ADVERTISEMENT

പേരക്കുട്ടികളിൽ എല്ലാവരും പെൺകുട്ടികളായിപ്പോയെന്ന് വിഷമത്തോടെ പരാമർശം നടത്തിയ ചിരഞ്ജീവിക്കെതിരെ വിമർശനം കടുക്കുന്നു. വീട് ലേഡീസ് ഹോസ്റ്റൽ പോലെയാണെന്നും തന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ചെറുമകനില്ലെന്നുമായിരുന്നു ചിരഞ്ജീവി പറഞ്ഞത്. രാംചരണിന് വീണ്ടും പെൺകുട്ടിയുണ്ടാകുമോ എന്ന പേടി തനിക്കുണ്ടെന്നും ‘ബ്രഹ്‌മ ആനന്ദം’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കവെ ചിരഞ്ജീവി പറഞ്ഞു. തമാശ രൂപേണയാണ് ഇക്കാര്യം അവതരിപ്പിച്ചതെങ്കിലും താരത്തിന്റെ ഈ പരാമർശം വലിയ വിമർശനത്തിന് വഴിയൊരുക്കി.

ചിരഞ്ജീവിയുടെ വാക്കുകൾ: "ഞാന്‍ വീട്ടിലായിരിക്കുമ്പോള്‍, എനിക്ക് ചുറ്റും കൊച്ചുമക്കൾ ഓടിക്കളിക്കും. അപ്പോൾ, ഞാനൊരു ലേഡീസ് ഹോസ്റ്റല്‍ വാര്‍ഡന്‍ ആണെന്ന് തോന്നാറുണ്ട്. ചുറ്റും ലേഡീസ് മാത്രം. എപ്പോഴും രാം ചരണിനോട് പറയുന്നത്, ഇത്തവണയെങ്കിലും നമ്മുടെ പാരമ്പര്യം തുടരാന്‍ ഒരു ആണ്‍കുട്ടി ഉണ്ടാകണം എന്നാണ്. അതിനായി ഞാൻ ഏറെ ആഗ്രഹിക്കുന്നുമുണ്ട്. പക്ഷേ അവന്റെ മകള്‍ അവന്റെ കണ്ണിലെ കൃഷ്ണമണിയാണ്. അവന് വീണ്ടും ഒരു പെണ്‍കുട്ടി ഉണ്ടാകുമോ എന്ന പേടിയാണ് എനിക്ക്!"

രാം ചരണിനെ കൂടാതെ രണ്ടു പെൺമക്കളാണ് ചിരഞ്ജീവിക്കുള്ളത്. ഇവർക്കെല്ലാവർക്കും പെൺമക്കളാണ്. രാം ചരണിന് ഒന്നും സഹോദരിമാർക്ക് രണ്ടു വീതം പെൺമക്കളുണ്ട്. അഞ്ചു പേരക്കുട്ടികൾ ഉണ്ടെങ്കിലും കുടുംബത്തിന്റെ ‘പാരമ്പര്യം’ മുമ്പോട്ടു കൊണ്ടു പോകാൻ ഒരു ആൺകുട്ടി വേണമെന്നാണ് ചിരഞ്ജീവിയുടെ ആഗ്രഹം. ഇതിനെക്കുറിച്ചുള്ള തുറന്നു പറച്ചിലാണ് വ്യാപക വിമർശനത്തിന് വഴിയൊരുക്കിയത്. 

ചിരഞ്ജീവിയുടെ ചിന്താഗതി നിരാശജനകമാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. അദ്ദേഹത്തെപ്പോലെ ഒരു സെലിബ്രിറ്റി ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടി. അതേസമയം, താരത്തെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. വീട്ടിൽ നിറയെ പെൺകുട്ടികളാണെങ്കിൽ, ഒരു ആൺകുട്ടി വേണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നാണ് അവരുടെ പക്ഷം.

English Summary:

A 'sexist' comment made by actor Chiranjeevi about wanting a grandchild to carry on his family's tradition received condemnation. "I'm afraid that my son Ram Charan might have another daughter," the South megastar stated.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com