‘നോക്കൂ, ഞാൻ സ്ട്രോങ് ആയി’; ജന്മദിനത്തിൽ അമ്മയെ എടുത്തുയർത്തി ശ്രീലീല: വിഡിയോ

Mail This Article
അമ്മയുടെ പിറന്നാൾ ആഘോഷമാക്കി നടി ശ്രീലീല. കേക്ക് മുറിച്ചതിനു ശേഷം അമ്മയെ എടുത്ത് ഉയർത്തിയാണ് ശ്രീലീല സ്നേഹം പ്രകടിപ്പിച്ചത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായാണ് ശ്രീലീല അമ്മയെ എടുത്തുയർത്തിയത്. അമ്മയെ എടുത്തുയർത്താൻ മാത്രം കരുത്തയായെന്ന് കുസൃതിയോടെ പറയുന്ന താരത്തെയും വിഡിയോയിൽ കാണാം. മഹേഷ് ബാബു അഭിനയിച്ച നാനി എന്ന സിനിമയിലെ ‘അമ്മപ്പാട്ടി’നൊപ്പമായിരുന്നു താരത്തിന്റെ ആശംസ.
ആ പാട്ട് തിരഞ്ഞെടുക്കാനുള്ള കാരണവും താരം വെളിപ്പെടുത്തി. സ്‌കൂൾ കഴിഞ്ഞു വന്ന്, വീട്ടിലെ ലാൻഡ്‌ലൈൻ ഫോണിൽനിന്നും, ആശുപത്രിയിൽ ജോലി ചെയ്തിരുന്ന അമ്മയെ വിളിക്കുമ്പോൾ ഈ പാട്ടായിരുന്നു കോളർട്യൂൺ എന്നും അമ്മസ്നേഹം തുളുമ്പുന്ന ആ പാട്ടിലെ ഓരോ വരിയും അമ്മയ്ക്കുവേണ്ടി പ്രത്യേകം സമർപ്പിക്കുന്നു എന്നും ശ്രീലീല പറഞ്ഞു.
ശ്രീലീലയുടെ വാക്കുകൾ: "ഷൂട്ടുകളും പരീക്ഷകളും പാനിക് അറ്റാക്കുകളും മുതൽ എന്റെ ഏതു സൂക്ഷ്മ വികാരങ്ങളും എന്നോടൊപ്പം അനുഭവിക്കുന്ന അമ്മയ്ക്ക് ഒരുപാടു സ്നേഹം. ജന്മദിനാശംസകൾ അമ്മ... അമ്മയുടെ ഒരു ഭാഗമായതിൽ ഞാൻ അനുഗ്രഹീതയാണ്."
ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഗൈനക്കോളജിസ്റ്റ് ആണ് ശ്രീലീലയുടെ അമ്മ ഡോ.സ്വർണലത. ഇരുപതു വർഷം മുൻപുതന്നെ ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്ന സ്വർണലത ഒറ്റയ്ക്കാണ് മകളെ വളർത്തിയത്. സിംഗിൾ പേരന്റായ, ശക്തയായ സ്ത്രീയാണ് അമ്മയെന്ന് ശ്രീലീല പൊതുവേദികളിൽ പറയാറുണ്ട്.
അമ്മയെക്കുറിച്ച് ശ്രീലീല ഒരിക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘അമ്മയുടെ ജീവിതം മുഴുവനും എനിക്കായാണ് മാറ്റിവച്ചത്. ഞാൻ എന്താകണമെന്നും എന്റെ വിജയങ്ങൾ എങ്ങനെയായിരിക്കണമെന്നും അമ്മയ്ക്ക് പ്ലാനുകൾ ഉണ്ടായിരുന്നു. അമ്മയുടെ സന്തോഷം ഞാൻ മാത്രമാണ്. എന്നെക്കുറിച്ചോർത്ത് അമ്മ എന്നും അഭിമാനിക്കണം എന്നതാണ് എന്റെ ലക്ഷ്യം.’
തെലുങ്ക്, കന്നഡ സിനിമകളിലെ വിലയേറിയ താരമാണ് ശ്രീലീല. സ്കന്ദ, ആദികേശവ, എക്സ്ട്രാ ഓർഡിനറി മാൻ, ഗുണ്ടൂർ കാരം തുടങ്ങിയ സിനിമകളിലെ വിജയത്തിലൂടെ തെലുങ്കിലെ സെൻസേഷൻ നായികയായി മാറുകയായിരുന്നു. പുഷ്പ 2ലെ 'കിസ്സിക്' പാട്ടിലെ ശ്രീലീലയുടെ പ്രകടനം പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.