ADVERTISEMENT

നിർമാതാവ് സാന്ദ്ര തോമസിനെതിരെ സംവിധായകൻ സിബി മലയിൽ പത്രസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി സാന്ദ്രാ തോമസ് രംഗത്ത്.  മലയാളത്തിൽ ഇത്രയും സൂപ്പർഹിറ്റ് സിനിമകൾ ചെയ്ത സിബി സാറിനെപ്പോലെ അതികായനായ ഒരു സംവിധായകൻ ഇങ്ങനെ വന്നിരുന്നു പച്ചക്കള്ളം പറയാൻ സാധിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ല എന്ന് സാന്ദ്ര പറയുന്നു.  ഒന്നുകിൽ സിബി ‌മലയിലിന് കാര്യങ്ങൾ വ്യക്തമായി അറിയില്ലെന്നും അല്ലെങ്കിൽ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും സാന്ദ്ര തോമസ് പറഞ്ഞു. സിബി മലയിലിനെ കാര്യങ്ങൾ ധരിപ്പിക്കാൻ താൻ ഫോൺ ചെയ്യാൻ ശ്രമിച്ചെന്നും അദ്ദേഹം ഫോൺ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തില്ല എന്നും സാന്ദ്ര പറയുന്നു. സിബി മലയിൽ പറയുന്നത് കേട്ട് സിനിമാസ്വാദകർ തെറ്റിദ്ധരിക്കരുതെന്നു കരുതിയാണ് താൻ ഇപ്പോൾ ഇതെല്ലാം തുറന്നു പറയുന്നതെന്നും മനോരമ ഓൺലൈനിനു നൽകിയ വിശദമായ അഭിമുഖത്തിൽ സാന്ദ്ര തോമസ് പറഞ്ഞു.

‘‘സിബി മലയിൽ സാർ പ്രസ് മീറ്റിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ കേട്ടു. മലയാളത്തിൽ ഇത്രയും സൂപ്പർഹിറ്റ് സിനിമകൾ ചെയ്ത സിബി സാറിനെപ്പോലെ അതികായനായ ഒരു സംവിധായകന് ഇങ്ങനെ വന്നിരുന്നു പച്ചക്കള്ളം പറയാൻ സാധിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ല. അദ്ദേഹത്തിന് ഓർമക്കുറവ് ആയിരിക്കും എന്ന് വിശ്വസിക്കാനാണ് എനിക്ക് താല്പര്യം.  അദ്ദേഹത്തെ ഒന്ന് ഓർമിപ്പിക്കാനും എന്റെ ഭാഗം ക്ലിയർ ചെയ്യാനും ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. പക്ഷേ രണ്ടു പ്രാവശ്യം വിളിച്ചിട്ടും അദ്ദേഹം എടുത്തില്ല തിരിച്ചു വിളിച്ചതുമില്ല. അതിന് അർഥം അദ്ദേഹം പറഞ്ഞതിൽ അദ്ദേഹത്തിന് വ്യക്തത ഉണ്ടെന്നും എന്നോട് സംസാരിക്കാൻ താൽപര്യമില്ല എന്നുമാണല്ലോ. അതുകൊണ്ടാണ് ഞാൻ ഇത് പറയാം എന്ന് കരുതുന്നത്. കോടതിയുടെയും നിയമത്തിന്റെയും ഒക്കെ പരിഗണനയിലിരിക്കുന്ന ഒരു കേസ് ഇത്രമാത്രം ലാഘവത്തോടെ വന്നിരുന്നു വിളിച്ചു പറയുമ്പോൾ സിബി സാറിനെ പോലെയുള്ള ഒരാൾ ജാഗ്രത പുലർത്തേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നുന്നു.  ഇവരുടെ കൂടെ നിൽക്കാൻ വേണ്ടി ഇതുപോലെ പലരെയും തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവന്ന് ഇരുത്തി പറയിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ സത്യവിരുദ്ധമായ കാര്യങ്ങൾ പറയുക എന്നത് കേസിന്റെ പരിഗണനയിൽ വരുന്ന ഒരു കാര്യം കൂടിയാണ്.

എന്റെ മൂന്ന് സിനിമയ്ക്കാണ് തർക്കങ്ങൾ ഉണ്ടായതെന്നാണ് ഇവർ പറയുന്നത്. ശരിക്കും നാല് സിനിമകൾക്കുണ്ടായിരുന്നു. ഒന്ന് ഞാൻ നേരത്തെ തന്നെ പറഞ്ഞതാണ്. ഓം ശാന്തി ഓശാനയിൽ സംഭവിച്ച കാര്യം ആദ്യം പറയാം.  ആ സംഭവം നടന്ന ഒരു മാർച്ച് എട്ടാം തീയതി എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിവസമാണ്. അന്ന് ഈ സിനിമയുടെ എഴുത്തുകാരൻ മിഥുൻ മാനുവലും സംവിധായകൻ ജൂഡ് ആന്റണിയും എന്റെ ഓഫിസിൽ കയറി വന്ന് എന്നെ ഭയങ്കരമായി ഇൻസൽട്ട് ചെയ്തു. മിഥുൻ അന്ന് എന്നോട് ഭയങ്കരമായി ദേഷ്യപ്പെട്ട ഒരാളാണ്. ജൂഡ് അന്ന് അവിടെ ഉണ്ടായിരുന്നു, ആ സമയത്ത് എനിക്ക് വിഷമം സഹിക്കാൻ വയ്യാതെ അവിടെ ഇരുന്ന് കരഞ്ഞു.  ഇവർ എന്നെ ഭീഷണിപ്പെടുത്തിയപ്പോൾ പേടിച്ചു കരഞ്ഞുപോയതാണ്. ആ പ്രോജക്ട് കയ്യിൽ നിന്നും പോകുന്നതിൽ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു.

