ആയിരം വട്ടം ചിന്തിച്ചെടുത്ത തീരുമാനം, ഞാനും തകർന്ന കുടുംബത്തിൽ വളർന്നയാൾ: സമാന്ത വിഷയത്തിൽ മൗനം വെടിഞ്ഞ് നാഗചൈതന്യ

Mail This Article
ആയിരം വട്ടം ചിന്തിച്ച് എടുത്ത തീരുമാനമായിരുന്നു സമാന്തയുമായുള്ള വിവാഹമോചനമെന്ന് വെളിപ്പെടുത്തി നാഗ ചൈതന്യ. തങ്ങൾ ഇരുവരും ചേർന്നെടുത്ത വൈകാരിക തീരുമാനവുമായിരുന്നു വിവാഹമോചനം. രണ്ടുപേർക്കും രണ്ടു വഴിയാണ് നല്ലതെന്നെ ബോധ്യത്തോടെ മുന്നോട്ടുപോയി. എന്നെ എന്തിനാണ് തന്നെയൊരു ക്രിമിനലായി ആളുകൾ കാണുന്നതെന്ന് നാഗ ചൈതന്യ ചോദിക്കുന്നു. ഇത് ലോകത്തെ ആദ്യ സംഭവവും അല്ലല്ലോ എന്നും നാഗ ചൈതന്യ പറഞ്ഞു. ‘റോ ടാക്സ് വിത്ത് വികെ പോഡ്കാസ്റ്റ്’ എന്ന ചാനലിനു നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘‘ഞങ്ങൾക്ക് ഞങ്ങളുടേതായ വഴിയിൽ കൂടി സഞ്ചരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അത് ഞങ്ങളുടെ മാത്രം കാരണങ്ങളാണ്. ഞാനും സാമന്തയും ഒരുമിച്ചാണ് ഈ തീരുമാനം എടുത്തത്, ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ നല്ലൊരു ജീവിതമാണ് നയിക്കുന്നത്. ഇതിലുപരി എന്ത് വിശദീകരണമാണ് നൽകേണ്ടത്? എനിക്ക് മനസിലാകുന്നില്ല. ആരാധകരും മറ്റ് മാധ്യമങ്ങളും ഞാൻ പറയുന്നത് ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിഷയത്തിൽ സ്വകാര്യത ആവശ്യപ്പെട്ടിരുന്നു.
ഞങ്ങളുടെ സ്വകാര്യത നിങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്. പക്ഷേ നിർഭാഗ്യവശാൽ ഞങ്ങളുടെ ജീവിതമാണ് എല്ലാവരുടെയും ചർച്ചാവിഷയം, അതൊരു തലക്കെട്ടായി, ഗോസിപ്പായി, പിന്നീടൊരു വിനോദ വിഷയമായി മാറി. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങൾക്കിടെ മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഏതൊരു പരിപാടിക്കു പോയാലും ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉയരും.
ഞാൻ വീണ്ടും മറ്റൊരു പ്രണയത്തെ കണ്ടുമുട്ടി. ഞാനും ഭാര്യയും ഇപ്പോൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. സമാന്തയോട് ഇപ്പോഴും ബഹുമാനം ഉണ്ട്. അവർക്കും അങ്ങനെ തന്നെയാണ്. പക്ഷേ പലരും ഇപ്പോഴും തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പറഞ്ഞു പരത്തുന്നു. എന്തിനാണ് ഇവർ എന്റെ ജീവിതത്തിൽ ഇത്രയേറെ ശ്രദ്ധ കേന്ദ്രീകരിച്ച് നെഗറ്റിവിറ്റി പറഞ്ഞുപരത്തുന്നത്. ആ സമയം നിങ്ങളുടെ ജീവിതത്തിൽ ശ്രദ്ധചെലുത്തി മുന്നോട്ടുളള ജീവിതം സന്തോഷമാക്കാൻ നോക്കൂ.
എല്ലാവരോടും ബഹുമാനം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ഞാൻ. സമാന്ത എന്റെ ജീവിതത്തിൽ ആരായിരുന്നുവെന്ന് എനിക്കറിയാം. അവരോട് ഒരുപാട് ബഹുമാനം എനിക്കുണ്ട്. ആ ജീവിതത്തിൽ നിന്നും പുറത്തുവന്ന്, ശക്തി വീണ്ടെടുത്ത് മറ്റൊരു സ്നേഹം കണ്ടെത്തി. ആത്മാർഥമായ രീതിയിലാണ് ഞാൻ മുന്നോട്ടു നീങ്ങിയത്.എന്റെ ജീവിതത്തിൽ മാത്രമല്ലല്ലോ ഇത്തരത്തിൽ സംഭവിച്ചിട്ടുളളത്? പിന്നെ എന്തിനാണ് എന്നെ ഒരു കുറ്റവാളിയായി എല്ലാവരും കാണുന്നത്? ഏറെ ഗുരുതരമായ കുഴപ്പം പിടിച്ച എന്തൊ ഒന്ന് ഞാൻ ചെയ്തുവെന്ന പോലെയാണ് പലരുടെയും പ്രതികരണം. ഈ വിവാഹത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും നന്മയ്ക്കുവേണ്ടിയാണ് ആ തീരുമാനം എടുത്തത്
ഏറെ ആലോചിച്ച ശേഷം എടുത്തൊരു വൈകാരിക തീരുമാനമായിരുന്നു അത്, അതും പരസ്പര ബഹുമാനത്തോടു കൂടി. ഏറെ സെൻസിറ്റിവ് ആയ വിഷയം കൂടി ആയതുകൊണ്ടാണ് ഞാനിതു പറയുന്നത്. ഒരു തകർന്ന കുടുംബത്തിൽ നിന്നാണ് ഞാനും വരുന്നത്. ഇതുപോലെയുളള പല അനുഭവങ്ങളും ഞാൻ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. ഒരു ബന്ധം തകരാൻ പോകുന്നതിനു മുമ്പ് ആയിരം തവണ ഞാൻ ചിന്തിക്കും. കാരണം അതിന്റെ പ്രത്യാഘാതങ്ങൾ അറിയാമായിരുന്നു. അങ്ങനെ ഞങ്ങൾ പരസ്പരം ആലോചിച്ച് എടുത്ത തീരുമാനമാണത്. ഇതൊരു രാത്രിയിൽ സംഭവിച്ച കാര്യമല്ല. ഇങ്ങനെ സംഭവിച്ചതിലും വിഷമമുണ്ട്. പക്ഷേ ഇതിനെല്ലാം ഒരു കാരണമുണ്ടാകും.’’–നാഗചൈതന്യയുടെ വാക്കുകൾ.