‘വിനോദയാത്ര’യിലെ ദിലീപിന്റെ ചേച്ചി; നടി സീതയുടെ അസാധാരണമായ ജീവിതകഥ

Mail This Article
കണക്കുകളുടെ ചതുരക്കളളികളില്‍ തളച്ചിടപ്പെടാവുന്ന ഒന്നല്ല നടി സീതയുടെ ജീവിതം. വര്‍ഷങ്ങളുടെ കണക്കെടുപ്പില്‍ 1985ല്‍ ‘ആണ്‍പാവം’ എന്ന സിനിമയിലൂടെ രംഗത്ത് വന്ന അവര്‍ സിനിമയില്‍ നാല് ദശകങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഇതിനിടയില്‍ അസാധാരണമായ കഥാപാത്രങ്ങളോ അഭിനയ മുഹൂര്‍ത്തങ്ങളോ അവര്‍ കാഴ്ചവച്ചോ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഒരു ശരാശരി നടി മാത്രമായിരുന്നു അവര്‍. വലിയ സൂപ്പര്‍ഹിറ്റുകളുടെ കരിയര്‍ ഗ്രാഫ് അവര്‍ക്കില്ല. പുരസ്‌കാരപ്പെരുമഴയില്‍ നനഞ്ഞിട്ടില്ല. പക്ഷേ മറ്റ് പലര്‍ക്കുമില്ലാത്ത ഒന്നുണ്ട് അവര്‍ക്ക്. സ്ഫടികശുദ്ധമായ ഒരു മനസ്സ്. അത്ര വലിയ മഹാമനസ്‌കത കൊണ്ടുനടക്കുന്നവര്‍ ഈ കാലഘട്ടത്തിലുമുണ്ടോയെന്ന് ഒരുപക്ഷേ നമുക്ക് സംശയം തോന്നാം. അതിന് ഒരു ഉത്തരമേയുളളു. സീത..! സര്‍വംസഹയായ സീത എന്ന പുരാണകഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന ജീവിതാവസ്ഥകളിലുടെ കടന്നുപോയ അവര്‍ ഇതിനൊന്നും പ്രചാരണം നല്‍കാന്‍ ശ്രമിക്കാതെ നിശ്ശബ്ദമായി മുന്നോട്ട് പോവുകയാണ്. അന്നും ഇന്നും...
സീത വന്ന വഴി
ചെന്നൈ സാലിഗ്രാമിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച സീത മെഡിക്കല്‍ റപ്രസന്ററ്റീവായ മോഹന്‍ബാബുവിന്റെയും നഴ്‌സായിരുന്ന ചന്ദ്രയുടെയും മൂന്ന് മക്കളില്‍ രണ്ടാമത്തെ ആളായിരുന്നു. മാതാപിതാക്കള്‍ മനസറിഞ്ഞിട്ട പേരായിരുന്നു സീത എന്ന് ആ കുട്ടിയെ അടുത്തറിഞ്ഞ പലരും അഭിപ്രായപ്പെട്ടു. മറ്റുളളവരുടെ വിഷമങ്ങള്‍ക്ക് മുന്നില്‍ പെട്ടെന്ന് അലിയുന്ന മനസായിരുന്നു അവളുടേത്. കുട്ടിക്കാലം മുതല്‍ക്കേ സീത അങ്ങനെയായിരുന്നു. നമ്മുടെ ജീവിതം നമുക്കു വേണ്ടി മാത്രമുളളതല്ലെന്ന് അവര്‍ വിശ്വസിച്ചു. അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ വാസ്തവത്തില്‍ സീതയുടെ യഥാർഥ പേര് സൈരന്ധ്രി എന്നായിരുന്നു. സീത എന്നത് സിനിമയ്ക്കു വേണ്ടി നിശ്ചയിക്കപ്പെട്ട പേരും. കോളജ് വിദ്യാര്‍ഥിനിയായിരുന്ന സീതയെ ഒരു വിവാഹ വിഡിയോയില്‍ കണ്ട് ഇഷ്ടപ്പെട്ട പാണ്ഡ്യരാജ് താന്‍ നായകനായി അഭിനയിച്ച് സംവിധാനം ചെയ്യുന്ന ‘ആണ്‍പാവം’ എന്ന സിനിമയിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ നായികയായ സീതയുടെ ഏറ്റവും വലിയ സവിശേഷത ഐശ്വര്യമുളള ആ മുഖം തന്നെയായിരുന്നു.
