ADVERTISEMENT

ശ്യാമപ്രസാദിന്റെ ‘ഋതു’വിലൂടെ മലയാള സിനിമയിൽ സ്വപ്നതുല്യമായ അരങ്ങേറ്റം കുറിച്ച നടനാണ് ആസിഫ് അലി. സ്റ്റോക്ക് എക്സേഞ്ച് സൂചിക പോലെ കയറ്റിറക്കങ്ങൾ നിറഞ്ഞതായിരുന്നു ആസിഫിന്റെ കരിയർ ഗ്രാഫ്. ഹിറ്റടിച്ച് നിൽക്കുമ്പോഴും തിരക്കഥകളുടെ തിരഞ്ഞെടുപ്പിലെ ജാഗ്രത കുറവു മൂലം തുടർവിജയങ്ങൾ സൃഷ്ടിക്കാൻ കഴിയാതെ പോയൊരു ഭൂതകാലമുണ്ടായിരുന്നു താരത്തിന്. സ്ക്രീനിലും ഓഫ് സ്ക്രീനിലും ക്ലാസിലെ ഉഴപ്പൻ കുട്ടി ഇമേജ്. ആസിഫിനെതിരെയുള്ള വ്യാപകമായ പരാതികളിൽ ഒന്ന് ചലച്ചിത്ര പ്രവർത്തകർ വിളിച്ചാൽ പോലും ഫോണെടുക്കില്ല എന്നതായിരുന്നു. പല മുൻനിര നായകൻമാരും തിരസ്കരിച്ച തിരക്കഥകൾ ഏറ്റെടുത്ത് അഭിനയിച്ച് സിനിമകൾ പരാജയപ്പെട്ടത്തിന്റെ പേരിലും ഏറെ പഴികേൾക്കേണ്ടി വന്നിട്ടുണ്ട് ആസിഫിന്. 

എന്നാൽ 2024 ആസിഫ് അലി തന്നിലെ നടനെയും വ്യക്തിയെയും സ്വയം നവീകരിക്കുന്നതിനാണ് കേരളം സാക്ഷിയായത്.  തിരക്കഥകളുടെ തിരഞ്ഞെടുപ്പിലെ വൈവിധ്യം കൊണ്ടും സ്ക്രീനു പുറത്തെ പക്വതയാർന്ന ഇടപെടലുകളിലൂടെയും ആസിഫ് മലയാളിയെ വിസ്മയിപ്പിച്ചു. 2025-ലെ ആദ്യ ബ്ലോക്ക്ബസ്റ്ററായ രേഖാചിത്രത്തിലൂടെ ആസിഫ് പുതുവർഷത്തിലും വരവറിയിച്ചു. ഇതിനോടകം 75 കോടിയിലധികം ബിസിനസ്സാണ് രേഖാചിത്രം ആഗോളതലത്തിൽ നേടി കഴിഞ്ഞത്. ആസിഫിന്റെ കരിയറിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായി രേഖാചിത്രം മാറിയേക്കും. 