ഞാൻ കരയാൻ തുടങ്ങിയപ്പോൾ ജൂഡ് എന്റെ അടുത്ത് ഇരുന്നു പറഞ്ഞു, ‘‘സാന്ദ്ര വിഷമിക്കേണ്ട ഞാൻ സാന്ദ്രയ്ക്ക് അടുത്ത പടം ചെയ്തു തരാം, അടുത്ത പടം എന്തായാലും നമ്മൾ ഒരുമിച്ച് ആയിരിക്കും ചെയ്യുന്നത്’’ എന്ന്. അത് വേണ്ടെന്നു ഞാൻ മറുപടിയായി പറഞ്ഞു. ആ സമയത്ത് ഇവർക്ക് അഡ്വാൻസ് കൊടുത്തിട്ടുണ്ട്. ആ പൈസ തിരിച്ചു തരാമെന്നും ജൂഡ് പറഞ്ഞു. എനിക്ക് കാശ് വേണ്ട. നിങ്ങൾ ആ കാശ് കൊണ്ടുപോയി രക്ഷപ്പെടുന്നെങ്കിൽ രക്ഷപ്പെട്ടോ എന്നായിരുന്നു അവരോടു ഞാൻ പറഞ്ഞത്. പടത്തിൽ നിന്നും പിന്മാറാൻ അവർ പറഞ്ഞ കാരണമായി പറഞ്ഞത്, ‘മങ്കി പെൻ’ പോലെ ഒരു ചെറിയ പടം ചെയ്ത ബാനറുമായി സഹകരിക്കാൻ  നിവിൻ പോളിക്ക് താല്പര്യമില്ല എന്നതായിരുന്നു. നിവിനും ആന്റോ  ജോസഫും അന്ന് വേറൊരു പടം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

ഇവർ അന്ന് പോയതിനുശേഷം ആ സമയത്ത് നടന്നുകൊണ്ടിരുന്ന എന്റെ ‘സക്കറിയയുടെ ഗർഭിണികൾ’ എന്ന സിനിമയുടെ സംവിധായകനെ വിളിച്ച്, നീയും മാറിക്കോ നമുക്ക് വേറെ പടം ചെയ്യാം എന്ന് ഇവർ പറഞ്ഞു. അങ്ങനെ പറഞ്ഞപ്പോഴാണ്, എന്റെ മറ്റുപടങ്ങളെ ഇവർ തടയുന്നു എന്ന് പറഞ്ഞ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി കൊടുക്കുന്നത്. പരാതി കൊടുത്തു എന്ന് അറിഞ്ഞപ്പോൾ ആന്റോ ജോസഫ് ആ പ്രോജക്ടിൽ നിന്നും പിന്മാറി. അപ്പോൾ ഇവർക്ക് പ്രൊഡ്യൂസർ ഇല്ലാതെയായി. അങ്ങനെ ആ പ്രോജക്ട് ഇവർ താൽക്കാലികമായി ഉപേക്ഷിച്ചു. അന്ന് ആ പടത്തിന്റെ പേര് അന്ന് ഓലക്കുടയും കുങ്ഫു പാണ്ഡയും എന്നായിരുന്നു. കുറെനാൾ കഴിഞ്ഞപ്പോൾ 'ഓം ശാന്തി ഓശാന' എന്ന പേരിൽ ഈ പടം അനൗൺസ് ചെയ്യുന്നു.

അന്നത്തെ പ്രൊഡ്യൂസർ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആൽവിൻ ആന്റണി ആണ് ആ പടം നിർമിച്ചത്. എന്റെ കയ്യിൽ നിന്ന് പോയ പടം ചെയ്യുന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ്.  ഇതെന്ത് നീതിയെന്ന് അവരോടു ഞാൻ വിളിച്ചു ചോദിച്ചു. വളരെയധികം ലാഭം കിട്ടുന്ന ഒരു പടമായിരുന്നു. അതിന്റെ ടേബിൾ പ്രോഫിറ്റ് തന്നെ ഏകദേശം ഒന്നരക്കോടി രൂപയ്ക്ക് മുകളിൽ വരുന്നതായിരുന്നു, കലക്‌ഷൻ വേറെ. ഇങ്ങനെ വന്ന സാഹചര്യത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എല്ലാവരെയും വിളിപ്പിച്ചു. അതിന്റെ മീറ്റിങ്ങിൽ ഫെഫ്കയുടെ അംഗങ്ങളും ‘അമ്മ’യുടെ അംഗങ്ങളും ഉണ്ടായിരുന്നു. എന്റേതായ ക്രിയേറ്റീവ് കോൺട്രിബ്യൂഷനും ആ സിനിമയ്ക്ക് ഉണ്ടെന്ന് അവിടെ വച്ച് മിഥുൻ സമ്മതിച്ചു. ആ സിനിമയുടെ കഥ എഴുതുന്ന സമയത്ത് എന്റെ ജീവിതത്തിൽ ഉണ്ടായ കുറെ സംഭവങ്ങളും ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്.