സിനിമയില്‍ വന്നതിന്റെ പിറ്റേവര്‍ഷം തന്നെ അവര്‍ മലയാളത്തിലും എത്തി. ഐ.വി.ശശിയുടെ ‘കൂടണയും കാറ്റ്’ എന്ന പടത്തില്‍ റഹ്‌മാന്റെ നായികയായി. നല്ല സിനിമയായിട്ടും പടം തിയറ്ററുകളില്‍ വിജയമായില്ല. അതുകൊണ്ട് തന്നെ സീത എന്ന നായികയ്ക്ക് മലയാളത്തില്‍ കാര്യമായ അവസരങ്ങള്‍ ലഭിച്ചതുമില്ല. തമിഴിലും ചില സിനിമകള്‍ ചെയ്‌തെങ്കിലും വഴിത്തിരിവ് എന്ന് വിശേഷിപ്പിക്കാന്‍ മാത്രമുളള കഥാപാത്രങ്ങള്‍ തേടി വന്നില്ല. അതേസമയം അവര്‍ സജീവമായി സിനിമയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
പ്രണയം പറയുന്നു
ഈ സമയത്താണ് നടനും സംവിധായകനുമായ പാർഥിപന്‍ സീതയെ കാണുന്നത്. അദ്ദേഹത്തിന് അവരോട് കടുത്ത പ്രണയം തോന്നി. സീതയോട് സ്‌നേഹത്തോടെ പെരുമാറുമ്പോഴും ഐ ലവ് യൂ എന്ന വാക്ക് അങ്ങോട്ട് പറയാതെ അത് സീതയില്‍ നിന്ന് കേള്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. ‘എപ്പോഴാണ് ആ മൂന്ന് വാക്കുകള്‍ പറയുക...പ്ലീസ്..ഒന്ന് പറയൂ’എന്ന പാര്‍ഥിപന്റെ അഭ്യർഥനയില്‍ സീത സമ്മതം മൂളി.

1990ല്‍ ഇരുകുടുംബങ്ങളുടെയും ആശീര്‍വാദത്തോടെ അവര്‍ വിവാഹിതരായി. നല്ല കുടുംബജീവിതം മോഹിച്ച് അഭിനയം എന്നേക്കുമായി അവസാനിപ്പിച്ച സീതയ്ക്ക് രണ്ട് കുഞ്ഞുങ്ങള്‍ ജനിച്ചു എന്നല്ലാതെ അവര്‍ പ്രതീക്ഷിച്ചതൊന്നും ജീവിതത്തിൽ ലഭിച്ചില്ല. ഒരു ദശകക്കാലം അവര്‍ സ്വന്തം ജീവിതത്തെ വിധിക്ക് വിട്ടുകൊടുത്ത് അതിനൊപ്പം നിന്നു. ഒരു ഘട്ടത്തിലും വിവാഹമോചനം എന്ന ചിന്ത അവരിലേക്ക് വന്നില്ല. എന്നാല്‍ അഡ്ജസ്റ്റുമെന്റുകള്‍ കൊണ്ട് ജീവിതം അധികകാലം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ദമ്പതികള്‍ക്കിടയിലെ അപസ്വരങ്ങള്‍ മറനീക്കി പുറത്തു വന്നു. 2001 ല്‍ അവര്‍ നിയമപരമായി വിവാഹമോചനം നേടി. മൂത്തമകള്‍ അഭിനയയോടൊപ്പം സീത സ്വഗൃഹത്തിലേക്ക് മടങ്ങി. ഇളയമകള്‍ കീര്‍ത്തനയ്‌ക്കൊപ്പം പാര്‍ഥിപന്‍ അദ്ദേഹത്തിന്റെ വീട്ടിലും.

വീണ്ടും സിനിമയിലേക്ക്...
