പഠിച്ച സ്കൂളിൽ മുഖ്യാതിഥിയായി മമിത ബൈജു; അധ്യാപകരെയും കുട്ടികളെയും കയ്യിലെടുത്ത് താരം

Mail This Article
പഠിച്ച സ്കൂളിൽ മുഖ്യാതിഥിയായി എത്തി നടി മമിതാ ബൈജു. കോട്ടയം ജില്ലയിലെ കിടങ്ങൂർ എൻഎസ്എസ് സ്കൂൾ വാർഷികാഘോഷത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുവാനാണ് മമിത എത്തിയത്. ഹർഷാവരങ്ങളോടെയാണ് സ്കൂൾ അധികൃതർ മമിതയെ സ്വീകരിച്ചത്. വേദിയിലെത്തിയ മമിത പിന്നീട് കുട്ടികളിൽ ഒരാളായി മാറുകയായിരുന്നു.
കുട്ടികൾക്കൊപ്പം ഡാൻസും പാട്ടുമായി സദസ്സിലുള്ളവരെ മുഴുവൻ മമിത കയ്യിലെടുത്തു. ‘‘പരിപാടിയെല്ലാം ഗംഭീരമാകട്ടെ. ഇവിടെ വന്നു ഇങ്ങനെയൊക്കെ സംസാരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. പക്ഷേ ഇവിടെ നിൽക്കുമ്പോൾ എനിക്ക് ഭയങ്കര എക്സ്സൈറ്റ്മെന്റ് ഉണ്ട്. നിങ്ങളെ എല്ലാം കാണുമ്പോൾ ഞാൻ എന്റെ സ്കൂൾ കാലവും എന്റെ സുഹൃത്തുക്കളെയുമൊക്കെ മിസ് ചെയ്യുന്നു. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്.’’–മമിതയുടെ വാക്കുകൾ.

ഉദ്ഘാടനത്തിനുശേഷം വിജയ് അഭിനയിക്കുന്ന തമിഴ് ചിത്രം ‘ജനനായകന്റെ’ ചിത്രീകരണത്തിനായി നടി ചെന്നൈയിലേക്കു തിരിച്ചു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലർ ചിത്രത്തിൽ വിജയ്‌യുടെ സഹോദരിയായാകും മമിത എത്തുക.


സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മമിത ബൈജു. അൽഫോൻസ, ഖോ ഖോ സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച താരം അഭിനയിച്ച ‘പ്രേമലു’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലും തിരക്കേറിയ നായികയായി മാറി. പ്രേമലുവിന്റെ പ്രചാരണത്തിനിടെ പൊതുവേദിയില്‍ ബാഹുബലി സംവിധായകന്‍ രാജമൗലി മമിതയെ പ്രശംസിച്ചതൊക്കെ കേരളത്തിലെ ആരാധകര്‍ക്കും അഭിമാന നിമിഷമായിരുന്നു.