അങ്ങനെ മിഥുൻ സമ്മതിച്ച സ്ഥിതിക്ക് 25 ലക്ഷം രൂപ എനിക്ക് നഷ്ടപരിഹാരമായി തരാൻ സിയാദ് കോക്കറും ലിബർട്ടി ബഷീറും  എല്ലാവരും കൂടി തീരുമാനിച്ചു. അത് പറ്റില്ല എന്ന് പറഞ്ഞ് ആൽവിൻ ആന്റണി എല്ലാവരെയും ചീത്ത വിളിച്ചിട്ട് ഇറങ്ങി പോയെങ്കിലും ഇതായിരുന്നു പ്രൊഡ്യൂസർ അസോസിയേഷന്റെ തീരുമാനം. അതുകഴിഞ്ഞപ്പോൾ എന്റെ അന്നത്തെ പാർട്ണർ ആയ വിജയ് ബാബുവിനെ ബി. ഉണ്ണികൃഷ്ണൻ വിളിച്ച് സമ്മദർദം ചെലുത്തി, എന്നെ പുറത്തേക്ക് വിളിപ്പിച്ചു. എന്നെയും ജൂഡിനെയും മിഥുനെയും ഒരുമിച്ചിരുത്തി അയാൾ സംസാരിച്ചു, ഭീഷണിയുടെ രൂപത്തിലാണ് എന്നോട് സംസാരിച്ചത്. ‘‘സാന്ദ്ര ഇനി മലയാളത്തിൽ പടം ചെയ്യില്ല, ഒരു വർക്കും ചെയ്യില്ല. ഈ 25 ലക്ഷം രൂപ ഇവരുടെ കയ്യിൽ നിന്നും വാങ്ങി കഴിഞ്ഞാൽ ഇവർക്ക് പിന്നെ ഒന്നും കിട്ടാതാകും. അതുകൊണ്ട് സാന്ദ്ര അത്രയും പൈസ വാങ്ങരുത്’’ എന്നു പറഞ്ഞു. എനിക്ക് വ്യക്തിപരമായി ഇവരെ ഉപദ്രവിക്കണമെന്ന് ആഗ്രഹമില്ല. ഇതിനകത്ത് ചെലവാക്കിയിരിക്കുന്ന മൂന്നര ലക്ഷം രൂപയുണ്ട്. ആ പൈസ എന്തായാലും വേണമെന്ന് ഉറപ്പിച്ചു പറഞ്ഞു.

അങ്ങനെയെങ്കിൽ ഈ മൂന്നരയുടെ കൂടെ ഒരു മൂന്നര കൂടി ഇട്ടിട്ട് 7 ലക്ഷം രൂപ വേണമെങ്കിൽ തരാം എന്ന് അവർ പറഞ്ഞു. ആ തീരുമാനം എനിക്കു സമ്മതമായിരുന്നു. പക്ഷേ ഇതുകൂടാതെ ഇവർ രണ്ടുപേരും എനിക്ക് മാപ്പ് എഴുതി തരണമെന്നും ആവശ്യപ്പെട്ടു. അത് ന്യായമാണെന്നും ഒരു പ്രൊഡ്യൂസറുടെ ഓഫിസിൽ കയറി അവരെ ഭീഷണിപ്പെടുത്തി അവരോട് മോശമായി പെരുമാറിയതിനാൽ തീർച്ചയായും മാപ്പ് പറയണമെന്നായിരുന്നു ബി. ഉണ്ണികൃഷ്ണനും അഭിപ്രായപ്പെട്ടത്. രണ്ടുപേരും എനിക്ക് മാപ്പ് എഴുതി തന്നു. ഞാനത് ഫ്രൈഡേ ഫിലിം ഹൗസിൽ അവസാനം വരെയും റൂമിന്റെ മുൻപിൽ തന്നെ തൂക്കിയിട്ടിട്ടുണ്ടായിരുന്നു. കാരണം എനിക്ക് അത് അത്രയും വിഷമം ഉണ്ടായ കാര്യമായിരുന്നു. ഇവർ രണ്ടുപേരും എന്റെ ഓഫീസിൽ വന്ന് അത്രയും മോശമായിട്ടാണ് പെരുമാറിയത്.

എന്റെ മാതാപിതാക്കൾക്ക് പോലും അത് വല്ലാതെ വിഷമമുണ്ടാക്കിയിരുന്നു. എന്റെ വീട്ടിൽ നിന്നാണ് ഇവർക്ക് ഭക്ഷണം പോലും ഉണ്ടാക്കി കൊടുത്തുകൊണ്ടിരുന്നത്.  നമ്മുടെ പുരുഷ സഹപ്രവർത്തകർ സിനിമ ചെയ്യുന്നതുപോലെ അല്ല. എന്നെപ്പോലെ ഒരു സ്ത്രീ നിർമാതാവാകുമ്പോൾ ഇടേണ്ടിവരുന്ന കഷ്ടപ്പാട് ഇരട്ടി ആണ്.  ഒരു പ്രോജക്റ്റ് ചെയ്തെടുക്കാൻ എന്റെ ഒരുപാട് എഫേർട്ട് ഉണ്ട്. അതിനെ ചെറുതാക്കി കാണാൻ പാടില്ല.  എന്റെ സമയം, ഊർജം, ഗുഡ്‌വിൽ ഇതിനൊക്കെയാണ് ഞാൻ നഷ്ടപരിഹാരം ചോദിച്ചത്. എനിക്ക് പറയാനുള്ളത് ഇതാണ്, ഇനി നിങ്ങൾ തീരുമാനിച്ചോളൂ എന്നാണ് ഞാൻ പറഞ്ഞത്.  അത് ന്യായമാണെന്ന് തോന്നിയിട്ടാണ് 25 ലക്ഷം രൂപ തരാമെന്ന് സമ്മതിച്ചത്, അത് ഞാൻ അങ്ങോട്ട് പറഞ്ഞ തുക അല്ല, പ്രൊഡ്യൂസഴ്സ് അസോസിയേഷനും ഫെഫ്കയും ‘അമ്മ’യും എല്ലാമിരുന്ന ഒരു മീറ്റിങിൽ ഇങ്ങോട്ട് പറഞ്ഞതാണ്.  അന്ന് സിബി സാർ ഇരുന്ന മീറ്റിങ്ങിലാണ് ഈ തീരുമാനം ഉണ്ടായത്.