ഒറ്റപ്പെടലും മാനസിക സംഘര്‍ഷങ്ങളും താങ്ങാനാവുന്നില്ല. അതേസമയം ജീവിതം മൂന്നോട്ട് കൊണ്ടുപോകാനുളള സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കണം. അങ്ങനെ വീണ്ടും സിനിമയിലും സീരിയലുകളിലും അഭിനയിക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ മലയാളത്തിലും പ്രത്യക്ഷപ്പെട്ടു. ‘വിനോദയാത്ര’ എന്ന സത്യന്‍ അന്തിക്കാട് സിനിമയില്‍ മുകേഷിന്റെ ജോഡിയായി. തെലുങ്കില്‍ നിന്നും ചില പടങ്ങള്‍ തേടിയെത്തി. ജീവിതമാര്‍ഗം കണ്ടെത്തിയതിന്റെ സമാധാനത്തില്‍ സീത മുന്നോട്ട് പോയി. കുട്ടികളുടെ പഠനവും വളര്‍ച്ചയും മാത്രമായിരുന്നു മനസില്‍. എന്നാല്‍ അവരെ പോലും അമ്പരപ്പിച്ചുകൊണ്ട് ജീവിതം ഗതിമാറിയൊഴുകി. തമിഴ് സീരിയലുകളില്‍ അഭിനയിച്ചു വന്ന നടന്‍ സതീഷിന് സീതയോട് തോന്നിയ പ്രണയം വീണ്ടും ഒരു വിവാഹജീവിതത്തിലേക്ക് നയിച്ചു. എന്നാല്‍ ചില പുരുഷന്‍മാര്‍ക്ക് പ്രണയം, സ്‌നേഹം എന്നതൊക്കെ താത്കാലിക കൗതുകങ്ങള്‍ മാത്രമാണെന്ന് അനുഭവം അവരെ ബോധ്യപ്പെടുത്തി. നിര്‍ഭാഗ്യവശാല്‍ സീതയോട് അടുത്തുകൂടിയ രണ്ടുപേരും സമാനതലത്തിലുളളവരായിരുന്നു. സതീശന്റെ സ്‌നേഹം സീതയുടെ പണത്തോട് മാത്രമായിരുന്നു.ആറ് വര്‍ഷങ്ങള്‍ക്കുളളില്‍ ആ ബന്ധവും അവസാനിച്ചു. എന്നാല്‍ അവിടം കൊണ്ട് അവസാനിക്കേണ്ട ഒന്നായിരുന്നില്ല സീതയുടെ ജീവിതം. ദൈവത്തിന്റെ മനസില്‍ അവരെക്കുറിച്ച് ചില പദ്ധതികളുണ്ടായിരുന്നു.

പെറ്റമ്മയെ പോലെ അമ്മായിയമ്മ
പാര്‍ഥിപന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന കാലത്ത് അവരുടെ മനസില്‍ സ്‌നേഹം നിറച്ച ഒരാളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മാതാവ് പത്മാവതി. പാർഥിപന്‍ ഉള്‍പ്പെടെ രണ്ട് ആണ്‍മക്കളായിരുന്നു അവര്‍ക്ക്. ഒരു പെണ്‍കുട്ടിയില്ലാത്ത പത്മാവതി സീതയെ സ്വന്തം മകളായി തന്നെ കരുതി പരിപാലിച്ചിരുന്നു. ഭര്‍ത്താവുമായുളള അപസ്വരങ്ങള്‍ക്കിടയിലും ആ സ്‌നേഹം സീതയുടെ മനസില്‍ കൊണ്ടു. സീതയ്ക്കും ഒരമ്മയോടുളള അതേ സ്‌നേഹം അവരോടുണ്ടായിരുന്നു. ചെറുപ്പത്തിലേ ഭര്‍ത്താവ് മരിച്ചുപോയ ആ സ്ത്രീ മക്കള്‍ക്ക് വേണ്ടി മാത്രമാണ് ഇക്കാലമത്രയും തന്റെ വ്യക്തിപരമായ സന്തോഷങ്ങള്‍ പോലും മാറ്റി വച്ച് ജീവിച്ചത്. സീതയ്ക്ക് രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചപ്പോള്‍ സീതയെക്കാര്‍ സന്തോഷം പത്മാവതിക്കായിരുന്നു. പെണ്‍കുട്ടികളില്ലാത്ത വീട്ടില്‍ മൂന്ന് പെണ്ണുങ്ങള്‍. കുട്ടികള്‍ക്കും അമ്മൂമ്മയെ ജീവനായിരുന്നു. എന്നാല്‍ ആ സന്തോഷം അധികനാള്‍ നീണ്ടു നിന്നില്ല. രണ്ടു കുട്ടികളും സീതയും രണ്ടു വഴിക്കായി.
