‘ഞാൻ വില്ലനായിട്ട് അഭിനയിക്കണോ’? ഒരു വടക്കൻ വീരഗാഥയിലേക്ക് വിളിച്ചപ്പോൾ മമ്മൂട്ടി ചോദിച്ചത്

Mail This Article
എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടി അഭിനയിച്ച് ചരിത്രം തിരുത്തിക്കുറിച്ച ‘ഒരു വടക്കൻ വീരഗാഥ’ എന്ന സിനിമ റീ-റിലീസിനൊരുങ്ങുകയാണ്. വടക്കൻ പാട്ടുകളിൽ ആരോമൽ ചേകവരുടെ നെഞ്ചിൽ കത്തി താഴ്ത്തി ചതിച്ചു കൊന്ന ഉണ്ണിയാർച്ചയുടെ മുറച്ചെറുക്കനായ ചതിയൻ ചന്തു എങ്ങനെ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ നായകനായി എന്ന് പറയുകയാണ് മമ്മൂട്ടി. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ രമേശ് പിഷാരടിയുമായി നടത്തിയ സംഭാഷണത്തിലാണ് താൻ എങ്ങനെ ചതിയൻ ചന്തുവായി അഭിനയിച്ചെന്നും ചന്തു എങ്ങനെ വീരപരിവേഷമുള്ള യോദ്ധാവായി ജനങ്ങളുടെ ഉള്ളിൽ കുടിയേറി എന്നുമുള്ള കഥകൾ മമ്മൂട്ടി തുറന്നു പറയുന്നത്.
"എന്റെ ഓർമ്മ ശരിയാണെങ്കിൽ പി വി ജി ആണ് എന്നെ വിളിച്ചത്. വിളിച്ചപ്പോൾ ഇങ്ങനെ ഞങ്ങൾ ഉണ്ണിയാർച്ചയുടെ കഥ സിനിമയാക്കുന്നു, ചന്തുവായിട്ട് നിങ്ങൾ അഭിനയിക്കണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ചന്തുവായിട്ടോ, ഞാൻ വില്ലനായിട്ട് അഭിനയിക്കണോ, അതല്ല നിങ്ങളൊന്ന് കേട്ടു നോക്ക്. എം ടി ആണ് എഴുതുന്നത്, ഹരിഹരൻ സാർ സംവിധാനം ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ആയിക്കോട്ടെ. അങ്ങനെയാണ് ഞാൻ ഒരു വടക്കൻ വീരഗാഥയിലേക്ക് വരുന്നത്.
ഏത് കഥയിൽ ആയാലും കഥാപാത്രങ്ങൾക്ക് എഴുത്തുകാരന്റെ ഒരു ഓതർ ബാക്ഡ് കഥാപാത്രങ്ങൾ ഉണ്ട്. ഓതർ ബാക്ക്ഡ് അല്ലാത്ത കഥാപാത്രങ്ങളും ഉണ്ട്. ചില കഥാപാത്രങ്ങൾ കഥാപരമായി തന്നെ നല്ലതായിരിക്കും, ചില കഥകളിൽ കഥാപാത്രം ആളുകൾക്ക് ഇഷ്ടപ്പെടാത്ത ഒരാളായിരിക്കും. അങ്ങനെ ഉള്ള ഒരു കഥയാണ് ഉണ്ണിയാർച്ചയുടെയും ചന്തുവിന്റെയും ആരോമൽ ചേകവരുടെയും പുത്തൂരം വീട്ടിലെ കഥ. സ്വാഭാവികമായിട്ടും നമ്മൾ കേട്ട് പഴകിയതും ഉണ്ണിയാർച്ച എന്ന് പറയുന്ന സിനിമ വന്നിട്ടുള്ളതുകൊണ്ടു, കണ്ടിട്ടുള്ളതും പാടി തെളിഞ്ഞ പാട്ടുകളിലൂടെ കേട്ടറിഞ്ഞതുമായ കഥയാണ്. നമ്മൾ കേട്ടിട്ടുള്ള ചന്തു ചതിയനാണ്. അയാൾ അത്രത്തോളം നികൃഷ്ടനായ ഒരു ആളായിട്ടാണ് ഈ കഥയിലൊക്കെ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. അതെല്ലാം ഈ ഒന്നുകിൽ ഉണ്ണിയാർച്ചയുടെ അല്ലെങ്കിൽ ആരോമൽ ചേകവരുടെ ഒക്കെ വീക്ഷണത്തിലുള്ള കഥകളാണ്. ശരിക്കും പറഞ്ഞാൽ ഉണ്ണിയാർച്ചയുടെ കഥ പറയുന്ന കൂട്ടത്തിലാണ് ഈ കഥാപാത്രങ്ങൾ ഒക്കെ വന്നു പോകുന്നത്. പക്ഷേ എന്തുകൊണ്ട് ചന്തുവിന്റെ കാഴ്ചപ്പാടിൽ ഒരു കഥ ഉണ്ടാക്കി കൂടാ? ചന്തുവിന്റെ മനസ്സിൽ കൂടെ എന്തായിരിക്കും പോയിരിക്കുക. ചന്തു ഈ സംഭവങ്ങൾ എങ്ങനെയാണ് കണ്ടിരുന്നത് അല്ലെങ്കിൽ അതിൻറെ സാക്ഷ്യങ്ങൾ എന്തൊക്കെയാണ്, എന്താണ് ചന്തു യഥാർത്ഥത്തിൽ
എന്നുള്ളത് അന്വേഷിച്ചു പോയതായിരിക്കണം എം ടി. അതിൽ നിന്ന് കണ്ടെത്തിയതായിരിക്കണം ഈ ചതിയൻ ചന്തുവിന്റെ കഥ.