ഞാൻ ആകെ വാങ്ങിയത് മൂന്നര ലക്ഷം രൂപയാണ്. എന്നിട്ടും അതിന്റെ സംവിധായകനും എഴുത്തുകാരനും പണം വാങ്ങാതെ വർക്ക് ചെയ്തു എന്ന് പറഞ്ഞാൽ അത് ആരുടെ കുറ്റമാണ്?  ഇത്രയും പ്രോഫിറ്റ് ഉണ്ടാക്കിയ ഒരു സിനിമ, ആ പ്രൊഡ്യൂസറുടെ ജീവിതം തന്നെ മാറ്റിമറിച്ച സിനിമ, ഒരുപാട് പൈസ ഉണ്ടാക്കിയിട്ടുണ്ട്.  എന്നിട്ടും അതിന്റെ സംവിധായകനു പ്രതിഫലം കിട്ടിയില്ലെന്ന് പറഞ്ഞാൽ ആരെയാണ് ഇവർ പറഞ്ഞു പറ്റിക്കാൻ ശ്രമിക്കുന്നത്? എന്നെയാണോ ആൽവിൻ ആന്റണിയെ അല്ലേ അവർ ചോദ്യം ചെയ്യേണ്ടത്. ഇത്രയും പ്രോഫിറ്റ് കിട്ടിയ പടത്തിന് ഇവർക്ക് പ്രതിഫലം കൊടുത്തില്ല എന്നുണ്ടെങ്കിൽ.

അതുപോലെ ഈ സിനിമയുടെ പ്രശ്നപരിഹാരത്തിനു വേണ്ടി ചെയ്ത സിനിമയല്ല ‘ആട്’. അന്ന് ഫ്രൈഡേ ഫിലിംസിന്റെ ഓഫിസിൽ വർക്ക് ചെയ്തിരുന്ന സാജിദും  മിഥുനും ഒരേ റൂമിലാണ് താമസിച്ചിരുന്നത്. അങ്ങനെ ഇവരുടെ കയ്യിലുള്ള ഹ്രസ്വചിത്രത്തിൽ നായകന്മാരാകാൻ വേണ്ടി ചിത്രം നിർമിക്കാൻ വിജയ് ബാബുവിനെ സമീപിക്കുന്നു. വിജയ് ആണ് ഇതിലൊരു സിനിമയ്ക്ക് സ്കോപ്പ് ഉണ്ടെന്നു തിരിച്ചറിയുന്നത്. പക്ഷേ ഞാനതിനോട് എതിർത്തു. വിജയ് എന്നെ പറഞ്ഞു മനസ്സിലാക്കി, അവസാനം ഇവരുടെ സമ്മർദത്തിനു വഴങ്ങിയാണ് ആട് ചെയ്തത്. ‘ആട്’ ചെയ്തതിനു ശേഷം എനിക്ക് മിഥുനോട് യാതൊരു ദേഷ്യമോ വൈരാഗ്യമോ ഇല്ല. അല്ലാതെ സിബി സർ പറയുന്നതുപോലെ ഓം ശാന്തി ഓശാനയുടെ തർക്കപരിഹാരത്തിനുവേണ്ടി ചെയ്ത സിനിമയല്ല ‘ആട്’. അത് വെറുതെ ഇവർ കള്ളത്തരം പറയുന്നതാണ്.

‘ജൂതൻ’ എന്ന സിനിമയുടെ കാര്യം പറയാം. ഞാൻ അതിന്റെ പ്രൊഡ്യൂസർ അല്ല എന്നാണ് സിബി സർ പറഞ്ഞത്. റൂബി ഫിലിംസ് ആണ് ആ സിനിമ ചെയ്യാനിരുന്നത്.  റൂബി ഫിലിംസിൽ 51 ശതമാനം ഷെയർ ഉള്ള ഒരാളാണ് ഞാൻ. അപ്പോൾ ഞാൻ എങ്ങനെയാണ് ആ സിനിമയുടെ പ്രൊഡ്യൂസർ അല്ലാതെ ആകുന്നത്. ആ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ ഒരു നിശ്ചിത എമൗണ്ടിൽ നമ്മൾ അതിന്റെ ഫസ്റ്റ് കോപ്പി ബേസിസിൽ സമ്മതിക്കുന്നു, അതിനുശേഷം സംവിധായകൻ ഭദ്രൻ സാറുമായി കരാർ ഒപ്പിട്ട ശേഷം ഞാനത് സാറ്റലൈറ്റും ഡിജിറ്റലും എല്ലാം സംസാരിച്ച് വിൽപ്പന ഏകദേശം ശരിയാക്കി വച്ചതിനുശേഷം ഭദ്രൻ സർ വിളിച്ചു പറയുകയാണ് ഇത് ഈ ചെലവിൽ നിൽക്കില്ല അതിന്റെ ഇരട്ടി ചെലവ് വരുമെന്ന്. അങ്ങനെ പറഞ്ഞ സമയത്ത് ഞങ്ങൾക്ക് അത് ബുദ്ധിമുട്ടാണെന്നും ഈ പറഞ്ഞ കരാറിൽ തന്നെ നിൽക്കണം എന്നും ഞങ്ങൾ പറഞ്ഞു. അതിന് സംവിധായകൻ വിസമ്മതിച്ചു.   