അങ്ങനെ കാലം കടന്നു പോയി. വിവാഹമോചിതയായ ഒരു സ്ത്രീക്ക് സഹായ വാഗ്ദാനങ്ങളുമായി പലരും ഇങ്ങോട്ട് കയറി വരും. പലതും സദുദ്ദേശപരമായിരുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അപകടം മണത്ത് പിന്‍മാറി. ഒറ്റപ്പെടലിനൊപ്പം ഇത്തരം ശല്യങ്ങളും അസഹ്യമായപ്പോഴാണ് സഹതാപം കലര്‍ന്ന സ്‌നേഹവുമായി വന്ന സതീഷില്‍ അഭയം തേടിയത്. എന്നാല്‍ അതും ശരിയായ തീരുമാനമായിരുന്നില്ലെന്ന് കാലം ബോധ്യപ്പെടുത്തി. വീണ്ടും തനിയെ. ജീവിക്കാന്‍ ഒരു കാരണമുളളതു കൊണ്ട് പുരുഷന്റെ തുണയില്ലെങ്കിലും പ്രശ്‌നമായി തോന്നിയില്ല. കൗമാരത്തിലെത്തിയ മക്കളെ ഒരു നിലയിലാക്കുക എന്ന ലക്ഷ്യത്തെ മാത്രം ധ്യാനിച്ച് മുന്നോട്ടു പോയി.

ഒറ്റപ്പെട്ട പത്മാവതിയമ്മ
പക്ഷേ അതിനിടയില്‍ അറിഞ്ഞ ഒരു സംഭവം സീതയെ വല്ലാതെ വേദനിപ്പിച്ചു. പത്മാവതിയമ്മ ഒറ്റപ്പെട്ടുവെന്ന വാർത്ത. മരിച്ചുപോയ അച്ഛന്റെ ഫാമിലി പെന്‍ഷനായി ലഭിക്കുന്ന 2500 രൂപയും കൊണ്ടാണ് അമ്മ ജീവിക്കുന്നത്. വീട്ടുകാര്യങ്ങളും ചികിത്സയും കഷ്ടിച്ച് നടന്നു പോകും. താമസം വാടകയ്ക്ക് എടുത്ത ചെറിയ അപ്പാര്‍ട്ടുമെന്റില്‍.
സാമ്പത്തികത്തേക്കാള്‍ ആ സമയത്ത് അമ്മയ്ക്ക് ആവശ്യം വൈകാരികമായ ഒരു പിന്‍തുണയായിരുന്നു. ഈ ഭൂമിയില്‍ താന്‍ തനിച്ചല്ലെന്നും സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കാന്‍ വേണ്ടപ്പെട്ട ആരൊക്കെയോ ഉണ്ടെന്നുമുളള തോന്നലിനോളം പ്രധാനമായി ആ ഘട്ടത്തില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. പാർഥിപനെ കൂടാതെ ഒരു മകന്‍ കൂടിയുണ്ടായിരുന്നു അമ്മയ്ക്ക്. സിനിമാ നിര്‍മാതാവായ അദ്ദേഹം കോടികളുടെ കടക്കാരനായി. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആരോടും മിണ്ടാതെ പുറപ്പെട്ടുപോയി. എവിടെയാണെന്ന് ആര്‍ക്കും വ്യക്തതയില്ല. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതും തന്റെ ദുര്‍വിധിയുടെ ഭാഗമായി കരുതി ആ അമ്മ സ്വയം ശപിച്ച് ജീവിച്ചു.
