ഒരേയൊരു കഥാപാത്രത്തിലൂടെ ഓർമിക്കപ്പെടുന്ന നടി; ‘ദേശാടന’ത്തിലെ നായിക ഇപ്പോള്‍ എവിടെയാണ്?

Mail This Article
അടൂര്‍ ഗോപാലകൃഷ്ണന്റെ ‘കഥാപുരുഷന്’, ജയരാജിന്റെ ‘ദേശാടനം’ എന്നീ സിനിമകള്‍ ദശകങ്ങള്‍ പിന്നിടുമ്പോള്‍ മനസില്‍ ബാക്കിയാവുന്ന പല ഘടകങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് നായികാ കഥാപാത്രത്തെ അനശ്വരമാക്കിയ മിനി നായരാണ്. ദേശാടനത്തിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്രപുരസ്കാരം കരസ്ഥമാക്കിയ മിനി നായര്‍ ഇപ്പോള്‍ എവിടെയാണ്?
ബാല്യകാലത്ത് തന്നെ നിര്‍ബന്ധിതമായി സന്ന്യാസം സ്വീകരിക്കാന്‍ വിധിക്കപ്പെട്ട സ്വന്തം മകന്റെ അവസ്ഥയില്‍ മനംനൊന്ത് പിടയുന്ന അമ്മയുടെ ധര്‍മ സങ്കടങ്ങള്‍ അവിസ്മരണീയമാക്കിയ അഭിനേത്രിയാണ് ‘ദേശാടനം’ എന്ന സിനിമയില്‍ നായികയായി വന്ന മിനി നായര്‍. മികച്ച രണ്ടാമത്തെ നടിക്കുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഈ കഥാപാത്രത്തിലൂടെ അവര്‍ നേടുകയുണ്ടായി. ടെലിവിഷന്‍ സീരിയലുകളിലൂടെ തുടക്കമിട്ട അവര്‍ പിന്നീട് അടൂര്‍ ഗോപാലകൃഷ്ണന് അടക്കമുളള സമുന്നതരായ സംവിധായകരുടെ സിനിമകളില്‍ നിര്‍ണായക പ്രാധാന്യമുളള കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി. ഒരു ദിവസം പെട്ടെന്ന് അവര്‍ ലൈംലൈറ്റില്‍ നിന്ന് അകന്നു പോയി. കുടുംബജീവിതവുമായി യു.എസിലെ വീട്ടില്‍ ഒതുങ്ങിക്കഴിയുന്നു എന്നാണ് മിനി നായരെക്കുറിച്ചുളള അന്വേഷണങ്ങള്‍ ചെന്നു നിന്നത്. എന്നാല്‍ ഒരേയൊരു കഥാപാത്രത്തിലൂടെ തന്നെ എക്കാലവും ഓര്‍മിക്കപ്പെടുന്ന അഭിനേത്രിയായി എന്നതാണ് മിനി നായരുടെ പ്രസക്തി.
ജനനം പഞ്ചാബില്‍ ; പഠനം തലസ്ഥാനത്ത്
തിരുവനന്തപുരം സ്വദേശിയായ മിനി പഞ്ചാബിലെ പത്താന്‍കോട്ടിലാണ് ജനിച്ചത്. പിതാവ് ജോലി സംബന്ധമായി അവിടെയായിരുന്നതു കൊണ്ട് അദ്ദേഹം കുടുംബത്തെയും ഒപ്പം കൂട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷം മാതാപിതാക്കള്‍ക്കും രണ്ട് സഹോദരന്മാര്ക്കുമൊപ്പം മിനി സ്വദേശത്തേക്ക് താമസം മാറ്റി. മിനിയുടെ സ്കൂള്‍-കോളജ് വിദ്യാഭ്യാസം ഏതാണ്ട് പൂര്‍ണമായി തന്നെ തിരുവനന്തപുരത്തായിരുന്നു. കുട്ടിക്കാലത്ത് ശാകുന്തളം എന്ന ഒരു ടാബ്ലോ അവതരിപ്പിച്ചിട്ടുളളതൊഴിച്ചാല് കലാരംഗത്ത് മിനിക്ക് കാര്യമായ പരിചയമൊന്നും ഉണ്ടായിരുന്നില്ല. സ്പോര്‍ട്സ് താരമാകാനായിരുന്നു മിനിയുടെ മോഹം. ആ സമയത്ത് അപ്രതീക്ഷിതമായി ടെലിവിഷനുകളില്‍ നിന്നും ചില അവസരങ്ങള്‍ വന്നു. കഥാന്തരമായിരുന്നു ആദ്യ സീരിയല്‍.