അങ്ങനെയാണ് ഇത് പരാതിയായി ചേംബറിലേക്ക് വരുന്നത്. ചേംബറിൽ പരാതി വരുന്ന സമയത്ത് എന്റെ അച്ഛനും അദ്ദേഹത്തിന്റെ അന്നത്തെ പാർട്ണറും  കൂടിയാണ് അവിടെ മീറ്റിങ്ങിനു പോയത്. മീറ്റിങ്ങിന്റെ സമയത്ത് എല്ലാം ഇവർക്ക് അനുകൂലമായി നിൽക്കുന്ന ആളുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ചേംബറിൽ ഇരിക്കുന്നവരും പ്രൊഡ്യൂസേർസ് അസോസിയേഷൻ ഇരിക്കുന്നവരും എല്ലാം സുഹൃത്തുക്കളാണ്. ഞങ്ങൾ താരതമ്യേന പുതിയ ആൾക്കാരായിരുന്നു. എന്റെ അച്ഛൻ അന്ന് എന്നോട് വിഷമത്തോടെ പറഞ്ഞു, അവർ പടം നമ്മുടെ അടുത്തുനിന്നും തട്ടിയെടുക്കുകയാണ് എന്ന്.  ഞാൻ അവിടെ ചെല്ലുമ്പോൾ ഉണ്ണികൃഷ്ണനും ഭദ്രൻ സാറും എല്ലാവരും നിൽക്കുന്നുണ്ട്.  ‘‘സർ ഇതാണ് സാഹചര്യം ഞാൻ ഈ പടത്തിനു ചെലവഴിച്ച കുറേ സമയവും കഷ്ടപ്പാടും ഉണ്ട്. ഞാൻ ഇതിന്റെ സാറ്റലൈറ്റും ഡിജിറ്റലും എല്ലാം സെയിൽ ആക്കി വച്ചിരിക്കുകയാണ്. ഇനി ഇത് എടുത്തുകൊണ്ടു പോകരുത്. ആ പറഞ്ഞ പൈസയ്ക്ക് തന്നെ ഞങ്ങൾക്ക് അത് ചെയ്തു തരാൻ പറയണം’’ എന്ന് പറഞ്ഞു.

അപ്പോൾ ആ സമയത്ത് ചേംബറിന്റെ സെക്രട്ടറി സാഗ അപ്പച്ചൻ പറഞ്ഞു, ‘‘വിട്ടുകള സാന്ദ്ര, അവർക്ക് ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ അത് പോട്ടെ’’ എന്ന്.  ഞങ്ങളോട് അത് വിട്ടുകളയാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിനും ഇതുപോലെ പല സിനിമകളും വിട്ടുകൊടുക്കേണ്ടി വന്നിട്ടുണ്ട്. നിങ്ങൾക്ക് ഇത് വിട്ടുകള എന്നു പറഞ്ഞു ഒടുവിൽ ഞങ്ങൾ അത് വിട്ടു കളയാൻ തന്നെ തീരുമാനിച്ചു. പക്ഷേ ഞങ്ങൾ ഇതിനുവേണ്ടി ചെലവഴിച്ച കുറെ സമയമുണ്ട്. അതിനു വേണ്ടി ഞങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ഞാൻ പറഞ്ഞു. ഒരുകോടി രൂപ നഷ്ടപരിഹാരമായി തരാൻ പോകുന്നില്ല എന്ന് എനിക്കറിയാം. പക്ഷേ ഭദ്രൻ സാറിന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളെല്ലാം എനിക്ക് ഇഷ്ടമുള്ളതായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിലേക്ക് എത്തിയതും എല്ലാം.

ഒരു കാരണവശാലും ഒരു കോടി രൂപ സെറ്റിൽമെന്റ് നടക്കില്ല, ഒരു പൈസയും തരില്ല. അവര്‍ പടവും ചെയ്യും ഇനി നീ പടം ചെയ്യുന്നത് ഞങ്ങൾക്ക് ഒന്ന് കാണണം എന്നു ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. അദ്ദേഹം എന്നെ വെല്ലുവിളിച്ചിട്ട് അവിടെ നിന്ന് ഇറങ്ങിപ്പോയി. എന്നിട്ട് അന്ന് ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന എന്റെ ‘എടക്കാട് ബറ്റാലിയൻ’ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നിർത്തി വപ്പിച്ചു. പോസ്റ്റ് പ്രൊഡക്‌ഷൻ നിർത്തിച്ചുവെന്ന് അതിന്റെ എഡിറ്റർ എനിക്ക് വോയിസ് മെസ്സേജ് അയച്ചപ്പോൾ, ആ വോയിസ് മെസ്സേജ് അന്നത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്തിന്  അയച്ചു കൊടുത്തു. നിങ്ങൾ ഇതിൽ ഇടപെടണം എന്റെ സിനിമയുടെ വർക്ക് വീണ്ടും തുടങ്ങേണ്ടതാണ്. നിങ്ങൾ ഇടപെട്ടില്ല എന്ന് ഉണ്ടെങ്കിൽ എനിക്ക് കോമ്പറ്റീഷൻ കമ്മീഷനിലേക്ക് പോകേണ്ടിവരുമെന്നു പറഞ്ഞു.  ഞാൻ ഈ മെസ്സേജ് അയക്കുന്ന സമയത്ത് ഇവര്‍ എല്ലാവരും ഉണ്ണികൃഷ്ണനുമായി പാർട്ടിയിലാണ്, ആ പാർട്ടി നടന്നുകൊണ്ടിരിക്കുകയാണ് എന്ന് എനിക്കറിയാം. അപ്പോൾ തന്നെ ഇവർ ബി. ഉണ്ണികൃഷ്ണനുമായി സംസാരിക്കുകയും എന്റെ പടത്തിന്റെ വർക്ക് വീണ്ടും തുടങ്ങി വയ്ക്കുകയും ചെയ്തു. ഇതാണ് ഞാൻ ഒരുകോടി രൂപ ചോദിക്കാൻ ഉണ്ടായ സാഹചര്യം.