മാനക്കേട് ഭയന്ന് അമ്മ താന്‍ ആരാണെന്ന് ഫ്‌ളാറ്റില്‍ ആരോടും പറഞ്ഞില്ല. താന്‍ മൂലം മക്കള്‍ക്ക് വിഷമം ഉണ്ടാകരുതെന്ന് അമ്മ കരുതി. പക്ഷേ പരിചയമുളള ആരോ അമ്മയെ അവിടെ കാണാനിടയായി. അങ്ങനെ ഫ്‌ളാറ്റിലാകമാനം വാര്‍ത്ത പടര്‍ന്നു. നൂറായിരം ചോദ്യങ്ങളുമായി ആളുകള്‍ വളഞ്ഞു. മകനും മരുമക്കളും എവിടെ എന്നായിരുന്നു ആളുകളുടെ പ്രധാന സംശയം. അവരൊക്കെയുളളപ്പോള്‍ അമ്മ എന്തിന് ഒരു അനാഥയെ പോലെ തനിച്ച് താമസിക്കുന്നുവെന്ന് അവര്‍ക്ക് അറിയണം. പ്രശസ്തരായ മക്കള്‍ അഭിമാനത്തിന് പകരം അപമാനമാകുന്ന അവസ്ഥ. സ്വസ്ഥത നശിച്ചപ്പോള്‍ അമ്മ അവിടം വിട്ടിറങ്ങി. ഫ്‌ളാറ്റാകുമ്പോള്‍ കളളന്‍മാരെ പേടിക്കേണ്ട. മാത്രമല്ല ഒന്ന് വിളിച്ചുകൂവിയാല്‍ സഹായത്തിന് അടുത്ത് ആളുണ്ടല്ലോ എന്നൊക്കെ കരുതിയാണ് അവിടെ തങ്ങിയത്. പക്ഷേ വെളുക്കാന്‍ തേച്ചത് പാണ്ടായി.

അവിടുന്ന് ഇറങ്ങിയപ്പോഴും ഒരു പ്രശ്‌നം അവശേഷിച്ചു. തലചായ്ക്കാന്‍ ഒരിടം വേണം.അങ്ങനെ വീട് വാടകയ്ക്ക് എടുത്തു. അഞ്ച് വര്‍ഷത്തിനിടയില്‍ പത്തോളം വീടുകളില്‍ മാറി മാറി താമസിച്ചു. അഗതി മന്ദിരത്തിലോ വൃന്ദസദനത്തിലോ പോകുന്നതിനെക്കുറിച്ച് ആലോചിച്ചു. അവിടെയും ഐഡി കാര്‍ഡും അഡ്രസും കൊടുക്കണം. അപ്പോള്‍ താനാരാണെന്നത് വെളിപ്പെടും. വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കും. മാധ്യമങ്ങള്‍ വിഷയം ആഘോഷിക്കും. അനാഥയാണെന്ന് നുണ പറഞ്ഞ് ഓര്‍ഫനേജില്‍ കടന്നു കൂടുന്നതിനെക്കുറിച്ച് ആലോചിച്ചു. പക്ഷേ നാളെ ഒരിക്കല്‍ കളളം പൊളിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുക്കള്‍ ഓര്‍ത്ത് വേണ്ടെന്ന് വച്ചു. താനൊരു കളളിയാണെന്ന് മുദ്ര കുത്തുന്നത് അഭിമാനിയായ അമ്മയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.
മക്കൾക്കുവേണ്ടി സ്വന്തം വീട് വിറ്റതാണ് അമ്മ ചെയ്ത അബദ്ധം. അവിടെയാണ് അവര്‍ തോറ്റുപോയത്. ഇനി എങ്ങോട്ടു പോകണം എന്നറിയാത്ത നിസഹായാവസ്ഥയിലാണ് അവരെന്ന് ആരോ പറഞ്ഞ് സീത അറിഞ്ഞു. ആ സമയത്ത് താന്‍ ഇടപെട്ടില്ലെങ്കില്‍ അവര്‍ ജീവിതം തന്നെ അവസാനിപ്പിക്കുമെന്ന് സീതയ്ക്ക് തോന്നി.