എം ടി സാറിന്റെ അനുവാദമോ അഭിപ്രായമോ എടുക്കാതെ കാസ്റ്റിങ് ഒന്നും നടക്കില്ല. ഞങ്ങൾ കുറെ സിനിമകൾ അതിനു മുമ്പ് ഒരുമിച്ച് ചെയ്തിട്ടുണ്ട്. അന്നേ ഗുരുതുല്യനായ എം ടിയുടെ അടുത്ത് പിന്നെ എനിക്ക് പ്രത്യേകിച്ച് ചോദിക്കേണ്ടി വന്നിട്ടില്ല. എപ്പോഴും നമുക്ക് പ്രസാദം തരുന്ന ആളാണ്. ഒരു കാര്യം അതിനകത്ത് ഞാൻ പ്രത്യേകിച്ച് പറയാൻ ആഗ്രഹിക്കുന്നത് ഉണ്ണിയാർച്ചയിൽ നമ്മൾ കേട്ട് പഴകിയ കഥകളിൽ ഉള്ള ഒരു രംഗം പോലും ഈ സിനിമയിൽ ഇല്ലാതില്ല. എല്ലാ രംഗങ്ങളും ഉണ്ട് ഈ സിനിമയിൽ, എല്ലാ സംഭവങ്ങളും ഉണ്ട്. നമ്മൾ അറിഞ്ഞത് ഉണ്ണിയാർച്ചയും ആരോമൽ ചേകവരും അല്ലെങ്കിൽ കുഞ്ഞിരാമനും ഒക്കെ കളരിയിൽ വളർന്നതും അവിടെ ചന്തു വരുന്നതും ചന്തുവിന്റെ അച്ഛൻ മലയനോട് തോറ്റു മരിച്ച ആളാണ്, അനാഥനായി അമ്മാവൻ എടുത്തോണ്ട് വന്നതാണെന്നൊക്കെ. അമ്മാവന്റെ മകൾ മുറപ്പെണ്ണാണ്, കുട്ടിക്കാലത്ത് അവരെ കല്യാണം കഴിച്ചു, ഇതൊക്കെ ഉള്ളതാണ്. പക്ഷേ ചന്തു ചതിയനാണ്, ആരോമൽ ചേകവരെ കുത്തിക്കൊന്ന ആളാണ്, കുത്തുവിളക്കിന്റെ തണ്ട് താഴ്ത്തിയ ആളാണ്. അതൊക്കെ സിനിമയിൽ ഉണ്ട്. ഒരക്ഷരം പോലും വിടാതെ സിനിമയിലുണ്ട്. പക്ഷേ, സിനിമ കണ്ടുപോകുമ്പോൾ ചന്തു ഒരു ഭാരമായി മനസ്സിന്റെ ദുഃഖമായി ഒരു വീരനായകന്റെ പരിവേഷം ഉള്ള ആളായിട്ട് നമ്മുടെ കൂടെ പോരുന്നു എന്നുള്ളത് ആ സിനിമയുടെ സ്ക്രിപ്റ്റിന്റെ മഹത്വമാണ്.
വിജയിക്കുന്നവർ മാത്രമല്ല വീരൻ വിട്ടുകൊടുക്കുന്നവനും വീരനാണ്. അത്ര ധീരതയില്ലെങ്കിൽ വിട്ടു കൊടുക്കാൻ പറ്റില്ല. നെഞ്ചുവിരിച്ച് ഒരു വാളിന് മുമ്പിലോ തോക്കിന് മുമ്പിലോ നിൽക്കുന്നത് ഒരു ഭീരുമായിട്ടല്ല ധീരനായിട്ട് തന്നെയാണ്. അങ്ങനെയുള്ള ധീരന്മാർ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതിലും ശരിക്ക് പറഞ്ഞാൽ ചന്തു കുത്തി കൊല്ലാൻ നിന്ന് കൊടുക്കുകയല്ലേ, അപ്പോൾ അതൊരു ധീരതയല്ലേ. ആ ധീരനെയൊക്കെ നമ്മൾ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ്, അങ്ങനത്തെ ഒരു ആദരമാണ് ഈ സിനിമ കഴിയുമ്പോൾ ചന്തു നേടിയെടുക്കുന്നത്," മമ്മൂട്ടി പറയുന്നു.
വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത്, മമ്മൂട്ടി, ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989ൽ റിലീസ് ചെയ്ത സിനിമയാണ് ഒരു വടക്കൻ വീരഗാഥ. വടക്കൻ പാട്ടുകളിലെ പ്രശസ്തമായ കഥ നിരവധി തവണ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലും അതിനു ശേഷവും ചലച്ചിത്രങ്ങളായി ആവിഷ്ക്കരിച്ചിട്ടുണ്ട്. എന്നാൽ എം.ടി. ഈ ചിത്രത്തിലൂടെ ആ കഥയ്ക്ക് ഒരു വേറിട്ട ഭാഷ്യം നൽകുന്നു. എംടി യുടെ വടക്കൻ വീരഗാഥയിലെ ചന്തു എന്ന കഥാപാത്രം ചെയ്തത് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെയും നാഴികക്കല്ലായി മാറി. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.