൊട്ടിച്ചിരിപ്പിച്ച ആൾ ഇത്രപെട്ടെന്ന് ഗുരുതരാവസ്ഥയിൽ ആയി എന്നറിഞ്ഞത് ഞെട്ടിച്ചു. പോഞ്ഞിക്കര, മണവാളൻ തുടങ്ങിയ അനശ്വര കഥാപാത്രങ്ങളുടെ സൃഷ്ടാവായ ഷാഫിയെ മലയാളികൾ എന്നെന്നും ഓർക്കുമെന്നും അദ്ദേഹത്തിന്റെ സിനിമകളിലൂടെ ഷാഫി എന്നെന്നും മലയാളികളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുമെന്നും മനോജ് കെ ജയൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട്, മായാവി എന്ന രണ്ടു ഹിറ്റ് സിനിമകളിൽ മമ്മൂട്ടിയോടൊപ്പം മനോജ് കെ ജയനും അഭിനയിച്ചിരുന്നു.
‘‘ഷാഫിയുടെ മായാവി, ചട്ടമ്പിനാട് എന്നീ രണ്ടു ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചിരുന്നു. ഷാഫി നല്ലൊരു സുഹൃത്തായിരുന്നു. ഇത്രയും ഹ്യൂമർ സെൻസ് ഉള്ള മറ്റൊരു സംവിധായകനെ ഞാൻ കണ്ടിട്ടില്ല. എന്തുപറഞ്ഞാലും അതിൽ ഒരു തമാശ ഉൾപ്പെടുത്തി സംസാരിക്കുന്ന ആളാണ് ഷാഫി. അങ്ങനെ എപ്പോഴും വിളിക്കുന്ന സൗഹൃദം ഒന്നുമല്ല എങ്കിൽ പോലും വല്ലപ്പോഴും കൂടി വിളിക്കുമ്പോൾ അതിൽ തമാശകൾ മാത്രമേ ഉണ്ടാകാറുള്ളൂ. അതുതന്നെയാണ് അദ്ദേഹത്തിന്റെ സിനിമകളിലും നമ്മൾ കണ്ടുകൊണ്ടിരുന്നത്. മലയാളത്തിലെ ഏറ്റവും ഐക്കോണിക്കായ കോമഡി സിറ്റുവേഷൻസ് അദ്ദേഹത്തിന് സംഭാവനയാണ്. കല്യാണരാമനിലെ ഇന്നസന്റ് ചേട്ടന്റെ ചോറ് വിളമ്പുന്ന സന്ദർഭം, പുലിവാൽ കല്യാണത്തിലെ മണവാളൻ അടക്കമുള്ള നമ്മൾ എന്നും എക്കാലത്തും സ്മരിക്കുന്ന കോമഡി സിറ്റുവേഷൻസ് മുഴുവൻ ഷാഫിയുടെ സംഭാവനകൾ ആണ്. അങ്ങനെയുള്ള വലിയൊരു ഹിറ്റ് മേക്കർ ആണ് നമുക്ക് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്. ഒരുപാട് വിഷമമുണ്ട്. ഷാഫിക്ക് 56 വയസ്സ് മാത്രമേ ഉള്ളൂ, ഈ ചെറു പ്രായത്തിൽ ഈ ഒരു അകാലവിയോഗം എങ്ങനെയുണ്ടായി എന്നത് എന്നെ വേദനിപ്പിക്കുന്നു. ഷാഫിയുടെ ഈ വിയോഗത്തിൽ അതിയായ ദുഃഖമുണ്ട്.
ഷാഫി മരിക്കുന്നതിന് അഞ്ചാറു ദിവസം മുൻപ് ഞാൻ വിളിച്ചിരുന്നു. അന്ന് കുറച്ചു വയ്യാത്ത അവസ്ഥയിലായിരുന്നു പക്ഷേ ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടില്ല. അന്നും പറഞ്ഞത് തമാശകളായിരുന്നു. കുറെ കാര്യങ്ങൾ സംസാരിച്ച് ഞങ്ങൾ വാവിട്ട് ചിരിച്ചിരുന്നു. അത്രയധികം രസകരമായ ഒരു കാര്യം പറഞ്ഞാണ് അവസാനം ഫോൺ വെച്ചത്. പിന്നെ ഒരു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഞാൻ അറിയുന്നു അദ്ദേഹം ആശുപത്രിയിൽ വളരെ സീരിയസായി കിടക്കുകയാണ് എന്ന് എനിക്ക് കേട്ടപ്പോൾ ഞെട്ടലാണ് ഉണ്ടായത്. അപ്രതീക്ഷിതമായി ഇത്ര പെട്ടെന്ന് ഗുരുതരാവസ്ഥയിൽ ആയത് എങ്ങനെ എന്ന് ഞാൻ ആലോചിച്ചു.