അമ്മായിയമ്മയെ ഒപ്പം കൂട്ടുന്നു
അപ്പോഴും ഒരു പ്രശ്‌നം അലട്ടി. നിയമപരമായി പത്മാവതിയമ്മ ഇന്ന് തന്റെ ആരുമല്ല. പണ്ടെങ്ങോ ബന്ധം വിടര്‍ത്തി വേര്‍പിരിഞ്ഞു പോയ മുന്‍ഭര്‍ത്താവിന്റെ അമ്മ തന്നെ സംബന്ധിച്ച് തീര്‍ത്തും ഒരു അന്യസ്ത്രീയാണ്. പക്ഷേ നിയമത്തേക്കാള്‍ എത്രയോ പ്രധാനമാണ് മനുഷ്യന്റെ മനസും ബന്ധങ്ങളും ജീവിതവുമെല്ലാം. നാളെ തനിക്കും പ്രായമാവും. അന്ന് സ്വന്തം മക്കളില്‍ നിന്നാണ് ഈ അനുഭവം ഉണ്ടാകുന്നതെങ്കില്‍ എങ്ങനെ സഹിക്കും? ഭര്‍ത്താവ് നഷ്ടപ്പെട്ട് കുടുംബവീട്ടില്‍ അഭയം തേടിയ സീതയ്ക്ക് ഒരാളെക്കൂടി ഏറ്റെടുക്കുന്നതിനും പരിമിതികളുണ്ട്. പക്ഷെ എന്തും വരട്ടെയെന്ന് കരുതി പിറ്റേന്ന് തന്നെ അവര്‍ പത്മാവതി അമ്മയെ പോയി കണ്ടു. അവരുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.
സീത പറഞ്ഞു. ‘‘അമ്മ ആരുമില്ലാത്തയാളാണ് എന്ന ധാരണ മനസില്‍ നിന്നെടുത്ത് കളയണം. എന്നെ ചിതയില്‍ വയ്ക്കുന്നതു വരെ മകളുടെ സ്ഥാനത്ത് ഞാനുണ്ട് അമ്മയ്ക്ക്. പേരക്കുട്ടിയുണ്ട്. പിന്നെ എന്റെ വീട്ടുകാരുണ്ട്’’
എല്ലാവരും കൈവിട്ടു എന്ന തോന്നലില്‍ തകര്‍ന്നു പോയ ഒരു ഹൃദയം ഇതാ ഞങ്ങളൊക്കെയുണ്ട് കൂടെ എന്ന് തീരെ പ്രതീക്ഷിക്കാത്ത ഒരു നിമിഷം കേള്‍ക്കുമ്പോള്‍ അനുഭവിക്കുന്ന ആശ്വാസം സീത അവരുടെ മുഖത്ത് വായിച്ചു. അതിനേക്കാള്‍ സ്വപ്നസുന്ദരമായ അനുഭൂതി മറ്റൊന്നില്ലെന്ന് ആ നിമിഷത്തില്‍ സീതയ്ക്ക് തോന്നി. പ്രസരിപ്പിന്റെ ഒരു തിര പത്മാവതിയുടെ മുഖത്ത് കണ്ടെങ്കിലും കുടുംബവീട്ടിലേക്ക് സീത ക്ഷണിച്ചപ്പോള്‍ അത് ഒന്ന് മങ്ങി. അവര്‍ പറഞ്ഞ മറുപടി ഇതായിരുന്നു.
