പ്രണയമാണ് തുടക്കവും മധ്യവും ഒടുക്കവും; ഹൃദയം കീഴടക്കുന്ന ‘ത്രീ ഓഫ് ഹാർട്സ്’

Mail This Article
എത്രയൊക്കെ ക്രിഞ്ചെന്നു പറഞ്ഞാലും ആരും വീണു പോകുന്ന അതിമനോഹരമായ അനുഭവമാണ് പ്രണയം. ആ പ്രണയത്തിന്റെ മൂന്നു വ്യത്യസ്ത കാഴ്ചകളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ഹ്രസ്വചിത്രമാണ് ത്രീ ഓഫ് ഹാർട്സ്. സത്യത്തിൽ ഇത് ഒരു സിനിമയല്ല, മൂന്നു കൊച്ചു സിനിമകളുടെ ആന്തോളജിയാണ്. പ്രണയത്തിന്റെ നൂലിൽ കോർത്തു വച്ചിരിക്കുന്ന മൂന്നു ഹൃദയങ്ങൾ! ഈ നുറുങ്ങു സിനിമകൾ പ്രേക്ഷകർക്കായി കാത്തു വച്ചിരിക്കുന്നത് ഇവയാണ്– ഒരു പുഞ്ചിരി, ഒരു സ്നേഹനിശ്വാസം, ഒടുവിലൊരു വിങ്ങൽ!
പ്രണയമാണ് തുടക്കവും മധ്യവും ഒടുക്കവും എന്നർഥം വരുന്ന തലവാചകത്തോടെയാണ് സിനിമ തുടങ്ങുന്നത്. ആമുഖമായി കുറിച്ച വാക്കുകൾ സത്യത്തിൽ അടയാളപ്പെടുത്തുന്നത് സിനിമകളുടെ സ്വഭാവത്തെ കുറിച്ചു കൂടിയാണെന്ന് സിനിമ കണ്ടു തുടങ്ങുമ്പോൾ പ്രേക്ഷകർ തിരിച്ചറിയും. അപ്പോഴേക്കും അതിലെ കഥാപാത്രങ്ങളുമായി അത്രയേറെ കണക്ടഡ് ആകും പ്രേക്ഷകരും. അതാണ് ഈ കൊച്ചു സിനിമയുടെ മാജിക്. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഓരോ കഥാപാത്രങ്ങളും കാഴ്ചക്കാരുടെ ഇഷ്ടം നേടുന്നുണ്ട്, ഹൃദയത്തിൽ ഇടിച്ചു കേറുന്നുണ്ട്.
തുടക്കം
ഒരു ഫൺ ഫിൽഡ് റൊമാന്റിക് ചിത്രമാണ് ആന്തോളജിയിൽ ആദ്യം. എല്ലാ പ്രണയങ്ങളുടെയും തുടക്കത്തിൽ ചില അവിചാരിതസംഭവങ്ങൾ ഉണ്ടാകാറുണ്ടല്ലോ. അങ്ങനെയൊരു സംഭവത്തിലൂടെയാണ് ഇവിടെ പ്രണയം തുടങ്ങുന്നത്. ആ തുടക്കത്തെ എല്ലാ ഭംഗിയോടും കൂടി സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ വിവേക് പ്രശാന്ത് പിള്ള. സ്റ്റോളൻ ഡാൻസ് എന്നാണ് ഈ സെഗ്മെന്റിന്റെ പേര്. പ്രണയത്തിലെ കട്ടെടുക്കലിനെ ഇതിനേക്കാൾ മനോഹരമായി മറ്റൊരു വാക്കു കൊണ്ട് അടയാളപ്പെടുത്താൻ കഴിയില്ല. മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ വിക്ടർ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഇഷാൻ ഷൗക്കത്ത് ആണ് ഇതിലെ നായകൻ അരവിന്ദ്. പുണ്യ എലിസബത്ത്, പ്രജ്വൽ പ്രസാദ്, റോസന്ന സ്റ്റാൻലി എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. പൂർണമായും ഒരു അർബൻ പശ്ചാത്തലത്തിലാണ് ഇതിലെ പ്രണയം സെറ്റ് ചെയ്തിരിക്കുന്നത്. ഇഷാന്റേയും പുണ്യയുടെയും പ്രകടനങ്ങളാണ് ഈ സെഗ്മെന്റിന് ഫ്രഷ് ഫീൽ നൽകുന്നത്.
