ADVERTISEMENT

പൊതുവേദിയിൽ വാക്പോരുമായി പാർവതി തിരുവോത്തും ഭാഗ്യലക്ഷ്മിയും. ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ വാക്തർക്കം ഉണ്ടായത്. ഭാഗ്യലക്ഷ്മി പലപ്പോഴായി ഡബ്ല്യുസിസിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ ഇതാദ്യമായാണ് നേർക്കുനേർ ചർച്ചയാകുന്നത്. അത്യന്തം നാടകീയമായിരുന്നു ഇരുവരുടെയും ചോദ്യങ്ങളും ഉത്തരങ്ങളും. 

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ ‘സ്ത്രീയും സിനിമയും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചയ്ക്കിടയിലായിരുന്നു സംഭവം. സിനിമാ ലോകത്ത് സ്ത്രീകൾ അനുഭവിക്കുന്നതും നേരിട്ടതുമായ വിഷയങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടും പരാമർശിച്ചു സംസാരിച്ച പാർവതി ഡബ്ല്യുസിസി സിനിമയിലെ സ്ത്രീകൾക്കായി തുറന്നു വയ്ക്കുന്ന ഇടത്തെപ്പറ്റിയും സംസാരിച്ചു. ‘നമുക്ക് എന്തും തുറന്നു പറയാനുള്ള ഒരു ഇടമുണ്ട്. അവിടെ  ആർക്കും വന്ന് പറയാനുള്ളത് പറയാം. വിമർശിക്കാനുളളവർക്കും അവിടേക്ക് വരാം,’ പാർവതി പറഞ്ഞു.

ഇതിനു മറുപടി ആയിട്ടാണ് കാണികൾക്കിടയിൽ നിന്ന് ഭാഗ്യലക്ഷ്മി സംസാരിച്ചു തുടങ്ങിയത്. ഡബ്ല്യുസിസിയോടുള്ള നിർദേശം എന്ന മട്ടിലാണ് ഭാഗ്യലക്ഷ്മി സംസാരിച്ചു തുടങ്ങിയത്. "ഈ ഓർഗനൈസേഷൻ കുറച്ചുകൂടി ആളുകൾക്ക് സംരക്ഷണം കൊടുക്കുന്ന രീതിയിൽ ആകണം. ഇരുന്ന് സംസാരിക്കാനും അവരോടൊപ്പം കുറച്ചു സമയം ചെലവഴിക്കാനും ഉള്ള ഒരു സ്പേസ് നൽകാനുള്ള ഒരു ശ്രമം ഡബ്ല്യുസിസി നടത്തിയാൽ നല്ലതാണെന്ന് എനിക്ക് തോന്നുന്നു, കുറെ കൂടി ആളുകൾ നിങ്ങളിലേക്ക് വരാൻ ശ്രമിക്കും. ‘ഞങ്ങൾ എങ്ങനെയാ മാഡം അവരുടെ അടുത്തേക്ക് പോകേണ്ടത്’ എന്ന് എന്നോട് സ്ത്രീകൾ ചോദിക്കാറുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റുകൾ അല്ല, അവർക്ക് പരാതി ഇല്ല എന്നു തന്നെ വച്ചോളൂ. ചോദിക്കുന്നത് മറ്റ് ഒരുപാട് ആർട്ടിസ്റ്റുകൾ, ടെക്നീഷ്യൻസ് ആയിട്ടുള്ള സ്ത്രീകൾ അങ്ങനെ പലരും, ഞങ്ങൾ എങ്ങനെയാ മാഡം അങ്ങോട്ട് പോകേണ്ടത്, ആരുടെ അടുത്തേക്കാണ് പോകേണ്ടത് എന്ന് ചോദിക്കുന്ന ഒരു ചോദ്യം ഇവിടെ നിൽക്കുന്നുണ്ട്. അപ്പോൾ അതും കൂടി ഒന്നു നിങ്ങൾ പരിഗണിക്കണം എന്ന് കൂടിയാണ് എനിക്ക് ഇത്രയും ആളുകളുടെ മുമ്പിൽ വച്ച് നിങ്ങളോട് പറയാനുള്ളത്. ഞാൻ ഇവിടെ വെറുതെ ഇരുന്നു കേട്ടിട്ട് പോകാം എന്ന് കരുതി തന്നെയാണ് വന്നത്. പക്ഷേ, എനിക്ക് തോന്നി അങ്ങനെയല്ല, എന്റെ ഭാഗത്ത് നിന്നുള്ള ഒരു സജഷൻ ഉണ്ടാകണം എന്ന്," ഭാഗ്യലക്ഷ്മി പറഞ്ഞു. 