‘‘മോളുടെ മനസ് ഞാന്‍ കാണുന്നു. പക്ഷെ ഈ സ്‌നേഹം ഇതേ അളവില്‍ വീട്ടിലുളളവര്‍ക്ക് മനസിലാകണമെന്നില്ല. പ്രത്യേകിച്ചും നമ്മള്‍ തമ്മില്‍ നിയമപരമായി ഒരു ബന്ധവുമില്ലാത്ത സ്ഥിതിക്ക്’’
അത് ശരിയാണെന്ന് സീതക്കും തോന്നി. ഒടുവില്‍ സീതയുടെ കുടുംബവീടിന് അടുത്തു തന്നെ ഒരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് അമ്മയെ അവിടെ താമസിപ്പിച്ചു. എല്ലാ ദിവസവും സീത അവരെ പോയി കാണും. ആഴ്ചയില്‍ മൂന്ന് ദിവസം കുടുംബവീട്ടില്‍ കൊണ്ടു വന്ന് നിര്‍ത്തും. ഇടയ്ക്ക് സീതയും മകളും അവര്‍ക്കൊപ്പം പോയി താമസിക്കും. മകള്‍ക്ക് അവധിയുളള ദിവസങ്ങളില്‍ മൂന്നു പേരും കൂടി പുറത്ത് കറങ്ങാന്‍ പോകും. ആ യാത്രകള്‍ക്കിടയില്‍ ഒരു ദിവസം സീത അത് ശ്രദ്ധിച്ചു. അമ്മയുടെ കഴുത്തിലും കയ്യിലും കാതിലും ഒരു തരി പൊന്നില്ല. സീത സ്വന്തം ആഭരണങ്ങളെടുത്ത് അമ്മയെ അണിയിച്ചു. നോക്കുമ്പോള്‍ പൊന്നിനേക്കാള്‍ കാന്തിയോടെ ആ മുഖം തിളങ്ങുന്നു. തന്റെ ജീവിതം ധന്യമായതായി സീതയ്ക്ക് തോന്നി. ആ വൃദ്ധമനസിന്റെ സന്തോഷം നല്‍കിയ സംതൃപ്തിക്ക് പകരം വയ്ക്കാന്‍ മറ്റൊന്നില്ലെന്ന് തോന്നി. എല്ലാം നഷ്ടപ്പെട്ടിടത്തു നിന്നും എല്ലാം തിരിച്ചുപിടിച്ചു എന്ന തോന്നലിലേക്ക് ഒരു മനുഷ്യാത്മാവിനെ കൈപിടിച്ചുയര്‍ത്തുന്ന വിശുദ്ധ നിമിഷം.
രക്തബന്ധത്തേക്കാള്‍ വലുത് കര്‍മബന്ധം
ബന്ധങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ച സന്ദര്‍ഭം കൂടിയായിരുന്നു അത്. ഒരാള്‍ അമ്മയാകാന്‍ ഒരു കുഞ്ഞിനെ പത്ത്മാസം ഗര്‍ഭത്തില്‍ ചുമന്ന് പ്രസവിക്കണമെന്നില്ല. മകളാകാന്‍ ഉദരത്തില്‍ ജനിച്ച് മുലപ്പാല്‍ കുടിച്ച് വളരണമെന്നുമില്ല. എംപതിയാണ് (സഹാനുഭൂതി) ഏറ്റവും മഹനീയമായ വികാരം. മനുഷ്യത്വത്തില്‍ നിന്ന് മാത്രം ഉത്ഭൂതമാകുന്ന ഒന്നാണത്. സഹജീവിയുടെ വേദനകള്‍ തൊട്ടറിഞ്ഞ് അതിന് സ്വയം പരിഹാരമാകാന്‍ കഴിയുക എന്നതില്‍ പരം മഹത്വം മറ്റൊന്നില്ല. അങ്ങനെ പാർഥിപന്റെ അമ്മയായ പത്മാവതി സീതയുടെ അമ്മയായി മാറി.ബന്ധങ്ങളുടെ നിര്‍വചനങ്ങള്‍ അവര്‍ പരസ്പരം മാറ്റിയെഴുതി. ഒരു അഭിമുഖത്തില്‍ പത്മാവതി പറഞ്ഞു.
‘‘നിയമപരമായി സീത ഇന്ന് എന്റെ ആരുമല്ല. പക്ഷേ സ്‌നേഹവും മനുഷ്യത്വവും എല്ലാ നിയമങ്ങള്‍ക്കും അപ്പുറത്താണ്. കരിയറില്‍ കത്തിനിന്ന കാലത്ത് എന്റെ മകന് വേണ്ടി അഭിനയരംഗം ഉപേക്ഷിച്ചു വന്നവളാണ് സീത. എന്നിട്ടും അവന്‍ ചെയ്ത കാര്യങ്ങള്‍ വച്ചിട്ട് അവള്‍ എന്നെയും വെറുക്കേണ്ടതാണ്. പക്ഷേ അവള്‍ കൂടുതല്‍ ആഴത്തില്‍ സ്‌നേഹിക്കാനാണ് ശ്രമിച്ചത്. മകന്‍ തിരിഞ്ഞു നോക്കാത്ത ദുഃഖം ഇന്ന് ഞാനറിയുന്നില്ല. ഒരു കൊച്ചുകുഞ്ഞിനെ പോലെ സീതയും പേരക്കുട്ടിയും ചേര്‍ന്ന് എന്നെ പരിചരിക്കുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതം സീത എനിക്ക് മടക്കി തന്നു.