2024-ൽ നാലു ചിത്രങ്ങളിലാണ് ആസിഫ് നായകനായി എത്തിയത്. സംവിധായകൻ ജിസ് ജോയിയുടെ ഇഷ്ടനായകനാണ് ആസിഫ് അലി. അദ്ദേഹം സംവിധാനം ചെയ്ത ആറ് ചിത്രങ്ങളിൽ അഞ്ചിലും നായകൻ ആസിഫ് അലിയായിരുന്നു. ഒരു സിനിമയിൽ കാമിയോ വേഷത്തിലും ആസിഫ് എത്തി. നന്മ സിനിമകളുടെ ബ്രാൻഡ് അബാസിഡർ എന്ന പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സംവിധായകൻ കൂടിയാണ് ജിസ് ജോയ്. 2022-ൽ ഒടിടി റിലീസായ ‘ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം ത്രില്ലർ സിനിമകളിലേക്ക് ട്രാക്ക് മാറ്റി. നായക-പ്രതിനായക ഛായയുള്ള കഥാപാത്രമായി ആസിഫ് അലി നിറഞ്ഞാടിയ ചിത്രം കൂടിയായിരുന്നു അത്. 2024-ൽ ബിജു മേനോൻ, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് തലവൻ. എസ്ഐ കാർത്തിക്ക് വാസുദേവനായാണ് ചിത്രത്തിൽ ആസിഫ് അലി വേഷമിടുന്നത്. അയ്യപ്പനും കോശിയും, ഡ്രൈവിങ് ലൈസൻസ്, ഗരുഡൻ തുടങ്ങി സമീപകാലത്ത് വിജയിച്ച രണ്ടു നായകൻമാർ തമ്മിലുള്ള ദ്വന്ദയുദ്ധം തന്നെയായിരുന്നു തലവന്റെയും പ്രധാന പ്ലോട്ട്. കൺട്രോൾഡ് ആക്ടിങിലൂടെ ടൈമിങിന്റെ തലവനായ ബിജു മോനോനു ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് ആസിഫ് പുറത്തെടുത്തത്. 

ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അർഫാസ് അയൂബ് സംവിധാനം ചെയ്ത സിനിമയാണ് ലെവൽക്രോസ്. രാജ്യന്തര ഫെസ്റ്റിവൽ സിനിമകളോട് കിടപിടിക്കുന്ന മേക്കിങിലൂടെ വിസ്മയിപ്പിച്ച സിനിമയാണ് ലെവൽക്രോസ്. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ, പരിമിതമായ ലൊക്കേഷനുകൾ എന്നിട്ടും ആദ്യാവസാനം രസചരട് മുറിയാതെ ലെവൽ ക്രോസിലൂടെ പ്രേക്ഷകർക്കു സഞ്ചാരം സാധ്യമായിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് ആസിഫിനും അമലയ്ക്കും ഷറഫുദ്ദീനും അവകാശപ്പെട്ടതാണ്. പ്രവനചനാതീതമായ ട്വിസ്റ്റുകളിലൂടെ പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കുന്ന പ്ലോട്ടിൽ അനായാസമായി വേഷപകർച്ച നടത്തി ആസിഫിന്റെ രഘു എന്ന കഥാപാത്രം കയ്യടി നേടി. 

ആസിഫ് അലി
ആസിഫ് അലി

നായകനാണോ പ്രതിനായകനാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം പ്രേക്ഷകരെ ഉദ്വേഗത്തിലാഴ്ത്തിയ കഥാപാത്രമായിരുന്നു രഘുവിന്റേത്. സൂപ്പർതാരത്തിന്റെ ഗ്ലാമറുകൾ ഒന്നുമില്ലാത്ത ഒട്ടേറെ അടരുകളുള്ള കഥാപാത്രത്തെ ആസിഫ് മികവുറ്റതാക്കി. തിയറ്റർ റിലീസിൽ കാര്യമായ ചലനമുണ്ടാക്കിയില്ലെങ്കിലും ഒടിടിയിലെത്തിയതോടെ ചിത്രം നിരൂപക പ്രശംസകൾ വാരിക്കൂട്ടി. ക്രിസ്റ്റോ ടോമിയുടെ ‘ഉള്ളൊഴുക്കി’നു ശേഷം ഓസ്കാർ ലൈബ്രറിയിൽ ഇടംപിടിച്ച തിരക്കഥയെന്ന പ്രത്യേകതയും ലെവൽ ക്രോസിനുണ്ട്. 