പത്മകുമാർ ചെയ്ത പടത്തിന്റെ കാര്യമാണെങ്കിൽ സംവിധായകൻ പപ്പേട്ടനും എഴുത്തുകാരനൻ അഭിലാഷിനും പ്രൊഡക്‌ഷൻ കൺട്രോളർ നോബിളിനും നായകനായ ആസിഫിനും ഞാൻ അഡ്വാൻസ് കൊടുത്തിരുന്നതാണ്. അന്ന് നായകൻ ആസിഫ് അലി ആയിരുന്നു. ഇവർക്കെല്ലാം ഞാൻ അഡ്വാൻസ് കൊടുത്ത് മൂന്നുനാലു വർഷമാണ് കാത്തിരുന്നത്. എന്റെ പൈസ അവിടെ ഇങ്ങനെ വെറുതെ കിടക്കുകയാണ്. ഇത്രയും പൈസ അഡ്വാൻസ് കൊടുത്ത് ഇട്ടേക്കുന്ന പടം, കോവിഡിന്റെ സമയത്ത് കൺട്രോളർ വിളിച്ച് എന്നോട് പറയുകയാണ്, ഇവർക്ക് താമസിക്കാനായി ഒരു ഫ്ലാറ്റ് വേണമെന്ന്. ഇപ്പോൾ ഫ്ലാറ്റ് എടുക്കാൻ എനിക്ക് ബുദ്ധിമുട്ടാണെന്നു പറഞ്ഞു. ആസിഫ് അലി കൃത്യമായ ഒരു ഡേറ്റ് പറഞ്ഞിട്ടില്ല. ആർട്ടിസ്റ്റ് ഡേറ്റ് പറഞ്ഞു കഴിഞ്ഞാൽ മാത്രം പ്രൊഡക്‌ഷൻ തുടങ്ങിയാൽ മതിയല്ലോ. കാരണം സ്ക്രിപ്റ്റ് റെഡിയാണ് ഇനി പ്രി പ്രൊഡക്ഷൻ  മാത്രമേ ഉള്ളൂ.

സാധാരണ മൂന്നുമാസമാണ്, വേണമെങ്കിൽ നാലോ അഞ്ചോ മാസം മുന്നേ എടുക്കാം ആർട്ടിസ്റ്റ് ഡേറ്റ് പറയട്ടെ എന്ന് ഞാൻ പറഞ്ഞു. ഈ കാരണത്താൽ ആ സിനിമ അവർ ലിസ്റ്റിൻ സ്റ്റീഫന്റെ പാർട്ണർ ആയ ഡോക്ടർ സക്കറിയയ്ക്ക് കൊടുത്തു.  സിനിമ തുടങ്ങുന്നതിന് കുറച്ചുദിവസം മുൻപാണ് ഞാൻ അറിയുന്നത് ഈ സിനിമ കയ്യിൽ നിന്ന് പോയ കാര്യം. പ്രൊഡ്യൂസർ അസോസിയേഷനിൽ പരാതി കൊടുത്തപ്പോഴേക്കും ഇവർ ആർട്ടിനും മറ്റും ഒരുപാട് പൈസ ഇറക്കി കഴിഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് വേറെ  നിവർത്തി ഇല്ലാത്തതുകൊണ്ട് ഇവർ എന്നെ മീറ്റിങ്ങിന് വിളിപ്പിച്ചു. അന്ന് ആന്റോ ജോസഫ് എന്നോട് പറഞ്ഞതിങ്ങനെയാണ്. ‘‘ സാന്ദ്ര ഇത് വിട്ടുകൊടുക്കണം, അവർക്ക് ചെയ്യാൻ താല്പര്യമില്ലെങ്കിൽ പിന്നെ എന്തിനാണ് ചെയ്യാൻ നോക്കുന്നത് ?’.

അങ്ങനെയാണെങ്കിൽ എനിക്ക് 25 ലക്ഷം രൂപ കോമ്പൻസേഷൻ വേണമെന്നു പറഞ്ഞു.  ‍എന്റെ സമയം, പണം എല്ലാം ചെലവഴിച്ചിട്ട് ഇരിക്കുകയാണ്. ആ പ്രോജക്ട് ഒരു കഥയായി എന്റെ അടുത്ത് വന്നതാണ്. അത‌് സ്ക്രിപ്റ്റ് ആക്കി ആർട്ടിസ്റ്റിനോട് സംസാരിച്ച് എല്ലാം ഉറപ്പിച്ചതാണ്. അതു വെറുതെ കളയാൻ പറ്റുമോ. എല്ലാത്തിലും ഞാൻ കോമ്പൻസേഷൻ വാങ്ങിച്ചിട്ടുണ്ട് എന്ന് ഇവർ വിളിച്ചു പറയുമ്പോൾ അതിന്റെ പിന്നിൽ നടന്നിരിക്കുന്ന സംഭവങ്ങളും എല്ലാവരും അറിയണം. ആ സമയത്ത് സോഹൻ സീനുലാൽ എന്നെ വിളിച്ചു. ഇതിൽ പൂർണമായും ഞങ്ങളുടെ അംഗങ്ങളായ പത്മകുമാറിന്റെയും നോബിളിന്റെയും ഭാഗത്താണ് തെറ്റ് മുഴുവൻ, അത് ഞങ്ങൾ സമ്മതിക്കുന്നു.  ഉണ്ടായ കാര്യം ശരിയാണ്. അവർ പറഞ്ഞതും ചെയ്തതും ഒന്നും ശരിയല്ല. പക്ഷേ എന്ത് ചെയ്യാൻ പറ്റും ഇവർ ഇത്രയൊക്കെ ചെയ്തു പോയില്ലേ, ഇതിന്റെ പേരിൽ ബി. ഉണ്ണികൃഷ്ണനോട് സാന്ദ്രയ്ക്ക് വഴക്കൊന്നും തോന്നരുത് കേട്ടോ എന്നു പറഞ്ഞു.  ഉണ്ണികൃഷ്ണന് വേണ്ടി വക്കാലത്ത് പറയാനാണ് സോഹൻ സീനുലാല്‍ എന്നെ വിളിക്കുന്നത്.