വീട്, ആഹാരം, സ്‌നേഹം, കരുതല്‍, വസ്ത്രം, ആഭരണങ്ങള്‍...എല്ലാം തന്നു. രക്തബന്ധം എന്ന സങ്കല്‍പ്പം മിഥ്യയാണെന്ന് അനുഭവം എന്നെ പഠിപ്പിച്ചു. നമ്മള്‍ പ്രതീക്ഷാപൂര്‍വം മക്കളെ വളര്‍ത്തുന്നു. പക്ഷെ രക്തബന്ധം കൊണ്ട് നമ്മുടെ ആരുമല്ലാത്ത ഒരാള്‍ സ്‌നേഹത്തിന്റെ ആത്മാര്‍ത്ഥതയുടെ ബന്ധം തീര്‍ക്കുന്നു. ഇതാണ് ജീവിതമെങ്കില്‍ ആ ജീവിതത്തെ ഞാന്‍ സ്‌നേഹിക്കുന്നു. സീതയുടെ ഈ മനസ് എല്ലാ മരുമക്കള്‍ക്കും- ക്ഷമിക്കണം മരുമകളല്ല മകള്‍- ഉണ്ടാവാന്‍ പ്രാർഥിക്കുന്നു.’’

സീതയുടെ നന്മകള്‍ പത്മാവതിയില്‍ അവസാനിക്കുന്നില്ല. അനവധി മൃഗങ്ങളും പക്ഷികളും സസ്യങ്ങളും അടക്കം ജീവന്റെ പല രുപങ്ങളെ അവര്‍ പരിപാലിക്കുന്നു. സീത ഇപ്പോഴും അഭിനയം തുടരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷാ സിനിമകളിലും സീരിയലുകളിലും വെബ് സീരിസുകളിലും അവര്‍ സജീവമാണ്. നാട്ടില്‍ സ്വന്തമായി കൃഷിയും ചെയ്യുന്നു. പശുക്കള്‍ക്ക് സ്വന്തം കൈ കൊണ്ട് തീറ്റ കൊടുക്കുകയും സ്വയം ട്രാക്ടര്‍ ഓടിക്കുകയും ചെയ്യുന്ന സീതയില്‍ താരപദവിയുടെ ഉള്‍വലിവുകളില്ല. രണ്ടാം വരവില്‍ സീത മികച്ച സഹനടിക്കുളള തമിഴ്‌നാട് സര്‍ക്കാര്‍ അവാര്‍ഡും നേടിയപ്പോള്‍ മകള്‍ കീര്‍ത്തന കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന പടത്തിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.
കാലം ഉണക്കാത്ത മുറിവുകളുമില്ലെന്ന് പറയുന്നത് സീതയുടെ കാര്യത്തിലും അന്വര്‍ത്ഥമായി. കാലാന്തരത്തില്‍ പത്മാവതിയമ്മയും മകനും തമ്മിലുളള അകല്‍ച്ച മാറി മനസുകള്‍ ഒന്നായി. മക്കളായ കീര്‍ത്തനയുടെയും അഭിനയയുടെയും വിവാഹം പാര്‍ഥിപനും സീതയും ഒരുമിച്ച് നിന്ന് നടത്തിക്കൊടുത്തു. ചടങ്ങിനിടയില്‍ ഹൃദയത്തില്‍ നിന്നെന്നോണം ചിരിക്കുന്ന മുഖവുമായി അവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. താമസം ഒരുമിച്ചല്ലെങ്കിലും ഇന്ന് സീതയുടെ ഏറ്റവും പുതിയ വിഡിയോകളില്‍ നെറ്റിയില്‍ ഒരു വലിയ സിന്ദുരപ്പൊട്ട് തിളങ്ങുന്നു.