ഇതിനു മറുപടിയായി ഒരു ചോദ്യമാണ് പാർവതി ഉന്നയിച്ചത്. ‘ചേച്ചി നിങ്ങൾക്ക് എന്നെ നന്നായി അറിയാം. നിങ്ങൾക്ക് എന്റെ നമ്പർ കിട്ടാനും ഒരു പ്രയാസവും ഉണ്ടാകില്ല. നിങ്ങൾക്ക് എന്തുകൊണ്ട് കലക്ടീവിൽ ജോയിൻ ചെയ്തുകൂടാ’? കരഘോഷത്തോടെയാണ് കാണികൾ പാർവതിയുടെ ചോദ്യത്തെ സ്വീകരിച്ചത്. എന്നാൽ ഡബ്ല്യുസിസിയോടുള്ള വിയോജിപ്പിന് കാരണം പൊതുവേദിയിൽ പരസ്യമാക്കിയാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. സംഘടന തുടങ്ങിയ സമയത്ത് ഭാഗ്യലക്ഷ്മിയെ ഉൾപ്പെടുത്തണ്ട എന്ന് സംഘടനയിൽ തന്നെ ഉള്ള ഒരാൾ പറഞ്ഞതായി താൻ അറിഞ്ഞെന്നും അതുകൊണ്ടാണ് ഡബ്ല്യുസിസിയിലേക്ക് വരാത്തതെന്നും ഭാഗ്യലക്ഷ്മി തിരിച്ചടിച്ചു.

"മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാൻ പോകുന്ന ദിവസം രാവിലെ എന്നോട് ചർച്ച ചെയ്തിട്ട് നമുക്ക് ഒന്നിച്ച് പോകാം എന്ന് പറഞ്ഞിട്ട്, പിന്നെ ഞാൻ കാണുന്നത് ടെലിവിഷനിൽ നിങ്ങളെല്ലാം മന്ത്രിയെ കണ്ടു എന്ന വാർത്തയാണ്. അപ്പോൾ ഞാൻ നിങ്ങളെ വിളിച്ചു ചോദിക്കുന്നു, എന്തുകൊണ്ട് എന്നെ വിളിച്ചില്ല. മന്ത്രിയെ കാണാൻ പോകാൻ എന്തുകൊണ്ട് വിളിച്ചില്ല എന്നല്ല ചോദിച്ചത്. അതിനു മുൻപുള്ള ചർച്ചയുടെ കാര്യമാണ് ഉദ്ദേശിച്ചത്. അതു ചോദിച്ചപ്പോൾ നിങ്ങളുടെ ഗ്രൂപ്പിലുള്ള ഒരാൾ തന്നെ എന്നോട് പറഞ്ഞ ഉത്തരമാണ്, നിങ്ങളെ കൂട്ടണ്ട എന്ന് ഞങ്ങളിൽ ചിലർ താല്പര്യപ്പെട്ടു എന്ന്.  അങ്ങനെ നിങ്ങളുടെ കൂട്ടത്തിലുള്ളവർ തന്നെ പറഞ്ഞപ്പോൾ, ശരി എന്നെ ഇഷ്ടമല്ലെങ്കിൽ കൂട്ടണ്ട എന്ന് ഞാൻ കരുതി.  അതുകൊണ്ടാണ് ഡബ്ല്യുസിസിയിലേക്ക് വരാത്തത്," ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

English Summary:

Parvathy Thiruvothu and Bhagyalakshmi engaged in a verbal duel on a public platform.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com