മധ്യം
പ്രണവ് ഗോവിന്ദ് സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലൻസ് ആണ് ആന്തോളജിയിൽ രണ്ടാമത് എത്തുന്നത്. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്നതു പോലെ നിശബ്ദതയാണ് ഈ സിനിമയുടെ ഭംഗി. ഒരു ഡയലോഗു പോലുമില്ലെങ്കിലും പ്രകടനത്തിലൂടെ ഹൃദയം കവരുകയാണ് പ്രയാഗ മാർട്ടിനും എബ്രി സണ്ണി അന്ത്രപ്പേറും. അനുഭവപരിചയത്തിന്റെ തിളക്കത്തിൽ പ്രയാഗ സ്കോർ ചെയ്യുമ്പോൾ പ്രകടനത്തിലെ സൂക്ഷ്മതയിലൂടെയാണ് എബ്രി കയ്യടി നേടുന്നത്. സിനിമയുടെ വളർച്ചയിൽ ഇരുവരുടെ ബന്ധത്തിന്റെ ഊഷ്മളതയിൽ പ്രേക്ഷകരും ലോക്ക് ആകും. ‘സൗണ്ട് ഓഫ് സൈലൻസ്’ സ്പെഷൽ ആക്കുന്നത് അതിന്റെ സംഗീതം കൊണ്ടു കൂടിയാണ്. കഥാപാത്രങ്ങളുടെ വികാരങ്ങളെ അവരുടെ ഹൃദയമിടിപ്പ് പോലെ അതിലെ പശ്ചാത്തലസംഗീതം അടയാളപ്പെടുത്തുന്നുണ്ട്. ലൂസ് മത്തായി എന്നറിയപ്പെടുന്ന സംഗീതസംവിധായകനാണ് ഇതിന്റെ കയ്യടി. ശബ്ദം തന്നെയാണ് ഈ സെഗ്മെന്റിന്റെ സർപ്രൈസും!
ഒടുക്കം
ചീട്ടുകളിയിലെ മൂന്നാം നമ്പർ ഹാർട്സ് കാർഡ് ശ്രദ്ധിച്ചിട്ടുണ്ടോ? ഒറ്റ വരിയിൽ ഒന്നിനു താഴെ നിൽക്കുന്ന മൂന്നു ഹൃദയ ചിഹ്നങ്ങൾ! അതിലൊരു ഹൃദയം ബാക്കി രണ്ടിനും അഭിമുഖമായി തിരിഞ്ഞിരിക്കുന്ന രീതിയിലാണ്. അങ്ങനെ തിരിഞ്ഞു നിൽക്കൊന്നൊരു കഥയാണ് ആന്തോളജിയിലെ അവസാനത്തേത്. പേര്– ടിക്ക് ഓഫ് ദ് ക്ലോക്ക്. സത്യനാരായണൻ പ്രദീപ് ആണ് ഈ സെഗ്മെന്റ് സംവിധാനം ചെയ്തിരിക്കുന്നത്. മധ്യവയസ്സിലെത്തി നിൽക്കുന്നവരാണ് ഇതിലെ നായകനും നായികയും. അവരുടെ പ്രണയമാണ് ഈ സിനിമ സംസാരിക്കുന്നത്. പങ്കാളികൾ തമ്മിൽ കാലം ചെല്ലുന്തോറും യാന്ത്രികമായി പോയേക്കാവുന്ന സ്നേഹബന്ധത്തിന്റെ മറ്റൊരു കാഴ്ചയാണ് ഈ സിനിമ പങ്കുവയ്ക്കുന്നത്. ഇവിടെ പ്രണയം വെറും ശീലമോ വ്യവസ്ഥകളോ അല്ല. അതിനപ്പുറമുള്ള കെട്ടുപാടുകളാണ്. മനസ്സിനെ വലിഞ്ഞുമുറുക്കുന്ന ഒരു ഊരാക്കുടുക്ക്! അതിനകത്തേക്കു കയറിയാൽ പുറത്തേക്കുള്ള വഴി അറിഞ്ഞാലും സ്വയം ഇറങ്ങിപ്പോകാൻ പലരും മടിക്കും. അങ്ങനെയുള്ള രണ്ടു പേരാണ് ഇതിലെ കഥാപാത്രങ്ങൾ. ഫ്രാങ്കോ ഡേവിസും രമ്യ സുവിയുമാണ് ഈ കഥാപാത്രങ്ങളെ അതിഗംഭീരമായി പകർന്നാടിയിരിക്കുന്നത്. ഉള്ളിലൊരു പിടച്ചിലോടെയല്ലാതെ ഈ സെഗ്മെന്റ് കണ്ടു തീർക്കാനാകില്ല.