ഇങ്ങനെയൊക്കെ പറഞ്ഞ സോഹൻ  പ്രൊഡ്യൂസർ അസോസിയേഷന്റെ മീറ്റിങ്ങിന് വന്നപ്പോൾ പറയുകയാണ്, അങ്ങനെയൊരു കാര്യമേ നടന്നിട്ടില്ല എന്ന്. എന്റെ ഭാഗത്താണ് പൂർണ്ണമായും തെറ്റ് എന്നുള്ള രീതിയിൽ സോഹൻ അവിടെ പറഞ്ഞു.  ഞാൻ സഹകരിക്കാത്തത് കാരണം പപ്പേട്ടനും മറ്റു മാറിയതാണ് എന്നുള്ള കള്ളക്കഥയാണ് അവിടെ ഉണ്ടാക്കി പറഞ്ഞത്. ഞാനപ്പോൾ പുള്ളിയോട് ചോദിച്ചു, നിങ്ങൾ എന്നോട് പറഞ്ഞതല്ലേ അവരുടെ ഭാഗത്താണ് തെറ്റ് എന്ന്. ‘‘ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല അങ്ങനെയുണ്ടെങ്കിൽ എന്റെ അപ്പൻ മാറണം’’ എന്നു പുള്ളി പറഞ്ഞു. എനിക്ക് ഒറ്റ തന്തയെ ഉള്ളൂ എന്ന് സോഹൻ പറഞ്ഞു. ‘‘എന്റെ ഫോണിൽ ഓട്ടോമാറ്റിക് കോൾ റെക്കോർഡിങ് ഉണ്ടായിരുന്നു.  അദ്ദേഹം എന്നെ വിളിച്ച കോൾ പ്രൊഡ്യൂസസ് അസോസിയേഷനിലെ എല്ലാവരും ഇരിക്കുന്ന മീറ്റിങിൽ കേൾപ്പിച്ചു കൊടുത്തു. ഇത് എല്ലാവരും കേട്ട് കഴിഞ്ഞതിനുശേഷം ഞാൻ സോഹൻ സീനുലാലിനോട് ചോദിച്ചു ഇനി അപ്പന്റെ കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടോ എന്ന്. അത് ഞാൻ ചോദിച്ചു എന്നുള്ള കാര്യം ശരിയാണ്. ഫോൺ റെക്കോർഡ് ചെയ്ത കാര്യം വളരെ വൃത്തികേടായിപ്പോയെന്നു പറഞ്ഞു.

ഞാൻ ആരുടെയും ഫോൺ റെക്കോർഡ് ചെയ്യാറില്ല, അതിൽ അങ്ങനെയൊരു ഓപ്ഷൻ ഉണ്ടായിരുന്നത് കൊണ്ട് കോൾ റെക്കോർഡ് ആയി. എന്റെ ഭാഗത്താണ് പൂർണമായും ശരി എന്നുള്ളത് തന്നെ ഇദ്ദേഹം ഏറ്റു പറയുന്നത് കേട്ടതുകൊണ്ട് ഈ 25 ലക്ഷം രൂപ അവർ എനിക്ക് തരേണ്ടി വന്നു. ഇതാണ് ഇവർ ഇടപെട്ട് എനിക്ക് കോമ്പൻസേഷൻ  വാങ്ങി തന്നിട്ടുണ്ട് എന്നു പറയുന്ന സംഭവങ്ങൾ.  എന്റെ ഭാഗ്യം കൊണ്ട് മാത്രമാണ് ഓരോ പ്രാവശ്യവും ഞാൻ ഇവരുടെ മുന്നിൽ വിജയിച്ചത്. ഓം ശാന്തി ഓശാന എന്ന സിനിമയുടെ കാര്യത്തിൽ എനിക്ക് ഇപ്പോഴും വിഷമമാണ്. എന്റെ കയ്യിൽ നിന്നും ഭീഷണിപ്പെടുത്തി തട്ടിയെടുത്തു കൊണ്ടുപോയ പടമാണ് അത്. ഫെഫ്കയിൽ ഞാനൊരു പരാതിയും കൊടുത്തിട്ടില്ല.  ഞാൻ എന്തിനാണ് അവിടെ പരാതി കൊടുക്കുന്നത് ? നിർമാതാക്കളുടെ സംഘടനയിലാണ് പരാതികൾ കൊടുത്തിട്ടുള്ളത്. ഓരോ പ്രാവശ്യവും ഞാൻ പരാതി കൊടുത്തിട്ടുണ്ട്. അത് സിബി സാറിന് അറിവില്ലാത്തതുകൊണ്ട് ആയിരിക്കും. എനിക്ക് ആശ്രയിക്കാൻ പ്രൊഡ്യൂസർ അസോസിയേഷൻ അല്ലേ ഉള്ളൂ. അതുകൊണ്ട് ഓരോ സമയം കൃത്യമായി ഞാൻ പരാതികൾ കൊടുത്തിട്ടുണ്ട്. ഓരോ പ്രാവശ്യവും വിളിച്ചുവരുത്തുന്ന സമയത്ത് അവിടെ ഇരിക്കുന്നത് മുഴുവൻ ആണുങ്ങളാണ്. ഒരു മേശയ്ക്ക് ചുറ്റും പത്തിരുപതു ആണുങ്ങൾ ഇരിക്കുന്നതിന്റെ മുന്നിൽ പല പ്രാവശ്യം ചെന്നു നിൽക്കേണ്ടി വന്നിട്ടുണ്ട്. പലപ്രാവശ്യവും എനിക്ക് മോശമായ പെരുമാറ്റം തോന്നിയിട്ടുണ്ട്.