അക്കാലത്ത് മികച്ച അഭിപ്രായം നേടിയ ദൂരദര്ശന് പരമ്പരകളില്‍ മിനി അഭിനയിച്ചു. ഏഷ്യാനെറ്റ് അടക്കമുളള സ്വകാര്യ ചാനലുകള്‍ രംഗത്ത് വന്നതോടെ നിരവധി പരമ്പരകള്‍ അവരെ തേടിയെത്തി. നിഴലുകള്‍, ശമനതാളം, സ്നേഹാഞ്ജലി, മാനസപുത്രി എന്നിവയിലെല്ലാം അഭിനയിച്ചു.സിനിമയിലേക്കുളള വരവും സീരിയലിലെ പ്രകടനത്തിന്റെ ചുവട് പിടിച്ചായിരുന്നു. ‘ദൈവസഹായം ലക്കിസെന്റര്‍’ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം അവതരിപ്പിച്ചുകൊണ്ടായിരുന്നു സിനിമാ പ്രവേശം. എന്നാല്‍ അതൊന്നും മിനി നായര്‍ എന്ന നടിയെ അടയാളപ്പെടുത്തിയില്ല. മോഹന്‍ സംവിധാനം ചെയ്ത ‘പക്ഷേ’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബാലചന്ദ്രന് ഐഎഎസിന്റെ സഹോദരിയുടെ വേഷത്തില്‍ വന്നതോടെ മിനി ശ്രദ്ധിക്കപ്പെട്ടു. മിനിയുടെ കരിയറിലെ ആദ്യത്തെ മുഴുനീള വേഷമായിരുന്നു അത്. എന്നാല്‍ ഇതൊന്നും അവരെ തിരക്കുകളിലേക്ക് നയിച്ചില്ല. കാഴ്ചയില്‍ ഭംഗിയും അഭിനയിക്കാന്‍ കഴിവുമുണ്ടായിട്ടും നായിക നിരയില്‍ പരിഗണിക്കപ്പെട്ടതുമില്ല.
സിനിമ എക്കാലവും ഭാഗ്യത്തിന്റെ ഓരം പറ്റി സഞ്ചരിക്കുന്ന കലാരൂപമാണ്. വലിയ പ്രതിഭകള്‍ വീട്ടിലിരിക്കുമ്പോള്‍ ശരാശരിയില്‍ താഴെ നില്ക്കുന്നവര് വലിയ താരങ്ങളായി വിലസും. ഈ ദുര്യോഗം മിനിയെയും ബാധിച്ചു. എന്നാല്‍ ഇടക്കാലത്തെ മാന്ദ്യത്തിന് ശേഷം മിനിക്ക് കിട്ടിയത് അത്രയും കാമ്പും കാതലുമുളള വേഷങ്ങള്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ ‘കഥാപുരുഷന്’ എന്ന പടത്തിലെ മീനാക്ഷി എന്ന നായികാ വേഷം മിനിയുടെ കരിയറിലെ എന്നും എടുത്തുകാട്ടാവുന്ന കഥാപാത്രമായി. ദേശാടനത്തിലെ അമ്മയുടെ വേഷം അതിലും മികച്ചു നിന്നു. ഒരേയൊരു കഥാപാത്രത്തിലൂടെ മിനി എന്നും ഓര്‍മിക്കപ്പെടുന്ന അഭിനേത്രികളില്‍ ഒരാളായി. ഇത്തരം സൗഭാഗ്യങ്ങള്‍ അപൂര്‍വം ചിലര്‍ക്ക് മാത്രം ലഭിക്കുന്നതാണ്.