ടീസറിൽ നിന്നും
ടീസറിൽ നിന്നും

സുരാജ് വെഞ്ഞാറമൂടും ആസിഫ് അലിയും തകർത്താടിയ ചിത്രമായിരുന്നു ‘അഡിയോസ് അമിഗോ’. ആസിഫിന്റെ വ്യത്യസ്ത ഗെറ്റപ്പും അവതരണം കൊണ്ടും വ്യത്യസ്തമായ ചിത്രമായിരുന്നു ‘അഡിയോസ് അമിഗോ’. ബോസേ എന്ന് വിളിച്ച് ആൾക്കൂട്ടത്തിനിടയിലൂടെ പൊട്ടി വീഴുന്ന വളരെ ലൗഡായ കഥാപാത്രം ആസിഫിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നാണ്. പ്രണയിനിക്കൊപ്പമുള്ള യാത്രയിലുണ്ടാകുന്ന അപകടത്തിൽ ആസിഫ് അലിയുടെ കഥാപാത്രം പ്രിൻസിനും കാമുകിയായ മേഘയ്ക്കും (അനഘ)  ഗുരുതരമായി പരുക്കേൽക്കുന്നു. അപകടത്തിന്റെ ഷോക്കിൽ നിന്ന് ഉണരും മുമ്പേ പ്രിൻസിനു മറ്റൊരു വിവാഹം കഴിക്കേണ്ടി വരുന്നു. മേഘയ്ക്ക് അപകടത്തിൽ കാല് മുറിച്ച് മാറ്റേണ്ടി വരുന്നു. ഇത് പ്രിൻസിനെ വേട്ടയാടാൻ തുടങ്ങുന്നു. അയാളുടെ താളം തെറ്റുന്നു, പൂർണ സമയം മദ്യപാനത്തിനും യാത്രയിലും അയാൾ അഭയം തേടുന്നു. അൽപ്പം എക്സൻട്രിക്കായി പെരുമാറുന്ന പ്രിൻസിന്റെ കഥാപാത്രത്തെ ആസിഫ് ഗംഭീരമാക്കുന്നു. ആസിഫിനൊപ്പം സുരാജും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. കളങ്കമില്ലാത്ത സ്നേഹനിധിയായ പ്രിൻസിന്റെ കഥാപാത്രം ആദ്യമൊക്കെ അരോചകമായി തോന്നുമെങ്കിലും പതിയെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നു. 

adios-amigo

മലയാള സിനിമയുടെ ചരിത്രത്തിലെ ബെഞ്ച്മാർക്ക് തിരക്കഥകളിലൊന്നെന്നു പേരെടുത്ത ‘കിഷ്കിന്ധാ കാണ്ഡ’ത്തിലൂടെ ആസിഫ് ബോക്സ് ഓഫിസിലെയും മിന്നും താരമായി മാറി പോയ വർഷം. അപർണ ബാലമുരളി, വിജയരാഘവൻ എന്നിവർക്കൊപ്പം കേന്ദ്രകഥാപത്രത്തെ അവതരിപ്പിച്ച ആസിഫ് ഒരിക്കൽ കൂടി മിതത്വം നിറഞ്ഞ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. മകന്റെ അച്ഛനായും അച്ഛന്റെ മകനായും അജയചന്ദ്രൻ എന്ന കഥാപാത്രം കടന്നുപോകുന്ന മാനസിക സംഘർങ്ങളെയും അയാൾ ഉള്ളിലൊതുക്കിയ നൊമ്പരങ്ങളെയും രഹസ്യങ്ങളെയും തീവ്രത നഷ്ടപ്പെടുത്താതെ ആസിഫ് സ്ക്രീനിലേക്ക് പകർത്തുന്നു. ബാഹുൽ രമേശിന്റെ ബ്രില്ല്യന്റായ തിരക്കഥയ്ക്കു ചലച്ചിത്രഭാഷ്യം ചമച്ചത് ദിൻജിത്ത് അയ്യത്താനാണ്. 77 കോടിയലധികം ബോക്സ് ഓഫിസ് കലക്‌ഷൻ നേടിയ ചിത്രം ഒരേ സമയം നിരുപക-പ്രേക്ഷക പ്രശംസ നേടിയ ചിത്രമായി മായി. 