കയ്യടി ഇവർക്ക്
മിഥുൻ മാനുവൽ തോമസിന്റെ നേരമ്പോക്ക് യുട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ത്രീ ഓഫ് ഹാർട്സ് സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനാണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയെ പാഷനായി കാണുന്ന ഒരു കൂട്ടം യുവാക്കളാണ് ഈ ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ‘ദി കൊച്ചിൻ ക്രൂ’ എന്ന കൂട്ടായ്മയിലെ വിവേക് പ്രശാന്ത് പിള്ള, പ്രണവ് ഗോവിന്ദ്, സത്യനാരായണൻ പ്രദീപ് എന്നിവരാണ് ഈ ഹ്രസ്വചിത്രത്തിലെ കൊച്ചു ചിത്രങ്ങളുടെ സംവിധായകർ. ഒട്ടും വലിച്ചുനീട്ടലില്ലാതെയാണ് സിനിമയുടെ കഥ പറച്ചിൽ. പ്രണയമെന്ന വിഷയത്തെ പുതിയൊരു കാഴ്ചപ്പാടിലാണ് മൂന്നു സിനിമകളുടെ തിരക്കഥാകൃത്തുക്കളും സമീപിച്ചിരിക്കുന്നത്. സ്റ്റോളൻ ഡാൻസിന്റെ തിരക്കഥാകൃത്തും എഡിറ്ററും സംവിധായകൻ കൂടിയായ വിവേക് പ്രശാന്ത് പിള്ളയാണ്. സൗണ്ട് ഓഫ് സൈലൻസ് എഴുതിയിരിക്കുന്നത് സംവിധായകൻ പ്രണവ് ഗോവിന്ദും ഹരിത മേനോനും ചേർന്നാണ്. ടിക്ക് ഓഫ് ദ് ക്ലോക്ക് സംവിധായകൻ സത്യനാരായണനൻ പ്രദീപാണ് ആ സെഗ്മെന്റ് എഴുതിയിരിക്കുന്നതും. സിനിമയെ പരസ്പരം കണക്ട് ചെയ്യുന്നത് രസകരമായ ഒരു ആനിമേഷനിലൂടെയാണ്. രേഷ്മ മറിയം കോരയാണ് ഈ പ്രോജക്ട് ക്യൂറേറ്റ് ചെയ്തതും ചിത്രങ്ങൾക്കായി ആനിമേഷൻ ഒരുക്കിയതും. വിഷ്ണു രാജനാണ് ക്യാമറ. ഒറിജിനൽ സൗണ്ട്ട്രാക്ക്: ലൂസ് മത്തായി, പ്രൊഡക്ഷൻ ഡിസൈൻ: കാരലിൻ ജോസഫ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: റമീസ് മഹ്മൂദ്.
റൊമാന്റിക് സിനിമകൾ ഇഷ്ടപ്പെടുന്നവർ ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണ് ത്രീ ഓഫ് ഹാർട്സ്. ഫോർമാറ്റിൽ ഹ്രസ്വചിത്രം ആണെങ്കിലും ഒരു ഫീച്ചർ ഫിലിം കാണുന്ന ഫീലാണ് ഇതു സമ്മാനിക്കുന്നത്. ഈ സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ ഉറപ്പായും മലയാള സിനിമയുടെ നാളെയുടെ വാഗ്ദാനങ്ങളാണ്.