‘മാമാട്ടിക്കുട്ടിയമ്മ’യിലെ നായികയായി വന്ന സംഗീതാ നായിക്ക് പിന്നീട് എംടിയുടെ ‘മഞ്ഞ്’ അടക്കമുളള സിനിമകളില്‍ നായികയായെങ്കിലും ശോഭിച്ചില്ല. എന്നാല്‍ ബേബി ശാലിനിയുടെ അമ്മയായി വന്ന അവര്‍ ഇന്നും ഓര്‍മ്മകളിലെ നിത്യനൊമ്പരമായി പ്രേക്ഷക മനസുകളില്‍ നില്ക്കുന്നു. മിനിയുടെ കാര്യവും വിഭിന്നമല്ല. ‘സത്യമേവജയതേ’ എന്ന പടത്തില്‍ ബാലചന്ദ്രമേനോന്റെ ഭാര്യയായി വന്ന അവര്‍ കൃഷ്ണാ ഗോപാലകൃഷ്ണയില് അദ്ദേഹത്തിന്റെ അമ്മയായി അഭിനയിച്ചു. അന്ന് മേനോനേക്കാള്‍ 17 വയസിന്റെ ഇളപ്പമുണ്ടായിരുന്നു മിനിക്ക്. മുന്‍കാലങ്ങളില്‍ കവിയൂര്‍ പൊന്നമ്മ ചെയ്ത അത്തരം സാഹസങ്ങള്‍ക്ക് മിനിയുടെ കാലത്തെ നടികളൊന്നും തയാറാവുമായിരുന്നില്ല. ഇമേജുകളോട് ഒരു നല്ല കലാകാരി പ്രകടിപ്പിച്ച നിര്‍ഭയത്വത്തിന്റെ എക്കാലത്തെയും മികച്ച ദൃഷ്ടാന്തമായിരുന്നു അത്. മദര്‍ തെരേസയുടെ ജീവിതം പറഞ്ഞ ഗിഫ്റ്റ് ഓഫ് ഗോഡ് എന്ന ചിത്രത്തില്‍ മിനി മുഖ്യവേഷം അവതരിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നെങ്കിലും പിന്നീട് ഒന്നും കേട്ടില്ല.
കുടുംബത്തിനൊപ്പം യു.എസില്‍..
‘മൂക്കുത്തി’, ‘കൃഷ്ണാ ഗോപാലകൃഷ്ണ’, ‘സത്യമേവ ജയതേ’, ‘ആന്ദോളനം’, ‘പാവ’, ‘തിരകള്‍ക്കപ്പുറം’, ‘സിദ്ധാര്‍ത്ഥ’, ‘നിയോഗം’, ‘വര്‍ണച്ചിറകുകള്‍’, ‘ആയിരംമേനി’, ‘കണ്ണാടിക്കടവത്ത്’ എന്നിങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളില്‍ ഒതുങ്ങാനായിരുന്നു പിന്നീട് മിനിയുടെ നിയോഗം. ഈ പറഞ്ഞ സിനിമകളിലെല്ലാം അവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും സിനിമ പരാജയപ്പെട്ടപ്പോള്‍ സ്വാഭാവികമായും അതിന്റെ ഭാഗമായ താരവും അപ്രസക്തയായി. എന്നും ഹിറ്റുകള്‍ക്കും വിജയങ്ങള്‍ക്കുമൊപ്പം മാത്രം നില്ക്കുന്ന ശീലമാണ് ചലച്ചിത്ര വ്യവസായത്തിനുളളത്.