അപർണ ബാലമുരളി, ആസിഫ് അലി
അപർണ ബാലമുരളി, ആസിഫ് അലി

എംടി കൃതികളെ അടിസ്ഥാനമാക്കി നിർമ്മിച്ച മനോരഥങ്ങളെന്ന ചലച്ചിത്രങ്ങളുടെ സമാഹരത്തിലൂടെയും ആസിഫ് ശ്രദ്ധേയനായി. എംടിയുടെ മകൾ അശ്വതി വി. നായർ സംവിധാനം ചെയ്ത ‘വിൽപ്പന’യിൽ മധുബാലയുടെ ഗീത പരേഖിനൊപ്പം സുനിൽ ദാസ് എന്ന കഥാപാത്രമായി എത്തിയ ആസിഫ് മികവാർന്ന പ്രകടനം പുറത്തെടുത്തു. എന്നാൽ ആസിഫ് ഹൃദയങ്ങൾ കീഴടക്കിയത് ഈ ചലച്ചിത്ര സമാഹാരവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിലുണ്ടായ വിവാദങ്ങളെ കയ്യടക്കത്തോടെ നേരിട്ടത്തിന്റെ പേരിലാണ്. സംഗീത സംവിധായകൻ രമേശ് നാരായണൻ ആസിഫ് അലിയിൽ നിന്ന് മെമന്റോ വാങ്ങാൻ തയാറാകാതെ ഇരുന്നതോടെയാണ് വിവാദങ്ങൾക്കു തുടക്കം. മലയാളത്തിലെ പ്രമുഖ അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും അണിനിരന്ന വേദിയിൽ ആസിഫ് അലി അപമാനിക്കപ്പെടുകയായിരുന്നു. സോഷ്യൽ മീഡിയ രമേശ് നാരായണനു മേൽ വിമർശനശരങ്ങൾ ഉയർത്തി. പല വിദ്വേഷ ക്യാംപെയ്നുകളും സാമൂഹിക മാധ്യമങ്ങളിൽ അഴിച്ചുവിട്ടിരുന്നു. എന്നാൽ ആസിഫ് അലി വിവാദങ്ങൾ ആളി കത്തിക്കാതെ രമേശ് നാരായണനോട് നേരിട്ട് സംസാരിച്ച് പ്രശ്നങ്ങൾ രമ്യമായ പരിഹരിച്ചു. വിദ്വേഷ ക്യാംപെയ്നുകളെ പൂർണമായി തള്ളിയ ആസിഫ് പക്വതയോടെ വിഷയത്തെ കൈകാര്യം ചെയ്തു. നടൻ എന്ന നിലയിലും വ്യക്തിയെന്ന നിലയിലും ആസിഫ് ഔന്നിത്യം കാണിച്ച വർഷമായിരുന്നു 2024.

rekhachithram-collection-3

2025-ൽ സിഐ. വിവേക് എന്ന കഥാപാത്രത്തിലൂടെ ബോക്സ് ഓഫിസ് പിടിച്ചു കുലുക്കി. ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശന തുടരുന്ന രേഖാചിത്രത്തിലൂടെ കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തുടർച്ചയായി 75 കോടി കലക്‌ഷൻ നേടിയ സിനിമകളിലെ നായകനെന്ന റെക്കോർഡും ആസിഫ് അലി സ്വന്തം പേരിൽ എഴുതി ചേർത്തു. സമീപകാലത്ത് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ ആസിഫ് സ്വീകരിച്ച സൂക്ഷമതയും ഓഫ്സ്ക്രീനിലെ കയ്യടക്കത്തോടെയുള്ള ഇടപെടലുകളും ആസിഫിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാക്കി മാറ്റുന്നു.

English Summary:

In 2024, Malayalam witnessed Asif Ali reinventing himself as an actor and as a person.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com