പക്ഷേ ഈയൊരു പ്രാവശ്യമാണ് അക്കൂട്ടത്തിൽ നിന്നും ഒരാൾ മെസ്സേജ് അയച്ച് എന്നെപ്പറ്റി മോശമായി ഇവർ പരാമർശിക്കുന്നുണ്ട് എന്ന് പറഞ്ഞത്.  ഏതൊരാൾക്കൂട്ടത്തിൽ നിന്നാലും ഒരു സ്ത്രീക്ക് മോശമായ നോട്ടമോ പെരുമാറ്റമോ കമന്റ് പറയുന്നതോ ആയി തോന്നിയാൽ അത് അവർക്ക് മനസ്സിലാകും. അത് ആരും നമ്മളോട് പറയണം എന്നില്ല പക്ഷേ നമുക്ക് തെളിവുണ്ടെങ്കിൽ മാത്രമല്ലേ കേസുമായി മുന്നോട്ടു പോകാൻ പറ്റൂ. ഓരോ പ്രാവശ്യവും ഇവർ എന്നെപ്പറ്റി മോശമായി സംസാരിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. പക്ഷേ എനിക്ക് മെസ്സേജ് കിട്ടിയപ്പോഴാണ്  ഇതുമായി മുന്നോട്ടു പോകാനുള്ള ഒരു തെളിവ് കിട്ടിയത്. അവസാനത്തെ മീറ്റിങിൽ പോലും ആന്റോ ജോസഫ് വിളിച്ചപ്പോൾ ഞാൻ വരുന്നില്ല എന്ന് പറയാനുള്ള കാര്യം ഇതാണ്. എന്നിട്ടും അദ്ദേഹം നിർബന്ധിച്ച് വിളിച്ചപ്പോഴാണ് ഞാൻ മീറ്റിങ്ങിൽ പോയത്. സിബി മലയിൽ സർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്. സിബി സാറിന് കാര്യങ്ങളെപ്പറ്റി ഒരു വ്യക്തതയുമില്ല. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണന് വേണ്ടി ആടുന്ന ഒരു പാവയായി ഇത്രയും വലിയ ഒരു സംവിധായകൻ മാറുന്നതിൽ എനിക്ക് സങ്കടമുണ്ട് എന്ന് മാത്രമേ പറയാനുള്ളൂ. ഇതൊക്കെ എന്നെ ഭയപ്പെടുത്താൻ വേണ്ടിയാണ് ചെയ്യുന്നത് എന്ന് എനിക്കറിയാം. പക്ഷേ അങ്ങനെ ഭയപ്പെടുത്തിയാൽ തിരിഞ്ഞോടുന്ന ഒരാൾ അല്ല സാന്ദ്ര, ഞാൻ ഒറ്റയ്ക്ക് വഴിവെട്ടി വന്നവൾ തന്നെയാണ്.

ഫെഫ്ക പത്രസമ്മേളനം വിളിച്ചത് 3 മേക്കപ്പ് ആര്ടിസ്റ്റിസ്റ്റുകൾ അവരുടെ യൂണിയൻ ഓഫിസിനു മുന്നിൽ നിരാഹാരം ഇരുന്നതുമായി ബന്ധപ്പെട്ട വിഷയം പറയുന്നതിന് വേണ്ടിയാണ്, ആ നിരാഹാരം അവസാനിപ്പിക്കുന്നത് കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ എഴുതപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ്. അത് സംബന്ധിച്ച പറഞ്ഞ കാര്യങ്ങൾ പോലും സിബി മലയിൽ പത്രസമ്മേളനത്തിൽ വസ്തുതാപരമായല്ല പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ കരാറിന്റെ പകർപ്പ് പുറത്തു വിട്ടുകൊണ്ടാണ് നിരാഹാരം ഇരുന്ന സ്‌ത്രീകൾ കാര്യങ്ങൾ തുറന്നു പറയുന്നത് .അതുകൊണ്ടു സിനിമ മേഖലയിലെ എല്ലാ സംഘടനകളുടെയും നേതൃത്വങ്ങളോട് എനിക്കൊരു അപേക്ഷയുണ്ട്. സത്യസന്ധമായി നിങ്ങൾ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തൂ അല്ലെങ്കിൽ വിപരീതഫലം ഉണ്ടാക്കും. തെറ്റിദ്ധരിപ്പിച്ചും നുണപറഞ്ഞും ഒരുപാട് നാൾ മുന്നോട്ട് പോകാൻ കഴിയില്ല. സുതാര്യതയും സത്യസന്ധതയും നമ്മളുടെ മുഖമുദ്രയാകണം. ഞാൻ ഒരിക്കലും ഫെഫ്ക എന്ന സംഘടനയ്ക്ക് എതിരല്ല. എന്റെ എല്ലാ സിനിമകളും ഫെഫ്കയുമായി സഹകരിച്ച് ആണ് ചെയ്തിട്ടുള്ളത് ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും. എനിക്ക് ബി. ഉണ്ണികൃഷ്ണൻ എന്ന വ്യക്തിയുടെ ചില തീരുമാനങ്ങളോടും മാടമ്പി മനോഭാവത്തിനോടും മാത്രമാണ് എതിർപ്പുള്ളത്.’’–സാന്ദ്ര തോമസ് പറയുന്നു.

English Summary:

Sandra Thomas responds to director Siby Malayil's comments made at a press conference against her.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com