സിനിമയില്‍ വിചാരിച്ച തലത്തില്‍ എത്താന്‍ കഴിയാത്തതു കൊണ്ടാണോ എന്നറിയില്ല മിനി പിന്നീട് സ്വകാര്യജീവിതത്തിലേക്ക് ഒതുങ്ങിക്കൂടി. മാധ്യമങ്ങള്‍ക്ക് വളരെ കുറച്ച് അഭിമുഖങ്ങള്‍ മാത്രമേ അവര്‍ നല്‍കിയിട്ടുളളു. അപ്പോഴും തുറന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക് നില്‍ക്കാതെ ഒതുങ്ങിക്കൂടുന്നതായിരുന്നു മിനിയുടെ ശീലം. ഒരിക്കല്‍ സിനിമയിലെ ഗാനരംഗങ്ങളില്‍ ഇഴുകിചേര്‍ന്ന് അഭിനയിക്കുന്നതിനോടുളള തന്റെ വിയോജിപ്പ് മിനി തുറന്ന് പറഞ്ഞത് വിവാദമായി. അതോടെ അവര്‍ തീര്‍ത്തും മൗനിയായി.

2002ല്‍ അവര്‍ ഭര്‍ത്താവിനും മകനുമൊപ്പം യുഎസിലേക്ക് പോയി സ്ഥിരതാമസമാക്കി. രണ്ട് ദശകങ്ങളായി സിനിമയില്‍ അവരുടെ സാന്നിദ്ധ്യമില്ലെങ്കിലും ദേശാടനത്തിലെ കഥാപാത്രത്തിലൂടെ അവര്‍ ടിവി ചാനലുകളിലും യൂട്യൂബിലുടെയും നിലനില്ക്കുന്നു. എന്നാല്‍ മിനിയുടെ ഒരു വീഡിയോ ഇന്റര്‍വ്യൂ പോലും ലഭ്യമല്ല. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമില്ല. വിക്കിപീഡിയയില്‍ പോലും മിനിയെക്കുറിച്ചുളള വിവരങ്ങള്‍ ലഭ്യമല്ല. എന്നിട്ടും ആ മുഖം മലയാളികളുടെ മനസിലുണ്ട്. അത് ഒരുപക്ഷേ അവര്‍ ചെയ്തു വച്ച കഥാപാത്രങ്ങളുടെ പ്രത്യേകത കൊണ്ടാവാം.

വിഷാദച്ഛവിയുളള വേഷങ്ങളിലാണ് മിനി കൂടുതല്‍ തിളങ്ങിയത്. ക്യാമറയ്ക്ക് പിന്നിലും അവര്‍ അധികം ചിരിച്ച് കണ്ടിട്ടില്ല. വിഷാദാത്മകമായ ഒരു ഭാവം ആ മുഖത്ത് എപ്പോഴുമുണ്ടായിരുന്നു. ഒരുപക്ഷെ അത് അവരുടെ സഹജഭാവമാം. എന്നാല്‍ ആ വിഷാദത്തെ മലയാളി ഗൃഹാതുരത്വം നിറഞ്ഞ ഒരു ഓര്‍മ്മയായി മനസില്‍ കൊണ്ടു നടക്കുന്നു. ദേശാടനത്തിലെ ആ താരാട്ട് പാട്ട് കേള്‍ക്കുമ്പോള്‍ ഓരോ തവണയും മിനിയുടെ ദുഖസാന്ദ്രമായ മുഖം ഓര്‍മ്മിക്കുന്നു.
‘‘'താരാട്ടുപാടിയാലേ ഉറങ്ങാറുളളു
ഞാന്‍ പൊന്നുമ്മ നല്‍കിയാലേ ഉണരാറുളളു
കഥയൊന്ന് കേട്ടാലെ ഉണ്ണാറുളളു
എന്റെ കൈവിരല്‍ തുമ്പുപിടിച്ചേ നടക്കാറുളളു
അവന് നടക്കാറുളളു..'
കളിവീടുറങ്ങിയല്ലോ...കളിവാക്കുറങ്ങിയല്ലോ?
ഒരു നോക്കു കാണുവാനെന്‍ ആത്മാവ് തേങ്ങുന്നല്ലോ?''