ഷാഫിയുടെ സിനിമകളിൽ അഭിനയിച്ചപ്പോൾ മുഴുവൻ ചിരിപ്പിക്കുന്ന കാര്യങ്ങൾ മാത്രമേ എനിക്ക് ഓർക്കാനുള്ള. രണ്ട് ലൊക്കേഷനിലും നിറയെ തമാശകൾ ആയിരുന്നു. സിനിമയിലായാലും സിനിമയ്ക്ക് പുറത്തായാലും ഷാഫിയോട് ഒപ്പം കൂടുമ്പോൾ തമാശകൾ മാത്രമേ ഓർക്കാനുള്ളൂ. മുഴുനീള തമാശയാണ് ഷാഫിയുടെ സെറ്റുകളിൽ. ഷാഫിയുടെ സിനിമകളിൽ വർക്ക് ചെയ്യാൻ അതുകൊണ്ടുതന്നെ വളരെയധികം താല്പര്യമാണ്.
ഷാഫിയെ പൊതുദർശനത്തിന് വച്ചപ്പോൾ പോയി കണ്ടിരുന്നു മമ്മൂക്കയും ഒപ്പം ഉണ്ടായിരുന്നു. മായാവിയിലും ചട്ടമ്പിനാടിലും ഞാനും മമ്മൂക്കയും ഒരുമിച്ച് ഉണ്ടായിരുന്നു. രണ്ടു സിനിമകളും സാമ്പത്തികമായി വലിയ വിജയം ആയിരുന്നു. ഞങ്ങൾ അത് ഇപ്പോൾ സംസാരിക്കുകയും ചെയ്തിരുന്നു. സുരാജ് വെഞ്ഞാറമൂടിന് ആദ്യത്തെ ഏറ്റവും വലിയ ബ്രേക്ക് കൊടുത്തത് ഷാഫിയുടെ സിനിമയാണ്. അതുപോലെതന്നെ ജയറാമിന്റെ എത്രയോ ചിത്രങ്ങൾ, ജയസൂര്യ അങ്ങനെ ഒരുപാട് താരങ്ങൾക്ക് ബ്രേക്ക് കൊടുത്ത സിനിമകൾ ഷാഫിയുടെതാണ്. മിസ്റ്റർ പോഞ്ഞിക്കര എന്ന ഇന്നസെന്റ് ചേട്ടന്റെ കഥാപാത്രം, മലയാളികളെ ഇത്രയേറെ ചിരിപ്പിച്ച വേറൊരു ഇന്നസെന്റ് കഥാപാത്രം ഉണ്ടാകില്ല.
ഇന്ന് ‘അമ്മ’യിൽ റിപ്പബ്ലിക് ദിന ചടങ്ങുകൾ ഉണ്ടായിരുന്നു അത് കഴിഞ്ഞ് ആശുപത്രിയിൽ പോയി ഷാഫിയെ കാണണം എന്നാണ് ഇന്നലെ രാത്രി ഞാൻ കരുതിയിരുന്നത്. പക്ഷേ റിപ്പബ്ലിക് ചടങ്ങുകൾ കഴിഞ്ഞിട്ട് ഷാഫിയുടെ പൊതുദർശനത്തിനാണ് പോകാൻ വിധിച്ചിരുന്നത്. ‘അമ്മ’യുടെ ഓഫിസിൽ നിന്നും ഞങ്ങൾ കുറച്ചു പേർ ഒരുമിച്ചാണ് പൊതുദർശനത്തിന് പോയത്. ഷാഫി ഒരിക്കലും മലയാളികളുടെ മനസ്സിൽ മരിക്കില്ല അദ്ദേഹത്തിന്റെ സിനിമകളിലൂടെ മലയാളികളെ എന്നും അദ്ദേഹം ചിരിപ്പിച്ചു കൊണ്ടേയിരിക്കും. ഷാഫിയുടെ ഓർമ്മകളും തമാശകളും എന്നും എന്റെ മനസ്സിലും ഉണ്ടാകും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.’’– മനോജ് കെ ജയൻ പറഞ്ഞു.